കൊച്ചി: ബി.ജെ.പി വക്താവ് സന്ദീപ് വാര്യർ ഐ.പി.എല്‍ ടീമില്‍ ഇടം നേടി. ഗൂഗിളിനു പറ്റിയൊരു ചെറിയ തെറ്റാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 13-ാം പതിപ്പിന് തയ്യാറെടുക്കുന്ന കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമിൽ സന്ദീപ് വാര്യരെ ഉൾപ്പെടുത്തിയത്. ഗൂഗിളില്‍ KKR Squad 2020, Kolkata Knight Riders players എന്നെല്ലാം സെര്‍ച്ച് ചെയ്യുമ്പോള്‍ ടീം അംഗങ്ങളുടെ പട്ടികയില്‍ സന്ദീപിനെയും കാണാം.
ബൗളർമാരുടെ പട്ടികയിലാണ് സന്ദീപിന്റെ പേര് ഗൂഗിളില്‍ സെര്‍ച്ച് ചെയ്യുമ്പോള്‍ കാണുന്നത്. ഗൂഗിള്‍ സെര്‍ച്ചില്‍ കൊല്‍ക്കത്ത ടീമിലെ മലയാളി താരം സന്ദീപ് വാര്യരുടെ സ്ഥാനത്താണ് ആളുമാറി ബി.ജെ.പി വക്താവ് ഇടംപിടിച്ചത്.ഇംഗ്ലീഷ് സ്പെല്ലിംഗ് വ്യത്യസ്തമാണെങ്കിലും മലയാളത്തില്‍ ഇരുവരുടെയും പേര് ഒരുപോലെയാണ് ഉച്ചരിക്കുക.
ഗൂഗിളിനു തെറ്റ് പറ്റിയതാണെങ്കിലും ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ഇത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ചില സ്പോര്‍ട്സ് ഗ്രൂപ്പിലും ഇത് ട്രോളായി. തന്നെ കുറിച്ചുള്ള ട്രോള്‍ സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടില്‍ സന്ദീപ് പോസ്റ്റ് ചെയ്തിട്ടുണ്ട്. സെല്‍ഫ് ട്രോള്‍ എന്ന ക്യാപ്ഷനോടെയാണ് സന്ദീപ് ചിത്രം പങ്കുവച്ചിരിക്കുന്നത്.