gavaskar

മുംബയ് : രാജ്യത്തിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് ടീം ഇക്കാലത്തേതാണെന്ന് മുൻ ഇന്ത്യൻ നായകൻ സുനിൽ ഗാവസ്കറുടെ സാക്ഷ്യപത്രം. ഒരു ഓൺലൈൻ പ്രഭാഷണ പരമ്പരയിലാണ് ഇന്ത്യ കണ്ട ഏറ്റവും മികച്ച ടെസ്റ്റ് താരങ്ങളിലൊരാളായ ഗാവസ്കർ വിരാട് കൊഹ്‌ലിയെയും സംഘത്തെയും പ്രശംസകൊണ്ട് മൂടിയത്.

മറ്റ് കാലഘട്ടങ്ങളിലെ ടീമുകളുമായി തട്ടിച്ചുനോക്കുമ്പോൾ മികച്ച പേസ് ബൗളിംഗ് നിരയുടെ സാന്നിദ്ധ്യമാണ് വിരാടിനെയും സംഘത്തെയും മികച്ചതാക്കുന്നതെന്ന് ഗാവസ്കർ ചൂണ്ടിക്കാട്ടി.മുമ്പ് ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ സ്പിന്നിനെ തുണയ്ക്കുന്ന പിച്ചുകളിൽ മാത്രമായിരുന്നു ഇന്ത്യൻ ടീമുകൾക്ക് മേൽക്കോയ്മ നേടാൻ കഴിഞ്ഞിരുന്നത്. എന്നാലിന്ന് ആസ്ട്രേലിയയിലും ഇംഗ്ളണ്ടിലും വിൻഡീസിലുമൊക്കെ വിജയങ്ങൾ നേടാൻ ഇന്ത്യയ്ക്ക് കഴിയും. പിച്ചിനും സാഹചര്യങ്ങൾക്കും അനുസരിച്ച് വിജയ പരാജയങ്ങൾ നേരിടേണ്ടി വരുന്നവരല്ല വിരാടിന്റെ കുട്ടികളെന്നും ഏത് സാഹചര്യത്തിലും ആക്രമിച്ച് കളിക്കാൻ ശേഷിയുള്ളവരാണെന്നും മുൻ നായകൻ വിലയിരുത്തി.

ബാറ്റ്സ്മാന്മാരുടെ കാര്യം പരിഗണിക്കുമ്പോൾ 1980 കളിലെ ടീമിനായിരുന്നു മേൽക്കോയ്മയെന്ന് അഭിപ്രായപ്പെട്ട ഗാവസ്കർ അന്നത്തെ ക്യാപ്ടൻമാർക്ക് ഉപയോഗിക്കാൻ കൊഹ്‌ലിക്ക് കിട്ടിയതുപോലെയുള്ള ബൗളർമാരെ ലഭിച്ചിരുന്നില്ലെന്നും പറഞ്ഞു.മത്സരത്തിലെ 20 വിക്കറ്റുകളും പിഴുതയടുക്കാൻ ശേഷിയുള്ള ബൗളർമാരെയാണ് കൊഹ്‌ലിക്ക് ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.ഇന്ത്യ നേടുന്ന റൺസിനെക്കാൾ ഒരു റൺസെങ്കിലും പിന്നിൽ എതിരാളികളെ ആൾഒൗട്ടാക്കാൻ മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ,ഇശാന്ത് ശർമ്മ,ഉമേഷ് യാദവ്,ഭുവനേശ്വർ കുമാർ എന്നീ പേസർമാരെക്കാെണ്ട് കഴിയുമെന്ന് വിലയിരുത്തിയ ഗാവസ്കർ ബാറ്റിംഗിൽ കുറച്ചുകൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തിന് കീഴിൽ ഐ.സി.സി ടെസ്റ്റ് റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തിയ ഇന്ത്യൻ ടീം കഴിഞ്ഞ വർഷം ആസ്ട്രേലിയൻ പര്യടനത്തിൽ പരമ്പര നേട്ടം കൈവരിച്ചിരുന്നു. ലോക ചാമ്പ്യൻഷിപ്പ് പോയിന്റ് പട്ടികയിൽ ഇപ്പോൾ ലീഡ് ചെയ്യുന്നതും ഇന്ത്യയാണ്.

' വിരാടിന്റെ ടീമിന് വിജയിക്കാൻ ഹോം കണ്ടീഷൻസ് തന്നെ വേണമെന്നില്ല. ഏത് സാഹചര്യത്തിലും പോരാടി ജയിക്കാൻ മനസുറപ്പുള്ളതാണ് ഇപ്പോഴത്തെ ഇന്ത്യൻ ടെസ്റ്റ് ടീം.

- സുനിൽ ഗാവസ്കർ