icc-hall-of-fame

ദുബായ് : വിഖ്യാത ദക്ഷിണാഫ്രിക്കൻ ആൾറൗണ്ടർ ജാക്ക് കാലിസിനെയും പാകിസ്ഥാനി ബാറ്റിംഗ് ഇതിഹാസം സഹീർ അബ്ബാസിനെയും മുൻ ആസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം ക്യാപ്ടൻ ലിസ സ്തലേക്കറിനെയും ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ ഹാൾ ഒാഫ് ഫെയിമിൽ ഉൾപ്പെടുത്തി.

1995 മുതൽ 2014 വരെയുള്ള കാലയളവിൽ ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച കാലിസ് 166 ടെസ്റ്റുകളിലും 328 ഏകദിനങ്ങളിലും 25 ട്വന്റി-20 കളിലും കളിച്ചു.ടെസ്റ്റിലും (13289) ഏകദിനത്തിലും (11579) ഏറ്റവും കൂടുതൽ റൺസ് നേടിയ ദക്ഷിണാഫ്രിക്കൻ താരമാണ് കാലിസ്. 292,273 വിക്കറ്റുകൾ വീതം യഥാക്രമം ടെസ്റ്റിലും ഏകദിനത്തിലുമായി വീഴ്ത്തിയിട്ടുണ്ട്. രണ്ട് ഫോർമാറ്റുകളിലും 10000 റൺസും 250 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുള്ള ഏകതാരവും കാലിസ് തന്നെ.

ഐ.സി.സി ഹാൾ ഒഫ് ഫെയിമിൽ ഇടം പിടിക്കുന്ന നാലാമത്തെ ദക്ഷിണാഫ്രിക്കൻ താരമാണ് കാലിസ്.

പാകിസ്ഥാന് വേണ്ടി 78 ടെസ്റ്റുകളും 62 ഏകദിനങ്ങളും കളിച്ച താരമാണ് സഹീർ അബ്ബാസ്. ടെസ്റ്റിൽ 5062 ഏകദിനത്തിൽ 2572 എന്നിങ്ങനെയാണ് റൺ സമ്പാദ്യം. ഏഷ്യൻ ബ്രാഡ്മാൻ എന്ന വിളിപ്പേര് സഹീർ അബ്ബാസിന് ലഭിച്ചിട്ടുണ്ട്.
എട്ട് ടെസ്റ്റുകളിലും 125 ഏകദിനങ്ങളിലും 54 ട്വന്റി -20 കളിലും ആസ്ട്രേലിയയെ പ്രതിനിധീകരിച്ച താരമാണ് സ്തലേക്കർ.

93 മുൻകാല ക്രിക്കറ്റ് താരങ്ങളെയാണ് ഇതുവരെ ഐ.സി.സി. ഹാൾ ഒഫ് ഫെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.