ന്യൂഡൽഹി:രാജ്യത്ത് 73 ദിവസത്തിനകം കൊവിഡ് വാക്‌സിൻ ലഭ്യമാക്കുമെന്ന റിപ്പോർട്ടുകൾ വ്യാജമാണെന്ന് മരുന്നുകമ്പനിയായ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. ഓക്‌സ്ഫോർഡ് സർവകലാശാലയും ആസ്ട്ര സെനേകയും ചേർന്ന് വികസിപ്പിച്ച കൊവിഡ് വാക്‌സിനായ കോവിഷീൽഡ് ഇന്ത്യയിൽ നിർമ്മിക്കുന്നതും ക്ലിനിക്കൽ പരീക്ഷണം നടത്തുന്നതും സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിലാണ്.
വാക്സിൻ 73 ദിവസത്തിനകം ഇന്ത്യയിൽ ലഭ്യമാക്കുമെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് കൊണ്ടുളള റിപ്പോർട്ടുകളാണ് പുറത്തുവന്നത്. ഇക്കാര്യം നിഷേധിച്ച കമ്പനി റിപ്പോർട്ട് ഊഹാപോഹത്തിന്റെ അടിസ്ഥാനത്തിലാണെന്നും വ്യക്തമാക്കി.
കോവിഷീൽഡ് ഉത്‌പാദിപ്പിക്കാനുളള അനുമതി മാത്രമാണ് പൂനെ കേന്ദ്രമായി പ്രവർത്തിക്കുന്ന സെറം കമ്പനിക്ക് കേന്ദ്രത്തിൽ നിന്ന് ലഭിച്ചത്. വാക്‌സിൻ സ്‌റ്റോക്ക് ചെയ്യാനും അനുവദിച്ചിട്ടുണ്ട്. വാക്‌സിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയാൽ കോവിഷീൽഡിന്റെ വാണിജ്യാടിസ്ഥാനത്തിലുളള ഉത്പാദനം കമ്പനി ആരംഭിക്കും. എന്നാൽ വിവിധ അനുമതികൾക്ക് വിധേയമായി മാത്രമേ മരുന്ന് വിപണിയിൽ എത്തിക്കുകയുളളൂവെന്നും കമ്പനി വ്യക്തമാക്കി. വാക്‌സിൻ ഫപ്രദമാണെന്ന് തെളിഞ്ഞാൽ മാത്രമേ വാക്‌സിന്റെ ലഭ്യത ഉറപ്പുവരുത്തുകയുളളൂവെന്നും സെറം വ്യക്തമാക്കി.
നിലവിൽ വാക്‌സിൻ പരീക്ഷണത്തിന്റെ രണ്ടും മൂന്നും ഘട്ടങ്ങൾക്കായി ക്ലിനിക്കൽ ട്രയൽസ് രജിസ്ട്രറി ഓഫ് ഇന്ത്യയിൽ കമ്പനി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ രണ്ടു ഘട്ടങ്ങളിലുളള പരീക്ഷണത്തിന് ഓഗസ്റ്റ് മൂന്നിന് ഡ്രഗ്‌സ് കൺട്രോളർ കമ്പനിക്ക് അനുമതി നൽകിയിട്ടുണ്ട്. ആരോഗ്യമുളള 1600 ആളുകളിൽ വാക്‌സിൻ പരീക്ഷണം നടത്തുമെന്നും കമ്പനി അറിയിച്ചു.