ന്യൂഡൽഹി: ബോളിവുഡ് സിനിമയെ വെല്ലുന്ന കവർച്ചയാണ് സെൻട്രൽ ഡൽഹിയിലെ ചാന്ദ്നി മഹലിലെ സ്വർണാഭരണക്കടയിൽ അരങ്ങേറിയത്. 'പർദ്ദയും ഡമ്മി പിസ്റ്റളും' ഉപയോഗിച്ച് ബാങ്ക് അധികൃതരെ കബളിപ്പിക്കാൻ ജുവലറി ഉടമ, സ്വന്തം കടയിൽ നടത്തിയ 'മോഷണനാടകം' അതിവിദഗ്ദ്ധമായി പൊലീസ് പൊളിച്ചടുക്കി. ഇതോടെ ഉടമയും രണ്ട് സഹായികളും അറസ്റ്റിലായി.
പർദ ധരിച്ചെത്തിയ സ്ത്രീ ജുവലറിയിൽനിന്ന് 2.6 കിലോ സ്വർണം മോഷ്ടിച്ചെന്ന ഫോൺ സന്ദേശം വെള്ളിയാഴ്ചയാണ് പൊലീസിന് ലഭിക്കുന്നത്. പൊലീസ് ഉടൻ സ്ഥലത്തെത്തി. ജുവലറി ഉടമ അഭിജിത്ത് സാമന്തയോട് വിവരങ്ങൾ ആരാഞ്ഞു.
മറ്റ് ജുവലറികൾക്കും സ്വർണാഭരണങ്ങൾ വിതരണം ചെയ്യുന്നയാളാണ് അഭിജിത്ത്. രാത്രി 8.35 ഓടെ പർദ ധരിച്ച സ്ത്രീ തന്റെ ഓഫീസിലെത്തി തോക്കുചൂണ്ടി 50,000 രൂപയും ലോക്കറിന്റെ താക്കോലുകളും പിടിച്ചുവാങ്ങിയെന്ന് അയാൾ പൊലീസിനോട് പറഞ്ഞു. പിന്നീട് അവർ തന്റെ കൈയ്യും കാലും കെട്ടിയിടുകയും വായിൽ തുണി തിരുകുകയും ചെയ്തു. അതിനുശേഷം ലോക്കർ തുറന്ന് 1.6 കിലോഗ്രാം തൂക്കംവരുന്ന സ്വർണാഭരണങ്ങളും ഒരു കിലോ തൂക്കമുള്ള സ്വർണക്കട്ടിയും അപഹരിച്ച് കടന്നു കളഞ്ഞുവെന്നാണ് ജുവലറി ഉടമ പൊലീസിനോട് പറഞ്ഞത്.
ചാന്ദ്നി മഹൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. എന്നാൽ ജുവലറി ഉടമയുടെ മൊഴിയിലെ വൈരുദ്ധ്യം പൊലീസ് ശ്രദ്ധിച്ചിരുന്നു. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതോടെ സംശയം ബലപ്പെട്ടു. തുടർന്ന് ജുവലറി ഉടമയെ ആറ് മണിക്കൂറോളം ചോദ്യം ചെയ്തപ്പോഴാണ് കവർച്ചാ നാടകം താൻ തന്നെയാണ് ആസൂത്രണം ചെയ്തതെന്ന് പൊലീസിനോട് സമ്മതിച്ചത്.
സ്വന്തം ജുവലറിയിലുള്ള സ്വർണാഭരണങ്ങൾ പണയപ്പെടുത്തി മൂന്ന് ബാങ്കുകളിൽനിന്ന് വായ്പ എടുത്തിരുന്നുവെന്ന് അഭിജിത്ത് പൊലീസിനോട് പറഞ്ഞു. ജുവലറിയിൽ കവർച്ച നടന്നുവെന്ന് ബാങ്ക് അധികൃതരെ തെറ്റിദ്ധരിപ്പിച്ച് വായ്പയിൽ ഇളവ് നേടുകയായിരുന്നു ലക്ഷ്യം. യഥാർത്ഥ സ്വർണാഭരണങ്ങളും സ്വർണക്കട്ടിയും തോക്കുമല്ല കവർച്ചാ നാടകത്തിന് ഉപയോഗിച്ചത്. ഫർഹാൻ എന്ന സഹായിയാണ് കളിത്തോക്ക് സംഘടിപ്പിച്ചത്. മുന്ന എന്നയാൾ പർദ ധരിച്ച് കവർച്ചക്കാരനായി എത്തുകയും ചെയ്തു.