dd

ന്യൂഡൽഹി: കഴിഞ്ഞ ദിവസം ഡൽഹിയിൽ അറസ്റ്റിലായ യു.പി സ്വദേശിയായ ഐ.എസ് ഭീകരൻ മുഹമ്മദ് മുസ്താകീമെന്ന അബു യൂസഫ് ഖാന്റെ വീട്ടിൽ ഡൽഹി സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥർ നടത്തിയ റെയ്ഡിൽ 15 കിലോ വീതം സ്‌ഫോടക വസ്തുക്കൾ നിറച്ച് ഐ.ഇ.ഡികളാക്കി (improvised explosive device) മാറ്റിയ രണ്ടു പ്രഷർ കുക്കറുകളും, ഒരു കൈത്തോക്കും, ചാവേർ സ്ഫോടനത്തിന് ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കൾ നിറച്ച ജാക്കറ്റും ഐ.എസ് പതാകയും ഭീകരഗ്രൂപ്പുമായി ബന്ധപ്പെട്ട രേഖകളും കണ്ടെത്തി.

സ്‌പെഷ്യൽ സെൽ ഉദ്യോഗസ്ഥരുടെ സംഘം കഴിഞ്ഞദിവസം ഇയാളുടെ നാടായ ബൽറാംപൂരിലെത്തി ഗ്രാമവാസികളെ മുഴുവൻ ചോദ്യം ചെയ്തു. ഗ്രാമത്തിലെ ശ്‌മശാനത്തിൽ ഐ.ഇ.ഡി ഉപയോഗിച്ച് ഇയാൾ പരീക്ഷണം നടത്തിയതായി സംശയിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ഡൽഹിയിലെ ചില ഭാഗങ്ങളിൽ തെരച്ചിൽ നടത്താനായി എൻ.എസ്.ജി കമാൻഡോകളെയും ബോംബ് ഡിസ്‌പോസൽ സ്‌ക്വാഡിനേയും നിയോഗിച്ചിട്ടുണ്ട്.

'ഞങ്ങൾ ഇയാളെ നിരീക്ഷിച്ച് വരികയായിരുന്നു. ഇയാൾക്ക് ഐ.എസ് കമാൻഡർമാരുമായി നേരിട്ട് ബന്ധമുളളതായും കണ്ടെത്തി.' -ഡി.സി.പി പറഞ്ഞു. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.