ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ദ്രവീകൃത പ്രകൃതിവാതക (എൽ.എൻ.ജി) ഇറക്കുമതി കമ്പനിയായ പെട്രോനെറ്റ് എൽ.എൻ.ജിയുടെ സി.ഇ.ഒയും മാനേജിംഗ് ഡയറക്ടറുമായ പ്രഭാത് സിംഗ് കഴിഞ്ഞ സാമ്പത്തിക വർഷം (2019-20) നേടിയത് 27 ശതമാനം ശമ്പള വർദ്ധന. പെട്രോനെറ്റിന്റെ തലപ്പത്ത് അടുത്തമാസം അഞ്ചുവർഷം പൂർത്തിയാക്കുന്ന പ്രഭാത് സിംഗ്, 1.8 കോടി രൂപയുടെ വേതനമാണ് കഴിഞ്ഞവർഷം നേടിയത്.
ഗെയിൽ, ഒ.എൻ.ജി.സി എന്നിങ്ങനെ ഈ രംഗത്തെ സമാന പൊതുമേഖലാ സ്ഥാപനങ്ങളുടെ സി.ഇ.ഒമാരേക്കാൾ ഉയർന്ന വേതനമാണിത്.
ഇതിൽ 22.5 ലക്ഷം രൂപ കമ്മിഷനാണ്. സ്വകാര്യ കമ്പനിയായാണ് രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും കേന്ദ്രസർക്കാരിന്റെ നിയന്ത്രണം പെട്രോനെറ്റിനുമേലുണ്ട്. കേന്ദ്ര പെട്രോളിയം സെക്രട്ടറിയാണ് കമ്പനിയുടെ തലവൻ.
2018-19ൽ സിംഗിന്റെ വേതനം 1.4 കോടി രൂപയായിരുന്നു. 2015ൽ സി.ഇ.ഒയായി സ്ഥാനമേറ്റ അദ്ദേഹം, ആ വർഷം വാങ്ങിയത് 40.4 ലക്ഷം രൂപയാണ്; തൊട്ടടുത്തവർഷം 1.08 കോടി രൂപയും നേടി.
പ്രഭാത് സിംഗ് (63) വിരമിക്കാറായ പശ്ചാത്തലത്തിൽ പുതിയ സി.ഇ.ഒയ്ക്കുള്ള അന്വേഷണം പെട്രോനെറ്റ് ആരംഭിച്ചിട്ടുണ്ട്. പുതിയ ചട്ടപ്രകാരം 48-60 വയസിനിടയിൽ പ്രായമുള്ളവർക്കാണ് പദവി വഹിക്കാനാവുക.