england-cricket

സതാംപ്ടൺ : മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ 583/8 എന്ന കൂറ്റൻ സ്കോറിന് ഒന്നാം ഇന്നിംഗ്സ് ഡിക്ളയർ ചെയ്ത ഇംഗ്ളണ്ടിനെതിരെ പാകിസ്ഥാൻ പതറുന്നു. മൂന്നാം ദിവസം ഒടുവിൽ വിവരം ലഭിക്കുമ്പോൾ 260/8 എന്ന നിലയിലാണ് സന്ദർശകർ.

ഇരട്ട സെഞ്ച്വറി നേടിയ സാക്ക് ക്രാവ്‌ലിയുടെയും (267) സെഞ്ച്വറി നേടിയ ജോസ് ബട്ട്‌ലറുടെയും (152) മികവിലാണ് ആതിഥേയർ കൂറ്റൻ സ്കോറിലെത്തിയത്. 393 പന്തുകൾ നേരിട്ട ക്രാവ്‌ലി 34 ഫോറുകളുടെയും ഒരു സിക്സിന്റെയും അകമ്പടിയോടെയാണ് തന്റെ കരിയറിലെ ഏറ്റവും ഉയർന്ന സ്കോർ നേടിയത്. ബട്ട്‌ലർ 311പന്തുകൾ നേരിട്ട് 13 ബൗണ്ടറികളും രണ്ട് സിക്സും പറത്തി. ഇരുവരും ചേർന്ന് അഞ്ചാം വിക്കറ്റിൽ 359 റൺസിന്റെ റെക്കാഡ് കൂട്ടുകെട്ടും പടുത്തുയർത്തി.

മറുപടിക്കിറങ്ങിയ പാകിസ്ഥാന് 75 റൺസെടുക്കുന്നതിനിടെയാണ് ആദ്യ അഞ്ചുവിക്കറ്റുകൾ നഷ്ടമായത്. ഷാൻ മസൂദ്(4),ആബിദ് അലി(1),ബാബർ അസം(11),ആസാദ് ഷഫീഖ്(5),ഫവാദ് ആലം (21) എന്നിവരാണ് തുടക്കത്തിലേ പുറത്തായത്. ജെയിംസ് ആൻഡേഴ്സണാണ് നാല് വിക്കറ്റുകൾ വീഴ്ത്തിയത്.129 റൺസുമായി നിൽക്കുന്ന നായകൻ അസ്ഹർ അലിയാണ് ചെറുത്ത് നിൽപ്പ് നടത്തിയത്. മുഹമ്മദ് റിസ്വാൻ (53), യാസിർ ഷാ (20) എന്നിവരെക്കൂട്ടുപിടിച്ചായിരുന്നു നായകന്റെ പൊരുതൽ. രണ്ട് വിക്കറ്റ് വീഴ്ത്തി ബ്രോഡും ഒാരോ വിക്കറ്റുമായി വോക്സും ബെസും ആൻഡേഴ്സണൊപ്പം അപകടം വിതച്ചു.