soniya-rahul

ന്യൂഡൽഹി: കോൺഗ്രസിനെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തിക്കൊണ്ട്,​ ഇടക്കാല അദ്ധ്യക്ഷ സ്ഥാനത്തു തുടരുന്നതിൽ അതൃപ്തി അറിയിക്കാൻ സോണിയയെ പ്രേരിപ്പിച്ചത്,​ തന്റെ നേതൃത്വം ചോദ്യംചെയ്ത് മുതിർന്ന നേതാക്കൾ ഉൾപ്പെടെ ഒപ്പിട്ടു നൽകിയ കത്ത്.

നേതൃത്വത്തിലെ അനിശ്‌ചിതത്വം പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കുകയും പാർട്ടിയെ ദുർബലമാക്കുകയും ചെയ്തെന്ന് ആരോപിക്കുന്ന കത്ത്,​ മോദി സർക്കാരിനെതിരെ പൊതുവികാരം രൂപപ്പെടുത്താൻ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്ന് കുറ്റപ്പെടുത്തുന്നു. നേതൃമാറ്റം ആവശ്യപ്പെട്ട് നൂറു നേതാക്കൾ സോണിയയ്‌ക്ക് കത്തയച്ചെന്ന് മുൻ പാർട്ടി വക്താവ് സഞ്ജയ് ഝാ കഴിഞ്ഞ ദിവസം പറഞ്ഞത് പാർട്ടി നിഷേധിച്ചിരുന്നു. ഇതിനു പിറകെയാണ് പ്രമുഖ നേതാക്കൾ രണ്ടാഴ്‌ച മുമ്പ് അയച്ചതെന്നു കരുതുന്ന കത്ത് പുറത്തായത്.

യുവാക്കൾ ഉൾപ്പെടെ വോട്ട് ബാങ്കിൽ വലിയ വിഭാഗം ചോരുന്നത് നേതൃത്വത്തിന്റെ പരാജയമാണ്.

പാർട്ടി വിട്ടവരെ തിരിച്ചുകൊണ്ടുവരാനും പ്രതിപക്ഷത്തെ ഒന്നിച്ചു നിറുത്താനും കഴിയണം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം ഒരുവർഷം പാർട്ടിക്കു സംഭവിച്ച അപചയങ്ങളെക്കുറിച്ച് സത്യസന്ധമായ വിലയിരുത്തൽ പോലുമുണ്ടായില്ലെന്നും കത്ത് ചൂണ്ടിക്കാട്ടുന്നു.

പ്രവർത്തക സമിതി യോഗങ്ങൾ വെറും ചടങ്ങായി മാറുന്നുവെന്ന് ആക്ഷേപിക്കുന്ന കത്തിൽ,​ അദ്ധ്യക്ഷയുടെ പ്രസംഗത്തിനും അനുശോചനങ്ങൾക്കുമപ്പുറം പാർട്ടി നയരൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകളൊന്നും യോഗത്തിൽ നടക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. എൻ.എസ്.യു- ഐയിലും മറ്റ് യുവജന സംഘടനകളിലും നടത്തിയ തിരഞ്ഞെടുപ്പ് പരിഷ്‌കാരങ്ങൾ തിരിച്ചടിയായെന്ന്,​ രാഹുലിന്റെ പേര് പരാമർശിക്കാതെ നേതാക്കൾ കുറ്റപ്പെടുത്തുന്നു. അതേസമയം,​ സോണിയാ ഗാന്ധിയുടെ നേതൃത്വവും രാഹുൽ ഗാന്ധിയുടെ സംഭാവനകളും വലുതാണെന്നും,​ ആര് നേതൃത്വം നൽകിയാലും നെഹ്‌റു- ഗാന്ധി കുടുംബങ്ങൾ കോൺഗ്രസിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും കത്ത് തുടരുന്നു.

നേതാക്കളുടെ കമന്റ്:

 പാർട്ടിയെ ദ്രോഹിച്ചവർ കൂടി ചേർന്നു നൽകിയ കത്തിൽ ദുരൂഹതയുണ്ട്. പ്രതിസന്ധി ഘട്ടങ്ങളിൽ പാർട്ടിയെ നയിച്ച സോണിയ അദ്ധ്യക്ഷസ്ഥാനത്ത് തുടരണം:

- അശ്വിനി കുമാർ

മുൻ കേന്ദ്രമന്ത്രി

 രാഹുൽ അദ്ധ്യക്ഷസ്ഥാനം മേറ്റെടുക്കണം. അദ്ദേഹമാണ് പാർട്ടിയിൽ ഏറ്റവും യോഗ്യൻ

- ഭൂപേഷ് ഭാഗൽ

ഛത്തീസ്ഗഢ് മുഖ്യമന്ത്രി

 സോണിയയുടെ നേതൃത്വം അനിവാര്യമാണ്. രാഹുലും യോഗ്യൻ. ഗാന്ധി കുടുംബത്തെ തള്ളാനാകില്ല:

- ക്യാപ്ടൻ അമരീന്ദർ സിംഗ്

പഞ്ചാബ് മുഖ്യമന്ത്രി

 അദ്ധ്യക്ഷനെ ധാരണകളിലൂടെ തിരഞ്ഞെടുക്കാം. തിരഞ്ഞെടുപ്പ് ആവശ്യമില്ല.

- സൽമാൻ ഖുർഷിദ്

പ്രവർത്തക സമിതി അംഗം

കത്തിനു പിന്നിലെ

23 നേതാക്കൾ

എം.പി. മാരായ ഗുലാംനബി ആസാദ്, ആനന്ദ് ശർമ്മ, കപിൽ സിബൽ, മനീഷ് തിവാരി, വിവേക് താങ്ക, എ.ഐ.സി.സി നേതാക്കളായ മുകുൾ വാസ്‌നിക്, ജിതിൻ പ്രസാദ, മുൻ മുഖ്യമന്ത്രിമാരായ ഭൂപീന്ദർ സിംഗ് ഹൂഡ, രാജേന്ദർ കൗർ ഭട്ടൽ, വീരപ്പ മൊയ്‌ലി, പൃഥ്വിരാജ് ചവാൻ, അജയ് സിംഗ്, മുൻ കേന്ദ്രമന്ത്രിമാരായ രേണുകാ ചൗധരി, മിലിന്ദ് ദിയോറ, മുൻ പി.സി.സി അദ്ധ്യക്ഷന്മാരായ രാജ് ബബാർ, അരവിന്ദ് സിംഗ് ലവ്‌ലി, കൗൾ സിംഗ് താക്കൂർ, ബീഹാർ തിരഞ്ഞെടുപ്പ് പ്രചാരണ ചുമതലയുള്ള അഖിലേഷ് പ്രസാദ് സിംഗ്, മുൻ സ്‌പീക്കർമാരായ കുൽദീപ് ശർമ്മ, യോഗാനന്ദ് ശാസ്‌ത്രി, മുൻ എം.പി സന്ദീപ് ദീക്ഷിത് , കേരളത്തിൽ നിന്ന് ശശി തരൂർ എംപി, മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷൻ പി.ജെ. കുര്യൻ.

സോണിയയെ പിന്തുണച്ച് എം.കെ. രാഘവന്റെ കത്ത്

ന്യൂഡൽഹി: പാർട്ടിയെ പ്രതിസന്ധികളിൽ നയിച്ച സോണിയ ഗാന്ധിക്ക് എല്ലാ പിന്തുണയും വാഗ്‌ദാനം ചെയ്ത് കോഴിക്കോട് എം.പി എം.കെ രാഘവൻ കത്തയച്ചു. പാർട്ടിക്ക് വേണ്ടി ഏറെ ത്യാഗങ്ങൾ സഹിച്ച സോണിയയുടെ നേതൃത്വത്തിൽ പൂർണ വിശ്വാസം രേഖപ്പെടുത്തുന്നു. സോണിയയും രാഹുലും പാർട്ടിക്ക് നൽകിയ സംഭാവനകൾ മറക്കാൻ കഴിയില്ല. സോണിയയുടെയും രാഹുലിന്റെയും കൈകളിൽ പാർട്ടി സുരക്ഷിതമാണെന്നും എം.കെ രാഘവൻ പറയുന്നു.