അമൃത്സർ: പഞ്ചാബിനെ സ്വതന്ത്രരാജ്യമാക്കണമെന്നും ഇതിനായി സംസ്ഥാനത്ത് റഫറണ്ടം നടത്തണമെന്നും ആവശ്യപ്പെട്ട് സുവർണക്ഷേത്രത്തിൽ പ്രാർത്ഥന നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ പ്രാർത്ഥന സംഘടിപ്പിച്ച് അതിന്റെ വീഡിയോ പുറത്തു വിട്ട സിഖ് മതപണ്ഡിതനായ ഗുർമീത് സിംഗിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രാർത്ഥന നടത്തിയാൽ അയ്യായിരം ഡോളർ പ്രതിഫലം ലഭിക്കുമെന്ന ഖാലിസ്ഥാൻ സംഘടനയുടെ വാഗ്ദാന പ്രകാരമാണ് പ്രാർത്ഥന നടത്തിയതെന്ന് ഗുർമീത് പൊലീസിനോട് പറഞ്ഞു. യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഖാലിസ്ഥാൻ അനുകൂല സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസ് ആഗസ്റ്റ് 23ന് അകാൽ തഖ്തിൽ വച്ച് ഖാലിസ്ഥാന് വേണ്ടി പ്രാർത്ഥന നടത്തുന്നവർക്ക് അയ്യായിരം ഡോളർവീതം വാഗ്ദാനം ചെയ്തെന്ന റിപ്പോർട്ടിന് പിന്നാലെയാണിത്. പ്രത്യേക സിഖ് രാജ്യം സ്ഥാപിക്കാനായി 'റെഫറണ്ടം 2020" എന്ന പേരിൽ വലിയ പ്രചാരണവും എസ്.എഫ്.ജെ നടത്തുന്നുണ്ട്. ഖാലിസ്ഥാൻ പതാക ഉയർത്തുന്നതിനും പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിനും സിഖ്സ് ഫോർ ജസ്റ്റിസ് തലവൻ ഗുർപത്‌വന്ത് സിംഗ് പന്നു മുമ്പും പണം വാഗ്ദാനം ചെയ്തിട്ടുണ്ട്.