മുംബയ്: നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉറ്റ സുഹൃത്ത് സിദ്ധാർത്ഥ് പത്താനി, ജോലിക്കാരൻ നീരജ് എന്നിവരെ സി.ബി.ഐ ചോദ്യം ചെയ്തു. ഇരുവരും സുശാന്തിന്റെ മരണസമയത്ത് വീട്ടിലുണ്ടായിരുന്നവരാണ്.
കൂടാതെ സുശാന്തിന്റെ വീട്ടിൽ രണ്ടു തവണ സി.ബി.ഐ സംഘമെത്തി പരിശോധന നടത്തി. ബോളിവുഡ് നടനായ ശേഷമുള്ള സുശാന്തിന്റെ ജീവിത രീതികളെക്കുറിച്ചും സി.ബി.ഐ അന്വേഷിക്കുന്നുണ്ട്. അതിനു ശേഷമാകും താരത്തിന്റെ മുൻ കാമുകി റിയ ചക്രബർത്തിയെ ചോദ്യം ചെയ്യുക.
സുശാന്തിന്റെ ഉറ്റ സുഹൃത്തെന്ന പറയുന്ന സംവിധായകൻ സന്ദീപ് എസ്. സിംഗിനെതിരെ താരത്തിന്റെ മുൻ സഹപ്രവർത്തകൻ കൂടിയായ നടൻ ദീപക് ക്വാസിർ കെജ്‌രിവാൾ രംഗത്തെത്തി. സുശാന്തിന്റെ ശ്രദ്ധേയ പരമ്പരയായ പവിത്ര റിഷ്തയിൽ അച്ഛനായി അഭിനയിച്ച താരമാണ് ദീപക്. ഒരിക്കൽ പോലും സുശാന്ത് സന്ദീപിന്റെ പേര് പറയുന്നത് കേട്ടിട്ടില്ലെന്നാണ് ദീപകിന്റെ വെളിപ്പെടുത്തൽ. സുശാന്തിന്റെ മരണസമയത്ത് സന്ദീപ് കയറിപ്പറ്റുകയായിരുന്നുവെന്നും ദീപക് ആരോപിക്കുന്നുണ്ട്.
സുശാന്തിന്റെ മൃതദേഹം കണ്ട് മോർച്ചറിയിൽ നിന്നിറങ്ങി വന്ന സന്ദീപ് മുംബയ് പൊലീസിന് നേരെ തംസ് അപ് കാണിക്കുന്ന വീഡിയോ വിവാദമായിരുന്നു. സന്ദീപിനൊപ്പം റിയയുമുണ്ടായിരുന്നു. സംഭവത്തിൽ സുശാന്തിന്റെ ആരാധകരും അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ദാരുണ മരണം സംഭവിച്ചിരിക്കുന്ന വേളയിൽ ഒരു മനുഷ്യനും ഇത്തരത്തിൽ പ്രവർത്തിക്കില്ലെന്നാണ് പലരുടെയും അഭിപ്രായം. ഇതിൽ നിന്ന് സുശാന്തിന്റെ മരണത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടെന്നത് വ്യക്തമാണെന്ന അഭിപ്രായവും ഉയർന്നുവരുന്നുണ്ട്.