ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര വിധിയുമായി ബന്ധപ്പെട്ട് ബോളിവുഡ് നടി സ്വര ഭാസ്‌കർ നടത്തിയ വിവാദ പരാമർശത്തിൽ കോടതിയലക്ഷ്യ ഹർജി നൽകാൻ കഴിയില്ല. മുംബയിൽ നടന്ന ഒരു ചടങ്ങിനിടെ സ്വര ഭാസ്‌കർ നടത്തിയ അഭിപ്രായ പ്രകടനത്തിൽ മേൽ ഹർജി നൽകാനുള്ള അഭിഭാഷകന്റെ അനുമതി അറ്റോർണി ജനറൽ തടഞ്ഞതിനെ തുടർന്നാണിത്.
കോടതിയലക്ഷ്യ ഹർജി സുപ്രീം കോടതിയിൽ നൽകണമെങ്കിൽ അറ്റോർണി ജനറലിന്റെ അനുമതി ആവശ്യമാണ്. പ്രശസ്തമായ ഒരു ശ്ളോകമാണ് വിധി വന്ന 2019 നവംബർ 9ന് സ്വര ട്വീറ്റ് ചെയ്തത്. അതിന് പിന്നാലെയായിരുന്നു ചടങ്ങിൽ നടിയുടെ അഭിപ്രായ പ്രകടനം. നടിയുടെ അഭിപ്രായ പ്രകടനം സ്വന്തം കാഴ്ചപ്പാടാണെന്നും അത് ജുഡിഷ്യറിയെയോ കോടതിയെയോ അപകീർത്തിപ്പെടുത്തുന്നില്ലെന്നുമാണ് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാൽ പറയുന്നത്.