gogoi

ന്യൂഡൽഹി: കോണ്‍ഗ്രസ് നേതാവ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി മുന്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ്. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി രാഷട്രീയക്കാരനല്ലെന്നും തനിക്ക് അങ്ങനെ ഒരു മോഹമോ ലക്ഷ്യമോ ഇല്ലെന്നുമാണ് അദ്ദേഹം ഇപ്പോൾ പ്രസ്താവന നടത്തിയിരിക്കുന്നത്. മത്സരിക്കാൻ ആരും തന്നോട് നിർദ്ദേശിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗൊഗൊയ് വ്യക്തമാക്കിയിട്ടുണ്ട്.

നോമിനേറ്റ് ചെയ്യപ്പെട്ട രാജ്യസഭാംഗവും ഒരു രാഷ്ട്രീയ പാർട്ടിയിൽപ്പെട്ട നോമിനിയും തമ്മിലുള്ള വ്യത്യാസം ആളുകൾ മനസിലാക്കാതെ പോകുന്നത് നിർഭാഗ്യകരമാണെന്നും അദ്ദേഹം പറയുന്നു. താൻ രാജ്യ സഭാ നോമിനി ആകാൻ തീരുമാനിച്ചത് വിവിധ വിഷയങ്ങളെ കുറിച്ചുള്ള തന്റെ നിലപാടുകളെ കുറിച്ച് സ്വതന്ത്രമായി സംസാരിക്കാനാണ്. അതിനർത്ഥം താൻ ഒരു രാഷ്ട്രീയക്കാരനാണ് എന്നല്ല. ഗൊഗോയ് പറയുന്നു.

അസം തെരഞ്ഞെടുപ്പില്‍ രഞ്ജൻ ഗൊഗോയ് ബി.ജെ.പി.യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് തരുൺ ഗൊഗോയ് പറഞ്ഞിരുന്നു. രഞ്ജന്‍ ഗൊഗൊയ് ബി.ജെ.പിയുടെ പരിഗണനാ പട്ടികയിലുണ്ടെന്നും വിശ്വസനീയമായ കേന്ദ്രത്തില്‍ നിന്നാണ് വിവരം ലഭിച്ചതെന്നുമുള്ള ആഗസ്റ്റ് 22ന് മുന്‍ അസം മുഖ്യമന്ത്രി തരുണ്‍ ഗൊഗൊയി പറഞ്ഞിരുന്നു.

അതേസമയം പ്രസ്താവന പരിഹാസ്യമാണെന്നും അര്‍ഥശൂന്യമായ ആളുകളുടെ ജല്‍പനമായി മാത്രമേ അദ്ദേഹത്തിന്‍റെ പ്രസ്താവനയെ കാണുന്നുള്ളു എന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് രാജ്‌നീത് കുമാര്‍ ദാസ് തരുണ്‍ ഗൊഗോയിയുടെ പ്രസ്താവനയോട് പ്രതികരിച്ചത്. രഞ്ജന്‍ ഗൊഗൊയ് നിലവില്‍ രാജ്യസഭാംഗമാണ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഒരാള്‍ രാജ്യസഭയിലേക്ക് ആദ്യമായാണ് നോമിനേറ്റ് ചെയ്യപ്പെട്ടത്.