ലക്നൗ: ആഗ്രയിലെ ബറോളി ആഹിർ ബ്ലോക്കിൽ അഞ്ച് വയസുകാരി പട്ടിണി കിടന്ന് മരിച്ച സംഭവത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
നാഗ്ല വിധിചന്ദ് ഗ്രാമത്തിൽ താമസിക്കുന്ന ഷീലാ ദേവിയുടെ മകളാണ് മരിച്ചത്. ഒരു മാസമായി ജീവിക്കാൻ ബുദ്ധിമുട്ടുന്ന ഷീലയുടെ കുടുംബം കഴിഞ്ഞ ഒരാഴ്ചയായി പട്ടിണിയായിരുന്നുവെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
വെള്ളിയാഴ്ചയാണ് അഞ്ച് വയസുകാരി മരിച്ചത്. തനിക്ക് ഒരു ജോലി കണ്ടെത്താൻ കഴിയാഞ്ഞതിനാലാണ് മകൾക്ക് ഈ ഗതി വന്നതെന്ന് ഷീലാ ദേവി പറഞ്ഞു. 'അവൾക്ക് ഭക്ഷണം നൽകാൻ എനിക്ക് കഴിഞ്ഞില്ല. അതേത്തുടർന്ന് അവളുടെ ആരോഗ്യം മോശമായി. അതിനിടെ, പനികൂടി വന്നതോടെ അവൾ മരിച്ചു' - അവർ കൂട്ടിച്ചേർത്തു. അധികൃതരൊന്നും തിരിഞ്ഞുനോക്കിയില്ലെന്നും പ്രാദേശിക ഭരണകൂടം സഹായം വാഗ്ദാനംചെയ്ത് എത്തിയത് ശനിയാഴ്ച ആണെന്നും അയൽവാസികൾ പറഞ്ഞു.
സംഭവത്തിൽ സ്വമേധയാ കേസെടുത്തതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
'ബന്ധുക്കൾ മൃതദേഹം സംസ്കരിച്ചു. അത് ചെയ്യാൻ പാടില്ലാത്തതാണ്. പോസ്റ്റ്മോർട്ടത്തിലൂടെ മാത്രമെ മരണ കാരണം വ്യക്തമാകൂ' - ജില്ലാ മജിസ്ട്രേട്ട് പ്രഭു എൻ.സിംഗ് പറഞ്ഞു.
2016ൽ നോട്ട് നിരോധനത്തെ തുടർന്നുണ്ടായ സാമ്പത്തിക ഞെരുക്കത്തെ തുടർന്ന് ഷീലയുടെ മകനും പട്ടിണികിടന്ന് മരിച്ചുവെന്നാണ് പറയപ്പെടുന്നതെന്ന് ടൈംസ് നൗ റിപ്പോർട്ടുചെയ്തു. ഷീലയുടെ ഭർത്താവ് രോഗം ബാധിച്ച് കിടപ്പിലാണ്. ഭർത്താവിന്റെ ചികിത്സയ്ക്കുള്ള പണം കണ്ടെത്താനാവാതെ ബുദ്ധിമുട്ടുകയാണ്. കുടുംബത്തിന് റേഷൻ കാർഡോ പാചകവാതക കണക്ഷനോ ഇല്ലെന്ന് യു.പി കോൺഗ്രസ് സെക്രട്ടറി അമിത് സിംഗ് പറഞ്ഞു. ദിവസക്കൂലിക്കാർക്ക് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത 1000 രൂപപോലും ഇവർക്ക് ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.