തിരുവനന്തപുരം : വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് നിർമ്മാണത്തിന് കരാർ നൽകിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ സി.ഇ.ഒ, യു വി ജോസിനോട് വിശദീകരണം തേടി മന്ത്രി എ സി മൊയ്തീൻ. നാളെ നിയമസഭാസമ്മേളനം ചേരാനിരിക്കെയാണ് മന്ത്രിയുടെ നടപടി. കരാറുമായി ബന്ധപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി വടക്കാഞ്ചേരിയിലെ 2.17 ഏക്കറിൽ 140 യൂണിറ്റുകൾ ഉൾപ്പെട്ട ഫ്ലാറ്റ് സമുച്ചയം നിർമ്മിക്കുന്നതിന് യു.എ.ഇയിലെ റെഡ്ക്രെസൻറ് എന്ന സ്ഥാപനവുമായാണ് സർക്കാർ ധാരണാപത്രം ഒപ്പിട്ടത്. യു.എ.ഇയിൽ നിന്ന് നേരിട്ട് ധനസസഹായം സ്വീകരിക്കുന്നതിന് നിയമതടസ്സങ്ങൾ ഉള്ളത് കൊണ്ടാണ് റെഡ്‌ക്രെസൻറുമായി ധാരണപത്രം ഒപ്പിട്ടത് എന്നായിരുന്നു സർക്കാർ വിശദീകരണം.
എന്നാൽ നിർമാണ കരാർ ഒപ്പിട്ടത് യു.എ.ഇ കോൺസുലേറ്റും യൂണിടാക്കും തമ്മിലെന്ന് തെളിയിക്കുന്ന രേഖ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് യു.വി.ജോസിനോട് വിശദീകരണം ആവശ്യപ്പെട്ടത്.