currency

ന്യൂഡൽഹി:രാജ്യമെമ്പാടും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് വിനായക ചതുര്‍ത്ഥി അഥവാ ഗണേശോത്സവം. കൊവിഡിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് ഇത്തവണ പൊതുയിടങ്ങളില്‍വച്ചുള്ള ആഘോഷങ്ങള്‍ കുറവായിരുന്നു. എന്നാലും കൊവിഡ് പ്രോട്ടോക്കാള്‍ പാലിച്ചുകൊണ്ട് ആളുകള്‍ അവരവരുടെ വീടുകളില്‍ വിനായക ചതുര്‍ത്ഥി ആഘോഷിച്ചു. ഗണപതിയെ കറന്‍സി നോട്ടില്‍ അച്ചടിച്ച ഒരു രാജ്യമുണ്ട്.

ഇന്തോനേഷ്യയാണ് കറന്‍സി നോട്ടില്‍ ഗണപതിയെ അച്ചടിച്ച ഏക രാജ്യം. ഇവിടുത്തെ 20,000 രൂപിയ നോട്ടിലാണ് ഗണപതിയുടെ ചിത്രം ആലേഖനം ചെയ്തിട്ടുള്ളത്. പ്രശസ്ത ഇന്തോനേഷ്യന്‍ സ്വാതന്ത്ര്യ പ്രവര്‍ത്തകനായ കി ഹജര്‍ ദേവന്താരയുടെ ചിത്രത്തിന് സമീപമായാണ് കറന്‍സി നോട്ടില്‍ ഗണപതിയെ ആലേഖനം ചെയ്തിട്ടുള്ളത്. അതേസമയം മുസ്ലിം ജനസംഖ്യ കൂടുതലുള്ള ഇന്തോനേഷ്യയാണ് ഗണപതിയെ കറന്‍സി നോട്ടില്‍ അച്ചടിച്ച ഒരേയൊരു രാജ്യം എന്നത് വളരെ ശ്രദ്ധേയമാണ്.


ഇവിടെയുള്ള 87.2 ശതമാനം ആളുകളും മുസ്ലീംമത വിശ്വാസികളാണ്. 1.7 ശതമാനം ഹിന്ദുമത വിശ്വാസികള്‍ മാത്രമാണ് ഇന്തോന്യഷ്യയിലുള്ളൂ. അതായത് ഇസ്ലാം മതം പിന്തുടരുന്നവര്‍ ഭൂരിപക്ഷമുള്ള ഇസ്ലാമിക രാജ്യമാണ് ഇന്തോനേഷ്യ. ഇസ്ലാം മതം കൂടാതെ പ്രൊട്ടസ്റ്റന്റ്, റോമന്‍ കത്തോലിക്കാ, ഹിന്ദുമതം, ബുദ്ധമതം, കണ്‍ഫ്യൂഷ്യനിസം എന്നീ ആറ് മതങ്ങളാണ് ഇന്തോനേഷ്യന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ളത്.


പക്ഷെ ഇസ്ലാം മതവിശ്വാസികള്‍ വരുന്നതിന് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്തോനേഷ്യയില്‍ ഹിന്ദുമതം വളരെ പ്രചാരത്തിലുണ്ടായിരുന്നതായി ചരിത്രക്കാരന്‍മാര്‍ പറയുന്നു. കൂടാതെ നിരവധി പുരാതന ക്ഷേത്രങ്ങളും രാജ്യത്തുടനീളം ഇപ്പോഴും കാണാനാകും. ഒന്നാം നൂറ്റാണ്ട് മുതല്‍ ഇന്തോനേഷ്യ ഹിന്ദുമതത്തിന്റെ സ്വാധീനത്തിലായിരുന്നു. ഹിന്ദുമതത്തിന്റെ ചില വശങ്ങള്‍ ഇന്തോനേഷ്യന്‍ സംസ്‌കാരത്തെ ഇപ്പോഴും സ്വാധീനിക്കുന്നുണ്ട്. ഇതിന്റെ തെളിവാണ് ഗണപതിയെ അച്ചടിച്ചുള്ള ഈ കറന്‍സികള്‍.