സോൾ: അസുഖ ബാധിതനായതിനെത്തുടർന്ന് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോംഗ് ഉൻ അബോധവാസ്ഥയിലാണെന്നും ഭരണം സഹോദരി കിം യോ ജോംഗിന് കൈമാറിയതായും റിപ്പോർട്ട്.
സുപ്രധാന അധികാരങ്ങൾ സഹോദരിയ്ക്ക് കൈമാറിയതായി ദക്ഷിണ കൊറിയ നാഷണൽ ഇന്റലിജൻസ് സർവീസ് റിപ്പോർട്ട് ചെയ്തു.
കിം ജോംഗ് ഉൻ കഴിഞ്ഞാൽ ഭരണത്തിൽ സ്വാധീനമുള്ളത് കിം യോ ജോംഗിനാണ്.
കിമ്മിന്റെ ജോലി ഭാരം കുറയ്ക്കാനാണ് കൂടുതൽ അധികാരം സഹോദരിക്ക് കൈമാറിയതെന്നും അഭ്യൂഹമുണ്ട്. കൊവിഡ് വ്യാപനം രൂക്ഷമായതോടെ ഉത്തര കൊറിയ പ്രതിസന്ധിയിലാണ്. സാമ്പത്തികാവസ്ഥ തകർന്ന നിലയിലാണ്. അടുത്തിടെ നടത്തിയ ആണവ പരീക്ഷണങ്ങളും പരാജയപ്പെട്ടു. ആണവ പരീക്ഷണങ്ങളെ തുടർന്ന് മറ്റു രാജ്യങ്ങൾ ഏർപ്പെടുത്തിയ ഉപരോധങ്ങളും തിരിച്ചടിയായി.
അതേസമയം കിം ഉന്നത നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും സാമ്പത്തിക സ്ഥിതി ചർച്ച ചെയ്യുമെന്നും ഉത്തര കൊറിയൻ വാർത്താ ഏജൻസിയായ കെ.സി.എൻ.എ റിപ്പോർട്ട് ചെയ്തു.
മാസങ്ങൾക്ക് മുമ്പും ഉത്തരകൊറിയൻ ഭരണാധികാരിയുടെ ആരോഗ്യസ്ഥിതി ഗുരുതരമാണെന്ന് അമേരിക്കൻ മാദ്ധ്യമങ്ങൾ ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിരുന്നു.കിം ഗുരുതരമായ ആരോഗ്യ പ്രശ്നം നേരിടുന്നതായി ദക്ഷിണ കൊറിയ പ്രസിഡന്റിന്റെ സഹായി ആയിരുന്ന ചാംഗ് സോംഗ് മിൻ സോഷ്യൽമീഡിയയിൽ കുറിച്ചു. ഭരണം മുന്നോട്ടു കൊണ്ടുപോകാൻ സാധിക്കാത്തതിനാലാണ് സഹോദരിയെ കാര്യങ്ങൾ ഏൽപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.