quarry-movie

'മരട് 357'ന്‌ ശേഷം കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തിന് 'ക്വാറി' എന്നു പേരിട്ടു. ചലച്ചിത്ര താരങ്ങളായ ഷീലു എബ്രഹാം, ഉണ്ണി മുകുന്ദന്‍, നൂറിന്‍ ഷെറീഫ് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ടൈറ്റില്‍ പുറത്തിറക്കിയത്. 'എപ്പോഴൊക്കെ മനുഷ്യന്‍ പ്രകൃതിയെ വെല്ലുവിളിച്ചിട്ടുണ്ടോ അന്നൊക്കെ പ്രകൃതി തിരിച്ചടിച്ചിട്ടുണ്ട്' എന്ന ടാഗ് ലൈനോട് കൂടിയാണ് പോസ്റ്റര്‍ റിലീസായത്.

നവാഗതരായ അനീഷ് പുന്നമ്മൂട്, ശ്രീജിത്ത് പുല്ലാനിമുക്ക് എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. രവിചന്ദ്രനാണ് ഛായാഗ്രഹണം. അബാം മൂവീസിന്‍റെ ബാനറില്‍ അബ്രഹാം മാത്യു , സ്വര്‍ണ്ണലയ സിനിമാസിന്‍റെ ബാനറില്‍ സുദര്‍ശന്‍ കാഞ്ഞിരക്കുളവും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ലൈന്‍ പ്രൊഡ്യൂസര്‍ ബാദുഷയാണ്. കണ്ണന്‍ സംവിധാനം ചെയ്ത 'മരട് 357' ചിത്രീകരണം പൂര്‍ത്തിയായി റിലീസിംഗിനൊരുങ്ങിയിരിക്കുന്ന വേളയിലാണ് പുതിയ ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറങ്ങുന്നത്. 'ക്വാറി'യുടെ ഭാഗമാകുന്ന അഭിനേതാക്കളുടെയും മറ്റ് അണിയറ പ്രവർത്തകരുടെയും വിവരങ്ങൾ താമസിക്കാതെ പുറത്ത് വിടുമെന്ന് സംവിധായകന്‍ കണ്ണന്‍ താമരക്കുളം പറഞ്ഞു.