കൊൽക്കത്ത: ഒരു കേക്ക് മുറിക്കുന്നതും കഴിക്കുന്നതുമൊക്കെ ഇത്ര വലിയ അപരാധമാണോ എന്നാണ് ബംഗാളിലെ തൃണമൂൽ കോൺഗ്രസ് പാർട്ടി നേതാക്കൾ ചോദിക്കുന്നത്. സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒരു കേക്ക് മുറിച്ച് മധുരം പങ്കിട്ടതാണ് മാൽഡ ജില്ലയിലെ നേതാക്കളെ ഒന്നാകെ വെട്ടിലാക്കിയിരിക്കുന്നത്. സ്വാതന്ത്ര്യദിനമായതിനാൽ ദേശീയ പതാകയുടെ മാതൃകയിലുള്ള കേക്ക് തന്നെ വാങ്ങി മുറിച്ച് കഴിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിലും ഇട്ടു. എന്നാൽ, ദേശീയ പതാകയെ അധിക്ഷേപിച്ചെന്ന് പറഞ്ഞ് വീഡിയോ വൈറലായി. മുതിർന്ന പാർട്ടി നേതാവ് ഷെഹനാസ് ഖദ്രി, ഷേഖ് യാസിൻ, പാർട്ടിയിലെ ജയ് ഹിന്ദ് ഭഗിനി വിഭാഗം മേധാവി കൃഷ്ണ ദാസ് തുടങ്ങിയവരാണ് വീഡിയോയിലുണ്ടായിരുന്നത്. രാജ്യത്തെ കീറിമുറിച്ച് കഴിക്കുകയാണ് ഇവരെന്നതുൾപ്പെടെ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ എത്തിയത്. ഒടുവിൽ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് ദുലാൽ സർക്കാർ വിശദീകരണവുമായി രംഗത്തെത്തി. വീഡിയോ താൻ കണ്ടില്ലെന്നും അത്തരത്തിലുള്ള ഒരു പരിപാടിയും തങ്ങൾ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും വീഡിയോയുടെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടെന്നുമാണ് ദുലാൽ പറഞ്ഞത്.