ന്യൂഡൽഹി: കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാന്‍ രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധിക്കും താത്പര്യമില്ലെന്നും അവർ അതിനു തയ്യാറായേക്കില്ലെന്നും വിവരം. ഇരുവരുടെയും അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടില്‍ മാറ്റമില്ലെന്ന് രാഹുല്‍ ഗാന്ധിയും ജനറല്‍ സെക്രട്ടറിയായി തുടരാനാണ് താല്‍പര്യമെന്ന് പ്രിയങ്കയും അറിയിച്ചുവെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
എന്നാൽ വിഷയത്തിൽ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഇതുവരെപ്രതികരിച്ചിട്ടില്ല. രാജസ്ഥാനിലെ രാഷ്ട്രീയ സംഭവ വികാസങ്ങളുടെ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് സ്ഥിരം നേതൃത്വം വേണമെന്ന ഇരുപതോളം നേതാക്കള്‍ സോണിയാ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. തുടര്‍ന്ന് ഇടക്കാല പ്രസിഡന്റായ സോണിയ, സ്ഥാനം രാജിവെക്കാന്‍ തയ്യാറാണെന്ന് അറിയിക്കുകയായിരുന്നു.
തുടർന്ന്, രാഹുല്‍ ഗാന്ധി പാര്‍ട്ടി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കണമെന്ന് ചില നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്നാണ് പാർട്ടി അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധി ആ സ്ഥാനം ഒഴിയുന്നത്. ഗാന്ധി കുടുംബത്തില്‍ നിന്ന് ഇനി അധ്യക്ഷ സ്ഥാനത്തേക്ക് ആരും വരരുതെന്ന് വ്യക്തമാക്കിയായിരുന്നു രാഹുലിന്റെ രാജി. ശേഷം, പാർട്ടി പ്രസിഡന്റ് സ്ഥാനം വീണ്ടും അദ്ദേഹം ഏറ്റെടുക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യമുയർന്നിരുന്നവെങ്കിലും രാഹുല്‍ വഴങ്ങിയിരുന്നില്ല.