ab-raj-

ചെന്നൈ: പ്രമുഖ സംവിധായകൻ എ.ബി.രാജ് (രാജ് ആന്റണി ഭാസ്‌കർ) അന്തരിച്ചു. 95 വയസായിരുന്നു. മകളും നടിയുമായ ശരണ്യ പൊൻവർണന്റെ വിരുകമ്പാക്കത്തുള്ള വസതിയൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയാണ് അന്ത്യം. 65-ഓളം മലയാളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

ആലപ്പുഴ സ്വദേശി ഭാഗ്യനാഥപിള്ളയുടെയും രാജമ്മയുടെയും അഞ്ചു മക്കളിൽ നാലാമനായി 1929ൽ മധുരയിലാണ് ജനനം. തമിഴ്‍നാട്ടിലെ വിവിധ സ്ഥലങ്ങളിലായിരുന്നു വിദ്യാഭ്യാസം. കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ 1947 ൽ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. 11 വർഷക്കാലം സിലോണിലായിരുന്നു. 11 സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

1968ൽ പുറത്തിറങ്ങിയ കളിയല്ല കല്യാണമാണ് എ.ബി രാജ് സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തുടർന്ന് കണ്ണൂർ ഡീലക്സ്, ഡെയ്ഞ്ചർ ബിസ്കറ്റ്, എഴുതാത്ത കഥ, ലോട്ടറി ടിക്കറ്റ്, ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു, പച്ചനോട്ടുകൾ, കഴുകൻ, ഇരുമ്പഴികൾ, സൂര്യവംശം, അഗ്നിശരം, അടിമച്ചങ്ങല, ഫുട്ബാൾ ചാമ്പ്യൻ, ഹണിമൂൺ, ഉല്ലാസയാത്ര, അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങിയവയെല്ലാം സൂപ്പർഹിറ്റുകളായിരുന്നു. 1951 മുതൽ 1986 വരെ സിനിമാ രംഗത്ത് സജീവമായിരുന്ന രാജ് തമിഴ് സിനിമാമേഖലയിലും വ്യക്തിമുദ്ര പതിപ്പിച്ചു.

1949ൽ സേലം മോഡേൺ തിയേറ്ററിൽ അപ്രന്റീസായി പ്രവേശിച്ച രാജ് ടി.ആർ.സുന്ദരത്തിന്റെ കീഴിൽ പരിശീലനം നേടി. രണ്ട് തവണ ഓസ്‌കാർ പുരസ്കാരം നേടിയ പ്രശസ്ത ഇംഗ്ലീഷ് സംവിധായകൻ ഡേവിഡ് ലീനിന്റെ വിഖ്യാത സിനിമയായ “ബ്രിഡ്ജ് ഇൻ ദി റിവർ ക്വയി”യിൽ (1957) സഹസംവിധായകനായി പ്രവർത്തിച്ചിട്ടുണ്ട്.

ഹരിഹരൻ, ഐ.വി.ശശി, പി.ചന്ദ്രകുമാർ, രാജശേഖരൻ തുടങ്ങിയവർ എ.ബി രാജിന്റെ ശിഷ്യരാണ്. ഭാര്യ സരോജിനി 1993ൽ അന്തരിച്ചു. ജയപാൽ,മനോജ് എന്നിവരാണ് മറ്റ് മക്കൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ശേഷം.