തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയ നോട്ടീസ് ഇന്ന് നിയമസഭ ചർച്ച ചെയ്യും. രാവിലെ പത്ത് മുതൽ മൂന്ന് മണിവരെയാണ് ചർച്ച നടക്കുക. സ്വർണക്കടത്ത്, ലൈഫ് പദ്ധതി വിവാദങ്ങൾ പ്രതിപക്ഷം ആയുധമാക്കും.
കൂടാതെ തിരുവനന്തപുരം വിമാനത്താവളത്തെച്ചൊല്ലിയുയർന്ന പുതിയ വിവാദം പ്രതിപക്ഷത്തിന് വീണുകിട്ടിയ ആയുധമായി. വിമാനത്താവള കൈമാറ്റത്തിനെതിരായ സഭാ പ്രമേയത്തെ അനുകൂലിക്കുമ്പോഴും 'അദാനി ബന്ധ'മുയർത്തി ഭരണപക്ഷത്തെ പൊളിച്ചു കാട്ടാനാവും ശ്രമം. രാവിലെ 9ന് ആരംഭിക്കുന്ന ഏകദിന സമ്മേളനത്തിൽ ധനബിൽ പാസാക്കുന്നതുൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി 10 മണിയോടെ അവിശ്വാസപ്രമേയം ചർച്ചയ്ക്കെടുക്കും.
കോൺഗ്രസിലെ വി.ഡി. സതീശൻ നൽകിയ നോട്ടീസിന്മേലാണ് ചർച്ച. അതിനുമുമ്പ്, തിരുവനന്തപുരം വിമാനത്താവളം അദാനിഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രതീരുമാനത്തിനെതിരായ സർക്കാരിന്റെ പ്രമേയം വരും. വിമാനത്താവളം അദാനിഗ്രൂപ്പിന് വിട്ടുകൊടുക്കുന്നതിനെതിരെ രംഗത്തുവന്ന സർക്കാർ, ഇതിനായി രൂപീകരിച്ച ടിയാൽ കമ്പനിയെ ലേലനടപടികളിൽ സഹായിക്കാൻ കൺസൾട്ടന്റായി നിയോഗിച്ചത് അദാനിയുടെ ഉറ്റബന്ധു ഡയറക്ടറായ അമർചന്ദ് മംഗൾദാസ് കമ്പനിയെ ആണെന്നതാണ് പുതിയ വിവാദം. ഇത് അദാനിയുമായുള്ള ഒത്തുകളിയാണോയെന്ന ചോദ്യമാണ് ഉന്നയിക്കുന്നത്. ഈ ഘട്ടത്തിൽ സർക്കാരിന് വേണ്ടി മുഖ്യമന്ത്രി കൊണ്ടുവരുന്ന പ്രമേയത്തെ പ്രതിപക്ഷം എങ്ങനെ സമീപിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പ്രമേയത്തെ പിന്തുണയ്ക്കുകയെന്നത് പ്രതിപക്ഷത്തിന്റെയും രാഷ്ട്രീയ തീരുമാനമാണ്. എന്നാൽ, പ്രമേയം അതേപടി പാസാക്കാനനുവദിക്കാതെ, സർക്കാരിനെയും പ്രതിരോധത്തിലാക്കാനുതകുന്ന ഭേദഗതികൾ ഉൾപ്പെടുത്താനവർ നിർദ്ദേശിച്ചേക്കും.
സമാന്തരമായി രാജ്യസഭാ ഉപതിരഞ്ഞെടുപ്പും സഭാമന്ദിരത്തിൽ നടക്കും. അവിശ്വാസ പ്രമേയ ചർച്ചയിലും വോട്ടെടുപ്പിൽ നിന്നും വിട്ടുനിൽക്കാനാണ് കേരള കോൺഗ്രസ്- ജോസ് കെ.മാണി പക്ഷത്തിന്റെ തീരുമാനം. യു.ഡി.എഫിന്റെ ചീഫ് വിപ്പ് സണ്ണി ജോസഫ് ,ജോസ് വിഭാഗം അംഗങ്ങൾക്കുൾപ്പെടെ വിപ്പ് നൽകിയിട്ടുണ്ട്. മുന്നണിയിൽ നിന്ന് പുറത്താക്കിയിട്ട് വിപ്പ് നൽകുന്നതിലെന്ത് കാര്യമെന്ന് ചോദിച്ച് അതിനെ ജോസ് കെ.മാണി തള്ളി.
അവിശ്വാസപ്രമേയ ചർച്ചയ്ക്ക് കേരള നിയമസഭ ഇതിന് മുമ്പ് സാക്ഷ്യം വഹിച്ചത് 15 കൊല്ലം മുമ്പാണ്. ഉമ്മൻ ചാണ്ടി സർക്കാരിനെതിരെ എം.വി. ജയരാജൻ കൊണ്ടു വന്ന പ്രമേയമായിരുന്നു അത്. സഭാചരിത്രത്തിൽ ചർച്ചയ്ക്കെടുക്കുന്ന 16-ാമത്തെ അവിശ്വാസപ്രമേയമാണ് ഇന്ന് വരുന്നത്.