
ന്യൂഡൽഹി: അടുത്ത അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി സുപ്രീം കോടതി മുൻ ചീഫ് ജസ്‌റ്റിസും രാജ്യസഭാംഗവുമായ ജസ്‌റ്റിസ് രഞ്ജൻ ഗോഗോയി. താനൊരു രാഷ്ട്രീയക്കാരനല്ലെന്നും, അത്തരമൊരു ആഗ്രഹം ഇല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കാമെന്ന വാഗ്ദ്ധാനങ്ങളുമായി തന്നെ ആരും തന്നെ സമീപിച്ചിട്ടില്ലെന്നും രഞ്ജന്‍ ഗോഗോയ് വ്യക്തമാക്കി. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കവേയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. രാഷ്ട്രപതിയാണ് രഞ്ജൻ ഗോഗോയിയെ രാജ്യസഭയിലെക്ക് നാമനിര്‍ദേശം ചെയ്തത്.
രഞ്ജൻ ഗോഗോയിയെ ബി.ജെ.പി അടുത്ത അസാം നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയാക്കുമെന്ന് മുൻമുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ തരുൺ ഗോഗോയി നേരത്തെ പറഞ്ഞിരുന്നു.രാജ്യസഭാംഗത്വം സ്വീകരിക്കാൻ മനസുകാട്ടിയ രഞ്ജൻ ഗോഗോയ് മുഖ്യമന്ത്രി സ്ഥാനാർത്ഥിത്വവും നിരസിക്കാനിടയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.