trivandrum-airport

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് പിന്നാലെയുണ്ടായ വിവാദങ്ങളിൽ വിശദീകരണവുമായി സിറിൾ അമർചന്ദ് മംഗൾദാസ് കമ്പനി. കേരളം ക്വോട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നുവെന്ന് കമ്പനി വക്താവ് വ്യക്തമാക്കി.

കേരളത്തിന്റെ വിമാനത്താവള ലേലത്തുകയുടെ കാര്യത്തിൽ കമ്പനി ഇടപെട്ടിട്ടില്ലെന്നും, നിയമസഹായം മാത്രമാണ് നൽകിയതെന്നും കമ്പനി അറിയിച്ചു. അമർചന്ദ് കമ്പനിയുടെ സേവനം തേടുന്ന കക്ഷിയുടെ വിവരങ്ങൾ ഒരിക്കലും മറ്റാരുമായി പങ്കുവയ്ക്കാറില്ലെന്നും, അദാനിക്ക് വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ലെന്നും, അവർക്ക് അവരുടെതന്നെ നിയമോപദേശകരുണ്ടെന്നും ഒരു മാദ്ധ്യമത്തോട് കമ്പനി വക്താവ് പറഞ്ഞു.

സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിന് ഗൗതം അദാനിയുമായുള്ള ബന്ധം സർക്കാരിന് അറിയില്ലായിരുന്നുവെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ നേരത്തെ പറഞ്ഞിരുന്നു. ഒരു ജെന്റിൽമാൻ കമ്പനി എന്ന നിലയിലാണ് സിറിൾ അമർചന്ദ് മംഗൾദാസ് ഗ്രൂപ്പിനെ കെ.എസ്.ഐ.ഡി.സി സമീപിച്ചത്. അദാനിയുടെ മകന്റെ ഭാര്യയാണ് ഈ കമ്പനിയുടെ പ്രധാനി എന്ന കാര്യം ആ സമയത്ത് ആർക്കും അറിയില്ലായിരുന്നുവെന്നും അദ്ദേഹം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.