secretariat

തിരുവനന്തപുരം: ഇന്നലെയുണ്ടായ തീപിടിത്തത്തെ തുടർന്ന് സംഘർഷമുണ്ടായതിന് പിന്നാലെ സെക്രട്ടേറിയറ്റിൽ കനത്ത പൊലീസ് ബന്തവസ് ഏർപ്പെടുത്തി. സ്റ്റാച്യൂവിന് മുന്നിലെ സമരഗേറ്റിൽ നിന്ന് കന്റോൺമെന്റ് ഗേറ്റിലേക്കുള്ള വാഹനഗതാഗതം പൊലീസ് നിരോധിച്ചു. യുവജന സംഘടനകൾ ഇന്ന് മാർച്ചുകൾ നടത്തുന്ന സാഹചര്യത്തിൽ കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

സെക്രട്ടേറിയറ്റിലെത്തുന്ന ജീവനക്കാർക്ക് പ്രവേശനം കന്റോൺമെന്റ് ഗേറ്റ് വഴി മാത്രമാണ്. തിരിച്ചറിയൽ കാർഡ് കാണിച്ചാൽ മാത്രമെ ജീവനക്കാരെ സെക്രട്ടേറിയറ്റിലേക്ക് കടത്തിവിടുന്നുള്ളൂ. മാദ്ധ്യമപ്രവർത്തകർക്കും പൊതുജനങ്ങൾക്കും പ്രവേശനമില്ല. സെക്രട്ടേറിയറ്റിന് മുന്നിലൂടെയുള്ള റോഡുകൾ എല്ലാം പൊലീസ് ബാരിക്കേഡ് ഉയർത്തി അടച്ചു.

ഇന്നലത്തെ തീപിടിത്തത്തിന് പിന്നാലെ സെക്രട്ടേറിയറ്റിൽ വിവിധ രാഷ്ട്രീയ സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. പൊതുജനങ്ങളടക്കമുള്ള നിരവധി പേർ സെക്രട്ടേറിയറ്റിൽ തടിച്ചുകൂടിയിരുന്നു. ബി.ജെ.പി സംസ്ഥാന പ്രസി‌ഡന്റ് കെ.സുരേന്ദ്രൻ സെക്രട്ടേറിയറ്റ് വളപ്പിൽ കയറി പ്രതിഷേധിച്ചതിൽ പൊലീസിനും സുരക്ഷാഉദ്യോഗസ്ഥർക്കും വീഴ്ച വന്നതായി സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.