rahul-gandhi-sonia-gandhi

ന്യൂഡൽഹി: ഒരു വർഷത്തിലേറെയായി സ്ഥിരമായി ഒരു അദ്ധ്യക്ഷനെ കണ്ടെത്താനാകാതെ ബുദ്ധിമുട്ടുന്ന കോൺഗ്രസിന്റെ നിർണായക പ്രവർത്തകസമിതി അൽപ്പസമയത്തിനകം ആരംഭിക്കും. താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനം ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ച സാഹചര്യത്തിൽ പകരം ആര് എന്നതാണ് യോഗത്തിൽ പ്രധാനമായും ചർച്ചയാവുക. ഗാന്ധി കുടുംബത്തിനെതിരെയും രാഹുലിനെതിരെയും പാർട്ടിയ്‌ക്കകത്ത് പരോക്ഷമായി ചോദ്യം ഉയരുന്നത് അതീവ ഗൗരവത്തോടെയാണ് നേതൃത്വം നോക്കി കാണുന്നത്.

കഴിഞ്ഞ ആഗസ്റ്റ് പത്താം തീയതിയാണ് സോണിയഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വീണ്ടും എത്തിയത്. ഡൽഹി നിയമസഭ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയായിരുന്നു സോണിയ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നത്. അതിനകം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നൊരാളെ കണ്ടെത്തണമെന്നായിരുന്നു രാഹുൽ അടക്കമുള്ളവരുടെ നിലപാട്. രാജസ്ഥാനിൽ വച്ച് പ്ലീനറി സമ്മേളനം നടത്താനുള്ള ഒരുക്കങ്ങളും ഇതിനിടെ തുടങ്ങിയിരുന്നു. അതിനിടെയാണ് കൊവിഡ് മഹാമാരി പൊട്ടിപുറപ്പെട്ടത്. അനാരോഗ്യം അടക്കമുള്ള കാരണങ്ങൾ കൊണ്ട് സോണിയ ഗാന്ധി അദ്ധ്യക്ഷ പദവിയിൽ സജീവമല്ല. രാഹുലാകട്ടെ നേതൃതലത്തിൽ നിന്ന് പൂർണമായും മാറി നിൽക്കുകയാണ്.

തിരഞ്ഞെടുപ്പിന് സ്ഥാനത്ത് തിരിച്ചെത്തണമെന്ന ആവശ്യം ശക്തമാണെങ്കിലും, രാഹുൽ ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. രാഹുലിന് താത്പര്യമില്ലെങ്കിൽ സംഘടനയെ ചലിപ്പിക്കാൻ കെൽപ്പുള്ള മറ്റൊരാളെ കണ്ടെത്തണമെന്ന് 23 നേതാക്കൾ സോണിയ ഗാന്ധിക്കയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ സോണിയ അടക്കം ഗാന്ധി കുടുംബത്തിൽ നിന്നുള്ള ഒരു നേതാക്കളും അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരുടേയും പേര് നിർദേശിക്കില്ല. പകരം പാർട്ടി അദ്ധ്യക്ഷനെ തീരുമാനിക്കട്ടെ എന്നായിരിക്കും സോണിയയും രാഹുലും പറയുന്നത്. പ്ലീനറി സമ്മേളനം നടത്തി മാത്രമെ പുതിയ അദ്ധ്യക്ഷനെ കണ്ടെത്താനാകൂ. അതുവരെ താത്ക്കാലിക അദ്ധ്യക്ഷ സ്ഥാനത്തേക്ക് മൻമോഹൻ സിംഗ്‌, മുകുൾ വാസ്നിക്, എ.കെ ആന്റണി, അശോക് ഗലോട്ട്, കെ.സി വേണുഗോപാൽ തുടങ്ങിയവർ പരിഗണനാ പട്ടികയിലുണ്ടെന്നാണ് സൂചന.

നേതൃത്വത്തെ ചോദ്യം ചെയ്തവർക്കെതിരെ നടപടി വേണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. സോണിയ ഗാന്ധി തുടരുകയോ രാഹുൽ ഗാന്ധി അദ്ധ്യക്ഷ പദവി ഏറ്റെടുക്കുകയോ വേണമെന്ന് പകുതിയിലധികം എം.പിമാരും ആവശ്യപ്പെട്ടിട്ടുണ്ട്. സോണിയ ഗാന്ധി രാജിവയ്‌ക്കേണ്ടെന്ന നിലപാടാണ് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗും ഛത്തീസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് സിംഗ് ബാദലും സ്വീകരിച്ചിരിക്കുന്നത്. എന്നാൽ രാഹുൽ സ്ഥാനമേറ്റെടുക്കണമെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ട്വീറ്റ് ചെയ്തു.

രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും അദ്ധ്യക്ഷപദവി ഏറ്റെടുക്കില്ലെന്ന് ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സ്ഥാനമേറ്റെടുക്കാനില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് രാഹുൽഗാന്ധിയും പ്രിയങ്കയും വിശ്വ‌സ്തരെ അറിയിച്ചിട്ടുണ്ട്. യുവ ക്യാമ്പുകളിൽ നിന്ന് സജീവമായി ഉയർന്നുകേട്ട സച്ചിൻ പൈലറ്റിനെ ഇപ്പോഴത്തെ സാഹചര്യത്തിൽ അദ്ധ്യക്ഷസ്ഥാനത്തേക്ക് ഒരു തരത്തിലും അടുപ്പിക്കാൻ കഴിയാത്തതും രാഹുൽ ക്യാമ്പിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്.