തിരുവനന്തപുരം: അന്തരിച്ച അംഗങ്ങൾക്കുള്ള അനുശോചനം കഴിഞ്ഞയുടൻ സ്പീക്കർക്കെതിരെ അവിശ്വാസ പ്രമേയം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എഴുന്നേറ്റു. ആഗസ്‌റ്റ് 13നാണ് നിയമസഭ ചേരണമെന്ന് ക്യാബിനറ്റ് തീരുമാനമെടുത്തത്. ഇതുസംബന്ധിച്ച വിജ്ഞാപനം 14നാണ് പുറത്തുവന്നത്. പത്ത് ദിവസം മുമ്പ് മാത്രമാണ് നിയമസഭ ചേരുന്ന കാര്യം അംഗങ്ങളെ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് സ്‌പീക്കറെ നീക്കണം ചെയ്യണം എന്നാവശ്യപ്പെട്ട് എം.ഉമ്മർ എം.എൽ.എ നോട്ടീസ് നൽകിയത്. അത് ചർച്ച ചെയ്യാൻ നിയമസഭ തയ്യാറാകണം. നിയമസഭ സ്‌പീക്കർക്കെതിരെ അതീവ ഗുരുതര ആക്ഷേപമാണ് ഉയർന്നുവന്നിരിക്കുന്നത്. സ്വർണക്കടത്ത് പ്രതികളുമായി സ്‌പീക്കറിന്റെ വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും നിയമസഭയുടെ അന്തസിനും മാന്യതയ്‌ക്കും നിരക്കാത്തതാണ്. സഭ അദ്ധ്യക്ഷനെതിരായ നോട്ടീസ് ഉള്ളതിനാൽ കസേരയിൽ നിന്നൊഴിഞ്ഞ് മാറി ഇരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തനിക്കെതിരെ വിയോജിപ്പ് രേഖപ്പെടുത്തി കൊണ്ടുള്ള ചർച്ച നടക്കുന്നതിൽ സന്തോഷമേ ഉള്ളൂ. രാജ്യസഭ തിരഞ്ഞെടുപ്പ് വന്ന സാഹചര്യത്തിലാണ് ഇന്ന് നിയമസഭ ചേരാൻ തീരുമാനിച്ചത്. നിങ്ങൾക്ക് വിമർശിക്കാനുള്ള അവകാശത്തെ സംരക്ഷിക്കുന്നതിനൊപ്പം ഭരണഘടനപരമായ ബാദ്ധ്യത സംരക്ഷിക്കേണ്ടതുണ്ടെന്നും സ്‌പീക്കർ പ്രതിപക്ഷത്തോട് പറഞ്ഞു. എന്നാൽ സ്‌പീക്കറിന്റെ അഭിപ്രായത്തോട് പ്രതിപക്ഷം യോജിപ്പ് പ്രകടിപ്പിച്ചില്ല. തുടർന്ന് നിയമമന്ത്രി എ.കെ ബാലൻ വിഷയത്തിൽ ഇടപെട്ട് രംഗത്ത് വന്നു. പ്രതിപക്ഷ നേതാവിനോട് ആലോചിച്ചാണ് മുഖ്യമന്ത്രി നിയമസഭ ചേരാനുള്ള തീരുമാനമെടുത്തതെന്ന് മന്ത്രി പറഞ്ഞു.
മുഖ്യമന്ത്രി തന്നോട് സംസാരിച്ച കാര്യം പ്രതിപക്ഷ നേതാവ് അംഗീകരിച്ചു. എന്നാൽ സ്‌പീക്കർക്കെതിരായ പ്രമേയം ചർച്ച ചെയ്യണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതുസംബന്ധിച്ച കുറിപ്പ് താൻ മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൊടുത്ത് അയച്ചിരുന്നു. അന്ന് ചേർന്ന ക്യാബിനറ്റിൽ നിയമമന്ത്രി പങ്കെടുത്തിരുന്നില്ല. അദ്ദേഹം പാലക്കാടായിരുന്നുവെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.
ഭരണഘടന ചട്ടം മാറ്റാൻ തനിക്ക് അധികാരമില്ലെന്ന് സ്പീക്കർ പറഞ്ഞു. സ്പീക്കർക്കെതിരായ പരാമർശം സഭാ രേഖയിൽ ഉൾപ്പെടുത്തരുതെന്ന് എ.കെ.ബാലൻ അഭിപ്രായപ്പെട്ടു. താൻ നിസഹായൻ ആണെന്നായിരുന്നു സ്‌പീക്കറിന്റെ പ്രതികരണം. ഭരണഘടന പ്രധാനമാണ്. വിമർശനം ഉന്നയിക്കാൻ തടസം ഇല്ലെന്നും സ്പീക്കർ പറഞ്ഞു.