തിരുവനന്തപുരം: സ്വർണക്കടത്ത്, ലൈഫ് പദ്ധതിയിലെ കോഴവിവാദം തുടങ്ങിയ വിഷയങ്ങളിൽ സർക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആദ്യത്തെ അവിശ്വാസപ്രമേയ ചർച്ചയ്ക്ക് പ്രതിപക്ഷ ബഹളത്തോടെ തുടക്കം. രാവിലെ 9ന് സഭ ചേർന്നപ്പോൾ അന്തരിച്ച നേതാക്കൾക്ക് ചരമോപചാരം അർപ്പിച്ചുകൊണ്ട് സ്‌പീക്കർ പി.ശ്രീരാമകൃഷ്‌ണൻ സംസാരിച്ചു. തുടർന്ന് സർക്കാരിനെതിരായ അവിശ്വാസപ്രമേയ നോട്ടീസിന് പ്രതിപക്ഷത്ത് നിന്ന് വി.ഡി.സതീശൻ അവതരണാനുമതി തേടി. പിണറായി വിജയൻ സർക്കാരിൽ ഈ സഭ അവിശ്വാസം രേഖപ്പെടുത്തുന്നുവെന്ന ഒറ്റവരി പ്രമേയമാണ് സതീശൻ അവതരിപ്പിച്ചത്.
ബാനറുമായി പ്രതിപക്ഷം
അവിശ്വാസ പ്രമേയ നോട്ടീസിന് സതീശൻ അവതരണാനുമതി തേടാനായി എഴുന്നേറ്റതോടെ പ്രതിപക്ഷാംഗങ്ങൾ 'സ്വർണക്കടത്ത്, ലൈഫ് മിഷൻ തുടങ്ങിയ പദ്ധതികളിലൂടെ അഴിമതിയിൽ മുങ്ങിക്കുളിച്ച പിണറായി വിജയൻ സർക്കാർ രാജിവയ്ക്കുക' എന്നെഴുതിയ ബാനർ ഉയർത്തിക്കാട്ടുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ബഹളത്തിനിടയിലും നോട്ടീസിന് അനുമതി നൽകുന്നതായി സ്‌പീക്കർ അറിയിച്ചു.
സ്‌പീക്കർ അംഗങ്ങൾക്കിടയിൽ വന്നിരിക്കണം: ചെന്നിത്തല
സ്‌പീക്കർ അനുമതി നൽകിയതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സംസാരിക്കാനായി എഴുന്നേറ്റു. അവിശ്വാസ പ്രമേയ നോട്ടീസിനൊപ്പം സ്വർണക്കടത്ത് കേസിലെ പ്രതിയുമായി അടുത്ത ബന്ധമുള്ള സ്‌പീക്കർ സഭ നിയന്ത്രിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം സ്ഥാനം ഒഴിയണമെന്നുമുള്ള പ്രമേയവുമുണ്ടെന്ന് ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്‌പീക്കർ പദവിയുടെ മഹനീയതയും മാന്യതയും കാത്തുസൂക്ഷിക്കുന്നതിനായി സ്ഥാനത്തുനിന്ന് ഒഴിഞ്ഞ് സ്‌പീക്കർ അംഗങ്ങൾക്കിടയിൽ വന്നിരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. സഭ വിളിച്ചുചേർക്കുന്നതിൽ സർക്കാരിനുണ്ടായ പിഴവും ചെന്നിത്തല ചൂണ്ടിക്കാട്ടി. സ്‌പീക്കർക്കെതിരായ നോട്ടീസ് ചർച്ചയ്ക്കെടുക്കണമെങ്കിൽ 15 ദിവസം മുമ്പ് നോട്ടീസ് നൽകണമെന്നാണ് ചട്ടം.
എന്നാൽ, 10 ദിവസം മുമ്പ് മാത്രമാണ് അംഗങ്ങൾക്ക് നോട്ടീസ് അയച്ചതെന്നതിനാൽ ആ സമയക്രമം പാലിക്കനായില്ല. ഇതാണ് നോട്ടീസ് തള്ളുന്നതിന് സർക്കാർ കാരണമായി ഉന്നയിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. ഇതിന് പിന്നാലെ അവിശ്വാസപ്രമേയ നോട്ടീസ് ചർച്ച ചെയ്യുന്നതിന് ഭരണപക്ഷത്തിന്റെ അനുമതി നൽകുന്നതിനായി സംസാരിക്കുന്നതിന് മുഖ്യമന്ത്രിയെ സ്‌പീക്കർ ക്ഷണിച്ചു. തുടർന്ന് സംസാരിച്ച മുഖ്യമന്ത്രി അഞ്ച് മണിക്കൂർ നേരം നോട്ടീസ് ചർച്ച ചെയ്യാമെന്ന് വ്യക്തമാക്കി.
ഞാൻ നിസഹായൻ: സ്‌പീക്കർ
തനിക്കെതിരായ അവിശ്വാസ പ്രമേയ നോട്ടീസ് ചർച്ചയ്ക്കെടുക്കുന്ന വിഷയത്തിൽ താൻ നിസഹായനാണെന്ന് സ്‌പീക്കർ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. അജണ്ടയിൽ ഇല്ലാത്ത വിഷയമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്. സ്പീക്കർക്കെതിരായ പ്രമേയത്തിന് ഭരണഘടന അനുസരിച്ച് 15 ദിവസം മുമ്പ് നോട്ടീസ് നൽകണം. ഇവിടെ അത് പാലിക്കപ്പെട്ടിട്ടില്ല. സെപ്തംബറിൽ സഭ ചേരാനിരുന്നതാണ്. എന്നാൽ കൊവിഡ് രൂക്ഷമായതിനെ തുടർന്ന് തീരുമാനം മാറ്റുകയായിരുന്നു. തുടർന്ന് ഈ മാസം 12ന് മന്ത്രിസഭ ചേർന്ന് 24ന് സഭാസമ്മേളനം നിശ്ചയിക്കുകയായിരുന്നു. അക്കാര്യം അന്ന് തന്നെ ഗവർണറെ അറിയിച്ചു. അന്ന് വൈകിട്ട് തന്നെ ഗവർണർ അനുമതിയും നൽകി. 13ന് സഭ ചേരാനുള്ള വിജ്ഞാപനം പുറത്തിറക്കി. 14ന് അത് അംഗങ്ങൾക്കും നൽകിയെന്നും സ്പീക്കർ പറഞ്ഞു.
ചില പ്രത്യേക സാഹചര്യങ്ങളിൽ സഭ ചേരുന്ന വിവരം അംഗങ്ങളെ അറിയിക്കുന്നതിനായി ഓൺലൈൻ അടക്കമുള്ള സൗകര്യങ്ങൾ ഉപയോഗിക്കാറുണ്ട്. ഇതിന് ചട്ടങ്ങളിൽ മാറ്റം വരുത്താൻ റൂൾസ് കമ്മിറ്റിക്ക് അധികാരമുണ്ടെന്നും സ്‌പീക്കർ വിശദീകരികരിച്ചു. വിമർശിക്കാൻ പ്രതിപക്ഷത്തിന് അവകാശം ഉള്ളതുപോലെ സ്‌പീക്കർ എന്ന നിലയിൽ ഭരണഘടന സംരക്ഷിക്കേണ്ട ബാദ്ധ്യതയും തനിക്കുണ്ടെന്ന് ശ്രീരാമകൃഷ്‌ണൻ വിശദീകരിച്ചു. ഭരണഘടന മാറ്റാൻ തനിക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കർ വിചാരിച്ചാലും നടക്കില്ല: മന്ത്രി ബാലൻ
സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം സഭാനാഥനായ സ്‌പീക്കർക്കെതിരെ ദു:സൂചനയോടെ ആരോപണങ്ങൾ ഉന്നയിച്ചതായി പാർലമെന്ററികാര്യ മന്ത്രി എ.കെ.ബാലൻ പറഞ്ഞു. സ്‌പീക്കർക്കെതിരായ പരാമർശം സഭാരേഖകളിൽ നിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഭരണഘടന അനുസരിക്കേണ്ടതിനാൽ തന്നെ സ്‌പീക്കർ വിചാരിച്ചാൽ പോലും അദ്ദേഹത്തിനെതിരായ പ്രമേയം ചർച്ചയ്ക്ക് എടുക്കാനാകില്ലെന്നും ബാലൻ വിശദീകരിച്ചു. സഭ ചേരുന്ന കാര്യം ചെന്നിത്തലയെ മുഖ്യമന്ത്രി തന്നെ അറിയിച്ചിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
'ആവശ്യപ്പെട്ടത് പ്രതിപക്ഷം'
സഭ വിളിക്കുന്ന കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ തന്നോട് സംസാരിച്ചിരുന്നതായി ചെന്നിത്തല സമ്മതിച്ചു. സഭ വിളിക്കണമെന്ന കാര്യം പ്രതിപക്ഷമാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. സർക്കാരിനെതിരായ അവിശ്വാസപ്രമേയ നോട്ടീസും സ്‌പീക്കർക്കെതിരായ നോട്ടീസും ഉണ്ടെന്ന് അന്ന് തന്നെ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. പിന്നീട് അദ്ദേഹത്തിന്റെ ഓഫീസിനെയും മന്ത്രി എ.കെ.ബാലനെയും ഇക്കാര്യം അറിയിച്ചിരുന്നുവെന്നും ചെന്നിത്തല വിശദീകരിച്ചു. എന്നാൽ, അനുവാദമുണ്ടായില്ല. ഇപ്പോൾ സ്‌പീക്കർ പദവിയുടെ മഹനീയത കാത്തുസൂക്ഷിക്കുന്നതിൽ ശ്രീരാമകൃഷ്‌ണൻ പരാജയപ്പെട്ടു. അതിനാൽ പദവിയുടെ ഔന്നത്യം ഉയർത്തിപ്പിടിക്കാൻ വേണ്ടി അദ്ദേഹം സ്ഥാനം ഒഴിയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.