ലഡാക്ക്: ലഡാക്കിൽ ചൈനീസ് സൈന്യം നടത്തിയ അതിക്രമങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള സൈനിക മാർഗം പട്ടികയിൽ ഉണ്ടെന്ന് ഇന്ത്യൻ ചീഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്ത്. ഇരു രാജ്യങ്ങളിലെയും സൈന്യങ്ങൾ തമ്മിലുള്ള ചർച്ചയും നയതന്ത്ര ഓപ്ഷനും പരാജയപ്പെട്ടാൽ മാത്രമേ ഇത് നടപ്പാക്കുകയുള്ളു.
യഥാർത്ഥ നിയന്ത്രണ രേഖയിൽ (എൽ.എ.സി) അതിക്രമങ്ങൾ സംഭവിക്കുന്നത് അതിന്റെ വിന്യാസത്തെക്കുറിച്ചുള്ള വ്യത്യസ്ത ധാരണകളാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോട് സംസാരിക്കുകയായിരുന്നു ജനറൽ ബിപിൻ റാവത്ത്.
'ചൈനക്കാരുടെ അതിക്രമങ്ങൾ കൈകാര്യം ചെയ്യാനുള്ള സൈനിക നടപടികൾ നടക്കുന്നുണ്ടെങ്കിലും നയതന്ത്ര, സൈനിക തലത്തിലുള്ള ചർച്ചകൾ പരാജയപ്പെട്ടാൽ മാത്രമേ പരിഗണിക്കൂ 'സി.ഡി.എസ് ജനറൽ ബിപിൻ റാവത്ത് പറഞ്ഞു. അതേസമയം, സൈനിക ഓപ്ഷനുകളെക്കുറിച്ച് വെളിപ്പെടുത്താൻ അദ്ദേഹം വിസമ്മതിച്ചു.
ഇരുപക്ഷവും നയതന്ത്ര, സൈനിക ചർച്ചകളിൽ ഏർപ്പെട്ടിരിക്കുമ്പോഴും, കിഴക്കൻ ലഡാക്കിലെ പ്രധാന പ്രദേശങ്ങളിൽ ഇന്ത്യൻ സൈനികർക്ക് ശെത്യകാലത്തെ അതിജീവിക്കാൻ ആവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്ന നടപടികളിലേക്ക് കടന്നിരിക്കുകയാണ് അധികൃതർ. കഴിഞ്ഞ ജൂണിൽ ഇന്ത്യ–ചൈന അതിർത്തിയായ ഗാൽവാൻ താഴ്‌വരയിൽ നടന്ന ചൈനീസ് അതിക്രമത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നങ്ങൾ കൂടുതൽ വഷളായത്.