hanuman-temple

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പുരാതന ക്ഷേത്രം തകർത്തതായി റിപ്പോർട്ട്. കറാച്ചിയിലെ ലിയാരിയിലുള്ള ഒരു പഴയ ഹനുമാൻ ക്ഷേത്രമാണ് ഒരു കെട്ടിട നിർമ്മാതാവ് തകർത്തത്. ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ഇരുപതോളം ഹിന്ദു കുടുംബങ്ങളുടെ വീടുകളും നശിപ്പിച്ചു.

സമീപവാസികളായ ഹിന്ദുക്കൾ പുരാതന ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങൾക്ക് ചുറ്റും തടിച്ചുകൂടി പ്രതിഷേധിച്ചതിനെത്തുടർന്ന് പൊലീസെത്തി പ്രദേശം സീൽ ചെയ്തു. ക്ഷേത്രം തകർത്ത കെട്ടിട നിർമ്മാതാവിനെതിരെ അന്വേഷണത്തിന് ലിയാരി അസിസ്റ്റന്റ് കമ്മീഷണർ ഉത്തരവിട്ടതായി ഒരു പാകിസ്ഥാൻ ദിനപത്രം റിപ്പോർട്ട് ചെയ്തു. എല്ലാവർക്കും നീതി ലഭിക്കുമെന്നും, അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറഞ്ഞു.

ഒരു കെട്ടിട നിർമ്മാതാവ് ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലം വാങ്ങിയതായും, അവിടെ പാർപ്പിട സമുച്ചയം പണിയാൻ ആഗ്രഹിച്ചിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു. ക്ഷേത്രം തൊടില്ലെന്ന് അയാൾ വിശ്വാസികളോട് പറഞ്ഞിരുന്നെങ്കിലും ലോക്ക് ഡൗണിനിടയിൽ ക്ഷേത്രവും ഹിന്ദു വീടുകളും തകർക്കുകയായിരുന്നെന്ന് അവർ ആരോപിക്കുന്നു.


'ആരാധനാലയം നശിപ്പിച്ചത് അനീതിയാണ്. ഇത് ഒരു പഴയ ക്ഷേത്രമായിരുന്നു. ഞങ്ങൾ കുട്ടികളായിരുന്നപ്പോൾ മുതൽ കാണാൻ തുടങ്ങിയതായിരുന്നു ഈ ഹനുമാൻ ക്ഷേത്രം.'- പ്രദേശവാസിയായ മുഹമ്മദ് ഇർഷാദ് ഒരു മാദ്ധ്യമത്തോട് പറഞ്ഞു.

'ലോക്ക് ഡൗൺ സമയത്ത് ആരെയും ക്ഷേത്രം സന്ദർശിക്കാൻ അനുവദിച്ചില്ല. അദ്ദേഹം (നിർമ്മാതാവ്) സാഹചര്യം മുതലെടുത്ത് ആരാധനാലയം സന്ദർശിക്കാൻ കഴിയാതിരുന്ന സമയത്ത് പൊളിച്ചുമാറ്റുകയും ചെയ്തു. ക്ഷേത്രം പുനസ്ഥാപിക്കുക. ചുറ്റുപാടും താമസിക്കുന്ന കുടുംബങ്ങൾക്ക് വീട് നിർമ്മിച്ച് നൽകുക'-സമീപവാസിയായ ഹർഷ് പറഞ്ഞു. മതപരിവർത്തനം, സ്ത്രീകളെ തട്ടിക്കൊണ്ടുപോകൽ എന്നിങ്ങനെയുള്ള കാര്യങ്ങൾ ഭയന്നാണ് ജീവിക്കുന്നതെന്ന് അവർ പറയുന്നു.