തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിനെതിരെയും അതിരൂക്ഷ വിമർശിച്ച് വി.ഡി.സതീശൻ എം.എൽ.എ. നിയമസഭയിൽ നടന്ന അവിശ്വാസപ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് സതീശൻ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചത്. വില്യം ഷേക്‌സ്‌പിയറുടെ പ്രശസ്തമായ ജൂലിയസ് സീസർ എന്ന നാടകത്തിലെ ബ്രൂട്ടസിനോട് മുഖ്യമന്ത്രിയെ ഉപമിച്ചു കൊണ്ടാണ് സതീശൻ പ്രസംഗം ആരംഭിച്ചത്. ബ്രൂട്ടസിനെ ബഹുമാന്യൻ എന്നാണ് മാർക്ക് ആന്റണി വിശേഷിപ്പിച്ചത്. അതുപോലെ മുഖ്യമന്ത്രിയെയും ബഹുമാന്യൻ എന്ന് ഞാനും വിശേഷിപ്പിക്കുകയാണ്. പക്ഷേ ആദരണീയനായ മുഖ്യമന്ത്രി കപ്പിത്താനായ കപ്പൽ ചുഴിയിലും കൊടുങ്കാറ്റിലുംപെട്ട് ആടിയുലയുകയാണെന്ന് സതീശൻ പറഞ്ഞു.
നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണ്. അങ്ങനെയുള്ള കപ്പിത്താന്റെ കാബിനിൽ തന്നെയാണ് കള്ളനുള്ളത്. അദ്ദേഹത്തിന്റെ ഓഫീസിലെ ഏറ്റവും പ്രബലനായ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിയെ വരെ വരുതിയിലാക്കി. കള്ളക്കടത്ത് സംഘം മുഖ്യമന്ത്രിയുടെ ഓഫീസിനെ ഹൈജാക്ക് ചെയ്തിരിക്കുകയാണ്. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന് 2 ലക്ഷം ശമ്പളത്തിൽ ഐ.ടി പാർക്കിന് കീഴിൽ ജോലി ലഭിച്ചിട്ട് അറിഞ്ഞില്ലെന്ന് പറയുന്നത് എങ്ങനെ വിശ്വസിക്കും. മറ്റു പലർക്കും ഈ കള്ളക്കടത്തിൽ പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ലൈഫിൽ കൈക്കൂലി 9 കോടി
പാവപ്പെട്ടവർക്ക് വീട് വച്ചുനൽകുന്നതിനുള്ള ലൈഫ് മിഷൻ പദ്ധതിയെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റി. ഇതിനായി ചട്ടം ലംഘിച്ച് വിദേശത്ത് നിന്നുകൊണ്ടുവന്ന 20 കോടി എവിടെ പോയി. ലൈഫ് മിഷനിൽ 4.5 കോടിയാണ് കമ്മിഷനെന്ന കാര്യം തനിക്ക് അറിയാമെന്ന് ധനകാര്യ മന്ത്രി തോമസ് ഐസക്ക് തന്നെ ഒരു ടി.വി ചാനലിൽ പറഞ്ഞതാണ്. ഇതേക്കുറിച്ച് അന്വേഷിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും സതീശൻ ചോദിച്ചു. കടം എടുക്കൽ മാത്രമാണ് ധനമന്ത്രിയുടെ പണി.
'ജലീൽ ദിവ്യ പുരുഷൻ'
മന്ത്രി കെ.ടി.ജലീലിനെതിരെയും സതീശൻ ആരോപണം ഉന്നയിച്ചു. ജലീൽ 'ദിവ്യ' പുരുഷനാണ്. കള്ളക്കടത്തിന് വിശുദ്ധഗ്രന്ഥത്തെ അദ്ദേഹം മറയാക്കി. മന്ത്രിക്ക് സക്കാത്ത് കൊടുക്കണമെന്നുണ്ടായിരുന്നെങ്കിൽ അത് സ്വന്തം കൈയിൽ നിന്ന് കൊടുക്കണമായിരുന്നുവെന്നും ജലീൽ പറഞ്ഞു. എന്ത് ചോദിച്ചാലും ഒന്നും അറിയില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. മൗനിയായി ഇരിക്കുന്ന മുഖ്യമന്ത്രി ജനാധിപത്യത്തെ 51 വെട്ട് വെട്ടി കൊല്ലരുതെന്നും സതീശൻ അഭ്യർത്ഥിച്ചു.
സതീശന്റെ മറ്റ് ആരോപണങ്ങൾ
കൊവിഡ് പ്രതിരോധത്തിൽ പ്രതിപക്ഷത്തെ പങ്കാളികളാക്കിയില്ല
സംസ്ഥാനത്ത് നിയമന നിരോധനം, ഉദ്യോഗാർത്ഥികളെ വഞ്ചിച്ചു
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് വരെ പാർട്ടിക്കാർ പണം തട്ടിയിട്ടും നടപടി എടുത്തില്ല
കൺസൾട്ടൻസി രാജിനെ കുറിച്ച് ധവള പത്രം ഇറക്കണം
വിമാനത്താവളം സംബന്ധിച്ച് സംസ്ഥാനത്തിന്റെ ടെണ്ടർ തുക അദാനിക്ക് ചോർത്തി നൽകി