ed

കൊച്ചി: സ്വർണക്കടത്ത് കേസിൽ നിർണായകമായ അറസ്‌റ്റിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേ‌റ്റ് കടക്കുകയാണ്.ദുബായ് കേന്ദ്രീകരിച്ച് കേരളത്തിലേക്ക് നടന്ന കള‌ളക്കടത്തിൽ എൻ.ഐ.എ സംഘം ദുബായിൽ നടത്തിയ അന്വേഷണ വിവരങ്ങൾ ഇ.ഡിക്കും കസ്‌റ്റംസിനും കൈമാറും. ഇത് പരിശോധിച്ച ശേഷമാകും എൻഫോഴ്‌സ്‌മെന്റ് അറസ്‌റ്റ് നടപടിയിലേക്ക് കടക്കുന്ന എന്നാണ് ലഭ്യമായ വിവരം. ബുധനാഴ്‌യോടെ അറസ്‌റ്റ് ഉണ്ടാകുമെന്നാണ് കരുതുന്നത്.

ദുബായിൽ നിന്നും കേരളത്തിലേക്ക് നടത്തിയ സ്വർണം കള‌ളക്കടത്തിന്റെയും കള‌ളപ്പണ ഇടപാടിന്റെയും വിവരങ്ങളും എൻ.ഐ.എ ഇവർക്ക് കൈമാറും. എന്നാൽ സ്വർണക്കടത്തിൽ ഭീകരബന്ധം സംബന്ധിച്ച തെളിവുകൾ എൻ.ഐ.എക്ക് ലഭിച്ചിട്ടില്ലെന്നാണ് വിവരം. ദുബായിൽ പൊലീസ് കസ്‌റ്റഡിയിലായ ഫൈസൽ ഫരീദ് സ്വർണക്കടത്തിൽ സ്വന്തം സ്ഥാപനത്തെ മറയാക്കിയതിനാണ് കേസിൽ പ്രതിയായത്. കള‌ളക്കടത്തിന് പാഴ്‌സൽ ഒരുക്കിയതാണ് മ‌റ്റൊരു പ്രതിയായ റബിൻസിന്റെ കേസിലെ പങ്ക്.

അതേസമയം സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌നയും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കറും ചേർന്ന് ബഹിരാകാശ രഹസ്യങ്ങൾ വിദേശ രാജ്യങ്ങൾക്ക് വിറ്റെന്ന സംശയം പ്രകടിപ്പിക്കുന്ന ലേഖനം സി.പി.ഐ മുഖപത്രമായ ജനയുഗത്തിൽ വന്നിരുന്നു.
ശിവശങ്കറും സ്വപ്നയും ഐ.എസ്.ആർ.ഒ. ആസ്ഥാനത്ത് ഇടയ്ക്കിടെ സന്ദർശനം നടത്തിയത് ഗൂഢോദ്ദേശത്തോടെ ആണെന്ന് എൻ.ഐ.എ. കണ്ടെത്തിയെന്നും റിപ്പോർട്ടിലുണ്ട്. ഇരുവരും ഐ.എസ്.ആർ.ഒയിലെ പ്രമുഖരായ ശാസ്ത്രജ്ഞരുമായി ഒരു നക്ഷത്ര ഹോട്ടലിൽ കൂടിക്കാഴ്ചകൾ നടത്താറുണ്ടെന്ന് രഹസ്യാന്വേഷണ ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്.ഈ വിവരങ്ങൾ റോയും കേന്ദ്ര ഇന്റലിജൻസ് ബ്യൂറോയും എൻ.ഐ.എയ്ക്ക് കൈമാറിയതായും, ഇതിനു പിന്നാലെയാണ് എൻ.ഐ.എയുടെ അഞ്ചംഗ സംഘം അന്വേഷണത്തിനായി ദുബായിൽ എത്തിയതെന്നും റിപ്പോർട്ടിൽ ഉണ്ട്.