തിരുവനന്തപുരം വിമാനത്താവള വികസനത്തെ പ്രതികൂലിച്ചും അനുകൂലിച്ചുമുള്ള വാർത്തകളാണ് നമുക്ക് ചുറ്റും. ഈ നഗരത്തെ സ്നേഹിക്കുന്നവർക്ക് വലിയ ആശങ്കയാണ് ഇപ്പോഴത്തെ രാഷ്ട്രീയ തീരുമാനങ്ങളുണ്ടാക്കുന്നത്. അന്തർദേശീയ വ്യോമയാന വഴിയിൽ ഒരു ട്രാൻസിറ്റ് എയർപോർട്ട് എന്ന രീതിയിൽ വികസിപ്പിക്കേണ്ട ഒരു വിമാനത്താവളം കേന്ദ്രവും കേരളവും ഭരിച്ചിരുന്നവരുടെ ചിറ്റമ്മ നയം കൊണ്ട് , രാഷ്ട്രീയക്കാർക്കും, ഉദ്യോഗസ്ഥർക്കും സൗജന്യ യാത്ര ചെയ്യാനുള്ള വിമാനത്താവളമായി മാറിയിരിക്കുന്നു. സാധാരണ ജനങ്ങൾക്ക് യാത്ര ചെയ്യണമെങ്കിൽ കേരളത്തിലെ മറ്റ് വിമാനത്താവളങ്ങളെക്കാൾ പകുതിയിലേറെ യാത്രക്കൂലി കൂടുതൽ നൽകിയാൽ മാത്രമേ യാത്ര തരപ്പെടൂ. ഇപ്പോഴത്തെ എൽ.ഡി.എഫ്- യു. ഡി.എഫ് ഐക്യമുന്നണി ജനങ്ങളോട് പറയുന്നത് സംസ്ഥാന സർക്കാർ വിമാനത്താവളത്തെ ഏറ്റെടുത്തു വികസിപ്പിക്കുമെന്നാണ്. കേന്ദ്രത്തിൽ പത്തുവർഷം യു.പി.എ ഗവൺമെന്റ് ഭരിച്ചിരുന്ന സമയത്ത് കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിച്ചിരുന്നതാണ്. ഇങ്ങനെ ഒരു വിമാനത്താവള വികസനം ഈ രണ്ട് ഗവണ്മെന്റുകളുടേയും മനസിലുണ്ടായിരുന്നെങ്കിൽ തിരുവനന്തപുരം വിമാനത്താവളം പത്തു വർഷം മുൻപേ ഒരു ലോകോത്തര ട്രാൻസിറ്റ് വിമാനത്താവളമായേനെ. ഈ കാലയളവിൽ അവർ ചെയ്തത് കൊച്ചിയിൽ പുതിയ ടെർമിനൽ കെട്ടാനും കണ്ണൂരിൽ പുതിയ വിമാനത്താവളം ഉണ്ടാക്കുകയുമായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിന്റെ വികസനം കിയാലിനെയും, സിയാലിനെയും ഭയപ്പെടുത്തുകയാണെന്നു തോന്നുന്നു. ഈ രണ്ട് മാനേജ്മെന്റുകളും ഇങ്ങനെയൊരു മത്സരം ഇഷ്ടപ്പെടുന്നില്ല. കേരളത്തിലെ ഒട്ടുമിക്ക രാഷ്ട്രീയ നേതാക്കന്മാർക്കും കൊച്ചിയിലും കണ്ണൂരിലുമുള്ള വൻ നിക്ഷേപങ്ങളായിരിക്കാം ഇതിന് പിന്നിലുള്ളത്. ഇതൊന്നും അറിയാതെ തിരുവനന്തപുരം വിമാനത്താവളത്തിന് തുരങ്കം വയ്ക്കാൻ കൂടെ നിൽക്കുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ. നിങ്ങൾക്കോ നിങ്ങളുടെ കുടുംബങ്ങൾക്കോ മിതമായ നിരക്കിൽ വിമാനയാത്ര ചെയ്യേണ്ടി വന്നാൽ ട്രെയിൻ മാർഗം കൊച്ചിയിലേക്കോ, കണ്ണൂരിലേക്കോ പോകാതെ നിവൃത്തിയില്ല. അതുകൊണ്ട് രാഷ്ട്രീയക്കാരുടെ കാപട്യം മനസിലാക്കി ബുദ്ധിപൂവം തീരുമാനമെടുക്കാൻ തിരുവനന്തപുരം നിവാസികൾ തയ്യാറാകണമെന്ന് അഭ്യർത്ഥിക്കുന്നു.
ഡോ. മഹേഷ്
തിരുവനന്തപുരം
തൊഴിൽപരമായ സത്യസന്ധത ചോദ്യം ചെയ്യുന്നത് മര്യാദയല്ല
അദാനിയുടെ പുത്രഭാര്യ ഉൾപ്പെടുന്ന അഭിഭാഷകഫേമിനെ കൺസൾട്ടൻസിയാക്കിയതു കൊണ്ടുമാത്രം അവർ, അദാനി പങ്കെടുക്കുന്ന/പങ്കെടുത്ത ടെൻഡറിൽ തങ്ങളെ നിയോഗിച്ചവരുടെ
താത്പര്യത്തിന് വിരുദ്ധമായി എന്തെങ്കിലും ചെയ്തെന്ന് പ്രതീക്ഷിക്കുന്നത് മര്യാദയല്ല.
എ.ഐ.സി.സി വക്താക്കളായ സുപ്രീം കോടതി അഭിഭാഷകർ കെ.പി.സി.സിക്ക് താത്പര്യമില്ലാത്ത എത്രയോ കേസുകളിൽ ഹൈക്കോടതിയിലും മറ്റും വാദത്തിനെത്തിയിരിക്കുന്നു. അവർ തങ്ങളെ ഏർപ്പെടുത്തിയ കക്ഷികൾക്കെതിരെ എതിർകക്ഷിയുടെ വക്കീലുമായി ചേർന്ന് ഒത്തുകളിച്ച് ഒതുങ്ങുന്നവരാണെന്ന നിലപാട് കെ.പി.സി.സിക്കുണ്ടാവുമോ? പ്രൊഫഷണൽ ആയി പ്രവർത്തിക്കുന്ന ഒരു അഭിഭാഷകനും അയാളുടെ തൊഴിൽപരമായ സദാചാരവും സത്യസന്ധതയും പണയം വച്ചുകൊണ്ട് പെരുമാറുകയില്ല. അതു തന്നെയാവാം കേരള ഗവൺമെന്റ് അദാനിയുടെ പുത്രഭാര്യ ഉൾപ്പെടുന്ന ഫേമിന് കൺസൾട്ടൻസി കൊടുക്കാൻ ഇടയാക്കിയതും. അദാനിയുടെ പുത്രഭാര്യയുടെ ഫേമിന്റെ തൊഴിൽപരമായ സദാചാരത്തേയും സത്യസന്ധതയും ചോദ്യം ചെയ്യുന്നത് മാന്യതയാണോ എന്നാലോചിക്കുന്നത് നന്നാവും, സ്വതന്ത്രമായി സ്വന്തം തൊഴിൽ ചെയ്യുക എന്നുള്ളത് ഏതൊരാളുടേയും മൗലിക അവകാശമാണ്. അതിന്മേലുള്ള കടന്നുകയറ്റം അവകാശ നിഷേധമായിരിക്കും.
തന്റെ കേസ് ജയിക്കാനും തനിക്ക് അനുകൂലമായ വിധി നേടിയെടുക്കാനും ആർക്ക് കഴിയും എന്ന് ചിന്തിക്കാനും അതിനനുസരിച്ച് ഇഷ്ടപ്പെട്ട അഭിഭാഷകനെ ഏർപ്പെടുത്താനും കക്ഷികൾക്കവകാശമുണ്ട് അതിലുളള കൈകടത്തൽ ജനാധിപത്യ മര്യാദയല്ല. ജനാധിപത്യത്തിൽ എതിർക്കാനും
എതിർക്കപ്പടാനുമുള്ള അവസരമുണ്ട്. ജനാധിപത്യ മര്യാദ പാലിച്ചായിരിക്കണം അതിന്റെ ഉപയോഗം.
ലാലു ജോസഫ്
തിരുവനന്തപുരം