എ.ബി. രാജിന്റെ വേർപാട് ദക്ഷിണേന്ത്യൻ സിനിമയിലെ ഒരു കാലഘട്ടത്തിന്റെ അസ്തമയമാണ്......
ജനകീയ സിനിമകളുടെ അമരക്കാരൻ എ.ബി.രാജ് വിടവാങ്ങി. കുടുംബ ചിത്രങ്ങളും ആക്ഷൻ ചിത്രങ്ങളും മികച്ച രീതിയിൽ അവതരിപ്പിച്ച സംവിധായകൻ എന്നതിനൊപ്പം കാലഘട്ടങ്ങൾ ഓർമ്മിക്കുന്ന മധുര ഗാനങ്ങൾ പലതും രാജിന്റെ സിനിമകളിലൂടെയായിരുന്നു മലയാളി ശ്രവിച്ചത്.ഹൃദയസ്തംഭനത്തെ തുടർന്ന് ചെന്നൈയിലെ വിരുകംപാക്കത്ത് മകളും നടിയുമായ ശരണ്യയുടെ വസതിയിലായിരുന്നു അന്ത്യം.
ശ്രീലങ്കയിൽ സിംഹള സിനിമകളിലൂടെ സംവിധാന രംഗത്തെത്തിയ അദ്ദേഹം 1951 മുതൽ 1986 വരെ സിനിമ രംഗത്ത് സജീവമായി നിന്നു. ചെയ്ത സിനിമകളെല്ലാം സൂപ്പർഹിറ്റ് .. രണ്ട് പതിറ്റാണ്ടിലേറെ മലയാള സിനിമയെ നിയന്ത്രിച്ച സംവിധായക പ്രതിഭയായിരുന്നു രാജ്.പ്രേംനസീറിന്റെ പല ഹിറ്റ് ചിത്രങ്ങളുടെയും സംവിധായകൻ രാജായിരുന്നു. അക്കാലത്ത് തിയേറ്ററുകളെ ആവേശത്തിലാക്കിയിരുന്നത് എ.ബി.രാജിന്റെ സിനിമകളായിരുന്നു. സിനിമയാണ് തന്റെ ലഹരിയെന്ന് അദ്ദേഹം ഒരിക്കൽ പറഞ്ഞിരുന്നു.കോമഡിയും ,പാട്ടും ,മേളവുമായി എ .ബി രാജിന്റെ സിനിമകൾ ആരാധകർക്ക് ആഘോഷമായിരുന്നു. ആലപ്പുഴ സ്വദേശി ഭാഗ്യനാഥ പിള്ളയുടെയും രാജാമ്മയുടെയും മകനായി മധുരയിൽ 1929 ൽ ജനിച്ചു. ജനിച്ചത് തമിഴ്നാട്ടിലാണെങ്കിലും രാജിന്റെ സിംഹാസനം ഇങ്ങ് മലയാള സിനിമയിലായിരുന്നു. തമിഴ്നാട്ടിലെ വിവിധ സ്ഥലങ്ങളിലായി വിദ്യാഭ്യാസം നേടി . കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കാതെ സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു.
1949 ൽ സേലം മോഡേൺ തിയേറ്ററിൽ ടി .ആർ .സുന്ദറിന്റെ സഹായിയായി പ്രവേശിച്ചാണ് സിനിമയിലേക്കുള്ള തന്റെ വഴി എ .ബി. രാജ് ഒരുക്കിയത്. അദ്ദേഹത്തിൽ നിന്ന് സംവിധാനത്തിൽ പരിശീലനം നേടി.1951ൽ വഹാബ് കാശ്മീരി എന്നയാളുടെ ക്ഷണപ്രകാരം ശ്രീലങ്കയിൽ എത്തിയ എ.ബി രാജ് ബണ്ഡകംസു ടൗൺ എന്ന സിംഹള ചിത്രം ചെയ്തു. പതിനൊന്നു വർഷക്കാലം സിലോണിലായിരുന്നു.പതിനൊന്ന് സിംഹള ചിത്രങ്ങൾ സംവിധാനം ചെയ്തു.ഡേവിഡ് ലീനിന്റെ പ്രശസ്ത സിനിമയായ 'ബ്രിഡ്ജ് ഇൻ ദി റിവർ ക്വായി' എന്ന സിനിമയിൽ സഹസംവിധായകനായി പ്രവർത്തിച്ചു.
1968ൽ കളിയില്ല കാര്യം എന്ന ആദ്യ ചിത്രത്തിലൂടെ മലയാള സിനിമയിൽ തന്റെ സ്ഥാനം അദ്ദേഹം ഉറപ്പിച്ചു. കണ്ണൂർ ഡീലക്സ്,ഡെയ്ഞ്ചർ ബിസ്കറ്റ്,സി.ഐ.ഡി നസീർ ,എഴുതാത്ത കഥ,ലോട്ടറി ടിക്കറ്റ്,ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു പച്ചനോട്ടുകൾ,കഴുകൻ,ഇരുമ്പഴികൾ,സൂര്യവംശം,അഗ്നിശരം,അടിമച്ചങ്ങല,ഫുട്ബോൾ ചാമ്പ്യൻ, ഹണിമൂൺ, രഹസ്യരാത്രി, ഉല്ലാസയാത്ര, ഹലോ ഡാർലിംഗ്,അഷ്ടമി രോഹിണി, ചീഫ് ഗസ്റ്റ്, ടൂറിസ്റ്റ് ബംഗ്ലാവ്, ലൈറ്റ് ഹൗസ്, ആക്രോശം, താളം തെറ്റിയ താരാട്ട് തുടങ്ങി ഒട്ടേറെ മലയാളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ഓർമിക്കാൻ ഓമനിക്കാൻ ആണ് അവസാന ചിത്രം. ജയ് മാരുതിയുടെയും ഗണേഷ് പിക്ചേഴ്സിന്റെയും സിനിമകളിലാണ് അദ്ദേഹം തുടർച്ചയായി പ്രവർത്തിച്ചത്.സ്വന്തമായി ഒരു ഡസനിലധികം ചിത്രങ്ങൾ ആന്റണി ഭാസ്കർ രാജ് എന്ന എ.ബി.രാജ് നിർമ്മിക്കകയും ചെയ്തു.മലയാളികൾ എന്നെന്നും ഓർമ്മിക്കുന്ന ഉത്തരാ സ്വയംവരം കഥകളി കാണുവാൻ, അശ്വതി നക്ഷത്രമെ, തുടങ്ങി എണ്ണമറ്റ ഗാനങ്ങൾ അദ്ദേഹത്തിന്റെ സിനിമകളിലേതായിരുന്നു.ശാസ്ത്രം ജയിച്ചു മനുഷ്യൻ തോറ്റു എന്ന ചിത്രത്തിൽ യേശുദാസ് ആലപിച്ച ആറാട്ടിനാനകൾ എഴുന്നള്ളി,ജയചന്ദ്രൻ പാടിയ ചന്ദനത്തിൽ കടഞ്ഞെടുത്തൊരു,ബ്രഹ്മാനന്ദന്റെ താരകരൂപിണി എന്നീ ഗാനങ്ങൾ എന്നത്തേയും സൂപ്പർ ഹിറ്റായിരുന്നു.
എഴുതാത്ത കഥ എന്ന ചിത്രത്തിന് ദേശിയ അംഗീകാരം ലഭിച്ചത് മലയാള സിനിമയുടെ യശസ്സ് ഉയർത്തിയിരുന്നു. ഷീലയുടെ സിനിമ ജീവിതത്തിൽ വഴിത്തിരിവായ കഥാപാത്രമായിരുന്നു എഴുതാത്ത കഥയിലെ കായംകുളം കമലമ്മ. എ .ബി രാജിന്റെ ചിത്രങ്ങളിൽ ഗാനങ്ങൾക്ക് കൂടുതൽ സ്ഥാനം നൽകാറുണ്ട്.
ഇന്നും മലയാളികളുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന ഒരുപാട് നല്ല ഗാനങ്ങൾ എ.ബി.രാജിന്റെ ചിത്രങ്ങളിലേതാണ്. പ്രേം നസീറിന്റെ ഒട്ടേറെ പോലീസ് വേഷങ്ങളും ഇടിവെട്ട് ഡയലോഗുകളും എ.ബി.രാജ് സമ്മാനിച്ചതാണ്.ചിരിക്കുടുക്കയുടെ തമിഴ് റീമേക്ക് ശിവാജി ഗണേശനും ചന്ദ്രബാബുവും അഭിനയിച്ച തുള്ളിയോടും പുള്ളിമാനും, കൈ നിറയെ കാസ് എന്നിവയാണ് രാജിന്റെ തമിഴ് ചിത്രങ്ങൾ.ഭാര്യ സരോജിനി 1993ൽ അന്തരിച്ചു. മൂന്നു മക്കൾ ജയപാൽ, മനോജ്, ഷീല (ശരണ്യ എന്ന അറിയപ്പെടുന്ന തമിഴ്മലയാളി നടി).ഷോലെ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ പ്രമേയം അനുകരിച്ച് പ്രേംനസീർ,ജയൻ എന്നിവരെ പ്രധാന കഥാപാത്രമാക്കി എടുത്ത ഇരുമ്പഴികൾ സൂപ്പർഹിറ്റായിരുന്നു.ഐ.വി.ശശിയും ഹരിഹരനുമടക്കം ഒട്ടേറെ പ്രശസ്ത സംവിധായകർ രാജിന്റെ ശിഷ്യൻമാരായിരുന്നു.ദക്ഷിണേന്ത്യൻ സിനിമയിലെ വലിയ ഷോമാനായിരുന്ന സംവിധായകനാണ് രാജ്.