മുതിർന്ന മാതാപിതാക്കളെ തിരിഞ്ഞു നോക്കാത്ത മക്കളും ചെറുമക്കളുമൊന്നും ഇന്ന് അത്ഭുതപ്പെടുത്തുന്ന സൃഷ്‌ടികളേ അല്ലാതായിരിക്കുന്നു.
അവശരായ അച്ഛനേയോ അമ്മയേയോ കൊല്ലുകയോ ആക്രമിക്കുകയോ ചെയ്യുന്ന മക്കളും ചെറുമക്കളും നമുക്ക് ചുറ്റിലുമുണ്ട്. താമസ സൗകര്യമോ യഥാസമയം ഭക്ഷണമൊ മരുന്നോ ഈ സാധുക്കൾക്ക് കിട്ടുന്നുമില്ല. സ്വന്തമായി വരുമാനമുള്ളവർ ആ തുകയുടെ പേരിലും സ്വത്തിന്റെ പേരിലും വരുമാനമില്ലാത്തവർ ഇല്ലായ്മയുടെ പേരിലും ആക്രമിക്കപ്പെടുന്നു .
ഒരായുഷ്‌ക്കാലം മുഴുവനും കഷ്ടപ്പെട്ട് മക്കൾക്ക് രാജകീയ ജീവിതമൊരുക്കി അവരുടെ കുഞ്ഞുങ്ങളെയും സംരക്ഷിച്ച് കഴിയുമ്പോൾ വീട്ടിൽ നിന്ന് പുറം തള്ളപ്പെടുന്നവരുടെ എണ്ണം കൂടുകയാണ്. അടുത്തിടെ ഈ ലേഖിക സന്ദർശിച്ച വീട്ടിൽ, കിടപ്പിലായിപ്പോയ മുത്തശ്ശിയെ വീടിനു പിന്നിലെ സ്റ്റോറിനോട് ചേർന്നുള്ള കുടുസുമുറിയിൽ പഴകി ദ്രവിച്ച കട്ടിലിൽ കിടത്തിയിരിക്കുന്നു. മറ്റുമക്കൾ പുറംതള്ളിയപ്പോൾ ഇളയ മകളുടെ കുടുംബം വൃദ്ധയെ ഏറ്റെടുത്തതിന്റെ ഭാഗമായി പണിതതാണ് കുടുസു മുറി! കൊറോണക്കാലത്ത് , ഉണ്ടായിരുന്ന വീട്ടുജോലികൂടി നഷ്ടപ്പെട്ട് മകനൊപ്പം താമസിക്കാനെത്തിയ വൃദ്ധയായ മാതാവിനെ 'അലഞ്ഞു തിരിഞ്ഞു നടന്ന് കൊറോണയുമായി വന്നിരിക്കുന്നു' എന്ന്പറഞ്ഞു വീട്ടിൽനിന്ന് ചവിട്ടി പുറത്താക്കി.
2011ലെ ജനസംഖ്യാ കണക്കനുസരിച്ച് കേരളത്തിൽ മൊത്തം ജനസംഖ്യയിൽ 12.6 ശതമാനമാണ് 60 വയസിനു മുകളിലുള്ളവർ. അടുത്ത കാനേഷുമാരി (2025 )യിൽ ജനസംഖ്യയുടെ 20 ശതമാനം വൃദ്ധരായിരിക്കും. കേരളത്തിലെ പ്രതീക്ഷിത ആയുർദൈർഘ്യം പുരുഷൻമാരുടേത് 77. 8 ഉം സ്ത്രീയുടേത് 72. 5 ആണ്.
വൃദ്ധരായ മാതാപിതാക്കളോട് സ്‌നേഹവും കരുതലുമുള്ള മക്കളും ഉണ്ട്. എന്നാൽ തൊഴിലുമായി ദൂരെ ആയിപ്പോകുന്നവരും, മക്കളുടെ വിദ്യാഭ്യാസകാര്യങ്ങൾക്കായും അനാരോഗ്യ അവസ്ഥകൊണ്ടും നിസഹായരായി പോകുന്നവരും കുറവല്ല. ഇങ്ങനെയുള്ള എല്ലാസാഹചര്യങ്ങൾ കണക്കിലെടുത്ത് സുരക്ഷിതവും അഭികാമ്യവുമായ സംവിധാനം വയോജനങ്ങൾക്കായി സർക്കാർ ഒരുക്കണം. നിലവിലുള്ള 'വൃദ്ധസദനങ്ങൾ' ഇതിന് പര്യാപ്‌തമല്ല. കാരണം വൃദ്ധ സദനങ്ങളെ പൊതുവെ 'ആർക്കും വേണ്ടാത്തവരെ തള്ളാനുള്ള ഒരിടമായിട്ട് ' കാണുന്നതിനാൽ ഇത്തരം ഇടങ്ങളിൽ നിന്ന് അകന്നുനിൽക്കാനേ വയോജനങ്ങൾ ആഗ്രഹിക്കൂ. പഞ്ചായത്ത്\ വാർഡ് തലത്തിൽ ഇതിനായി പ്രത്യേക പാലിയേറ്റിവ് സെന്ററുകൾ തയ്യാറാക്കാം. ഇവയ്‌ക്ക് രോഗീപരിചരണവും വൈദ്യസഹായവും നൽകാൻ വേണ്ട സംവിധാനങ്ങളും ഉണ്ടാകണം.പ്രാദേശികമായി ഇത്തരം സംവിധാനം ഒരുക്കുമ്പോഴുള്ള മേന്മ അവിടെയെത്തുന്ന കൂടുതൽ പേരും പ്രദേശവാസികളും പരിചയക്കാരും ആയിരിക്കും. ബന്ധുക്കൾക്കും ശ്രദ്ധിക്കാനാവും. ഇത് വയോജനങ്ങൾക്ക് ആശ്വാസവും മാനസികോല്ലാസവും നല്‌കും. സ്വന്തം ഉത്തരവാദിത്വത്തിൽ നിന്ന് ഒളിച്ചോടുന്ന മക്കളും, ആക്രമിക്കപ്പെടുന്ന മാതാപിതാക്കളും ശ്രദ്ധിക്കേണ്ട കാര്യം വയോജന സംരക്ഷണത്തിനായി ഇവിടെ നിയമമുണ്ട് എന്നതാണ്. Maintenance and welfare of parents and Senior Citizen Act -2007 എന്നാണ് ഇതറിയപ്പെടുന്നത്.
നിയമ വ്യവസ്ഥ
സ്വന്തം സമ്പാദ്യം കൊണ്ടോ, ഉടമസ്ഥതയിലുള്ള സ്വത്ത് കൊണ്ടോ സ്വയം സംരക്ഷിക്കാൻ കഴിയാതെ വരുന്ന മാതാവ്, പിതാവ് എന്നിവർക്ക്, ഒന്നോ അതിലധികം മക്കളിൽ നിന്നോ, മക്കളില്ലാത്ത മുതിർന്ന പൗരനാണെങ്കിൽ അടുത്ത ബന്ധുവിൽ നിന്നോ സംരക്ഷണം ലഭിക്കാൻ അർഹതയുണ്ട്. സംരക്ഷിക്കാൻ ബാധ്യതയുള്ളവർ വിമുഖത കാട്ടുകയാണെങ്കിൽ അവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളാം. മക്കളില്ലാത്ത മുതിർന്ന പൗരനെ സംരക്ഷിക്കാൻ അയാളുടെ സ്വത്ത് കൈവശം വെച്ചിരിക്കുകയോ, സ്വത്തിൽ പിന്തുടർച്ചാവകാശം ലഭിക്കുകയോ ചെയ്യുന്ന വ്യക്തി ബാധ്യസ്ഥനാണ്.
സംരക്ഷണം കിട്ടാത്ത മുതിർന്ന പൗരന് സ്വമേധയോ അധികാരപ്പെടുത്തിയ മറ്റൊരാൾ വഴിയോ, ഏതെങ്കിലും രജിസ്റ്റേർഡ് സംഘടന വഴിയോ റവന്യൂ ഡിവിഷണൽ ഓഫീസർക്കു പരാതി നൽകാം. ട്രൈബ്യൂണലിനു സ്വമേധയാ കേസെടുക്കാം. പരാതി ലഭിച്ചാൽ 90 ദിവസത്തിനുള്ളിൽ ട്രൈബ്യൂണൽ തീരുമാനമെടുക്കേണ്ടതും പ്രത്യേക കാരണമുണ്ടായാൽ 30 ദിവസം കൂടി നീട്ടാവുന്നതുമാണ്. ഈ ഉത്തരവിനു ശേഷവും എതിർകക്ഷി അത് ലംഘിക്കുകയാണെങ്കിൽ അവർക്കെതിരെ വാറണ്ട് പുറപ്പെടുവിക്കാവുന്നതും സംരക്ഷണം ഉറപ്പാക്കും വരെ തടവിൽ പാർപ്പിക്കാവുന്നതുമാണ്.
( ലേഖികയുടെ ഫോൺ : 9495482914 )