തിരുവനന്തപുരം: ഓണക്കോടി പോലെ തന്നെ പ്രധാനമാണ് ഓണത്തിന് മഞ്ഞക്കോടിയും. തിരുവോണ ദിവസം പുതു വസ്ത്രങ്ങൾക്കൊപ്പം മഞ്ഞക്കോടിയും നൽകുന്ന പതിവ്, കാലങ്ങളായി മലയാളികൾ പിന്തുടർന്നു വരുന്നതാണ്. പക്ഷേ, കൊവിഡെന്ന മഹാമാരി സമൂഹത്തിന്റെ എല്ലാ മേഖലയേയും തച്ചുതകർത്തപ്പോൾ ഇക്കുറി മഞ്ഞക്കോടി വ്യാപാരം നിറംകെട്ടു.
കുട്ടികളാണ് മഞ്ഞക്കോടിയുടെ ഏറ്റവും വലിയ ഉപഭോക്താക്കൾ. മുതിർന്നവർ മഞ്ഞക്കോടി നൽകുന്നതും കുട്ടികൾക്ക് തന്നെ. തലയിലോ കഴുത്തിലോ മഞ്ഞക്കോടിയും ചുറ്റി കുട്ടികൾ മുതിർന്നവർക്കൊപ്പം നടക്കുന്ന കാഴ്ച പക്ഷേ, ഇത്തവണ കുറവാണ്. കടകളിൽ മഞ്ഞക്കോടികൾ വിൽപനയ്ക്ക് എത്തിച്ചിട്ടുണ്ടെങ്കിലും വാങ്ങാൻ ആവശ്യക്കാർ എത്തുന്നില്ലെന്ന് വ്യാപാരികൾ പറയുന്നു. മുൻകാലങ്ങളിൽ ഓണത്തിന് ഒരാഴ്ച മുമ്പ് തന്നെ മഞ്ഞക്കോടിയുടെ കച്ചവടം തകൃതിയായി നടക്കുമായിരുന്നു.
50 മുതൽ 100 രൂപാ വരെയുള്ള മഞ്ഞക്കോടികൾ വിൽപനയ്ക്കായി നഗരത്തിലെ കടകളിൽ എത്തിയിട്ടുണ്ട്. ഓണക്കാലത്ത് പ്രതിദിനം 10,000 രൂപയുടെ വരെ മഞ്ഞക്കോടി കച്ചവടം നടന്നിരുന്നു. എന്നാലിപ്പോൾ ഒരാൾ പോലും വാങ്ങാൻ എത്തുന്നില്ലെന്നതാണ് യാഥാർത്ഥ്യം. മൊത്ത വ്യാപാര കേന്ദ്രങ്ങളിൽ നിന്ന് ഹോൾസെയിൽ വിലയ്ക്ക് വാങ്ങിയാണ് ചെറുകിട കടക്കാർ വിൽപന നടത്തിവന്നത്. എന്നാൽ ഇത്തവണ ഇതുവരെ ഒരു കടയിൽ നിന്നുപോലും മഞ്ഞക്കോടിക്ക് ഓർഡർ ലഭിച്ചിട്ടില്ലെന്ന് ചാലയ്ക്ക് സമീപത്ത് മൊത്തകച്ചവടം നടത്തുന്ന ഇബ്രാഹിം പറഞ്ഞു. വഴിയോരത്തും മഞ്ഞക്കോടി വിൽപന പൊടിപൊടിക്കേണ്ടതാണ്. എന്നാൽ ഇത്തവണ അതും കുറവാണ്.
ഓണക്കാലത്ത് വാഹനങ്ങൾ അലങ്കരിക്കാനും മറ്രും വലിയ മഞ്ഞക്കോടിക്ക് ആവശ്യക്കാരുണ്ടായിരുന്നു. ഓട്ടോ ടാക്സി, ലോറിക്കാരാണ് ഇത്തരത്തിൽ കൂടുതലും മഞ്ഞക്കോടി വാങ്ങിയിരുന്നത്. എന്നാൽ, കൊവിഡ് വരുത്തിവച്ച പ്രതിസന്ധി കാരണം വാഹന ഉടമകളും മഞ്ഞക്കോടിയെ ഉപേക്ഷിച്ചു. ഇനിയുള്ള നാല് ദിവസം കൊണ്ട് കച്ചവടം ഉഷാറാകുമെന്ന പ്രതീക്ഷയൊന്നും ഇവർക്കില്ല.