ന്യൂഡൽഹി: കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിയാൻ സോണിയ ഗാന്ധി സന്നദ്ധത അറിയിച്ചതിനു പിന്നാലെ യോഗത്തിൽ പ്രകോപിതനായി രാഹുൽ ഗാന്ധി. 23 നേതാക്കൾ കത്ത് നൽകിയത് അസമയത്താണെന്ന് രാഹുൽ ഗാന്ധി വിമർശിച്ചു.
മദ്ധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസ് പ്രതിസന്ധി നേരിടുന്നു, താൽക്കാലിക അദ്ധ്യക്ഷയായ സോണിയാ ഗാന്ധിക്ക് അസുഖവുമുള്ള ഈയൊരു സമയത്ത് എന്തിനാണ് കത്ത് അയച്ചതെന്ന് കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ രാഹുൽ ഗാന്ധി ചോദിച്ചു. കത്തയച്ചവർ ബി.ജെ.പിയുമായി കൂട്ടുകൂടുന്നവരാണെന്ന് അദ്ദേഹം ആരോപിച്ചു.
'കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് വരാൻ സോണിയ ഗാന്ധിക്ക് താൽപര്യമില്ലായിരുന്നു. പാർട്ടിയിലെ സമ്മർദ്ദം കൊണ്ടാണ് അവർ അത് ഏറ്റെടുക്കാൻ തയ്യാറായത്. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട സമയത്ത് പാർട്ടി അംഗങ്ങൾ അവരെ ചോദ്യം ചെയ്തത് ശരിയാണോ? ആർക്കു വേണ്ടിയാണ് ഇത് ചെയ്തത്. കത്ത് സോണിയാ ഗാന്ധിയെ വിഷമിപ്പിച്ചു.'- രാഹുൽ ഗാന്ധി പറഞ്ഞു. 23 മുതിർന്ന കോൺഗ്രസ് നേതാക്കളാണ് നേതൃത്വത്തിൽ മാറ്റം വേണമെന്നും, മുഴുവൻ സമയ നേതൃത്വം വേണമെന്നും ആവശ്യപ്പെട്ട് സോണിയാ ഗാന്ധിക്ക് രണ്ടാഴ്ച മുമ്പ് കത്തയച്ചത്.