തിരുവനന്തപുരം: പ്രതിപക്ഷം കാണിച്ച രാഷ്ട്രീയ അബദ്ധമാണ് അവിശ്വാസ പ്രമേയമെന്ന് വീണാ ജോർജ്ജ്. സതീശൻ അവതരിപ്പിച്ച അടിയന്തര പ്രമേയങ്ങളെക്കാൾ ദുർബലമായ അവിശ്വാസ പ്രമേയമാണിത്. കൊവിഡ് കാലത്ത് എല്ലാ തന്ത്രങ്ങളിലൂടെയും സർക്കാരിനെതിരെ നുണ പ്രചരിപ്പിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്‌തത്. ഉമ്മൻചാണ്ടിയുടെ ഓഫീസ് പോലെയാണ് മുഖ്യമന്ത്രിയുടെ ഓഫീസെന്ന് വരുത്തി തീർക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുവഴി ഉമ്മൻചാണ്ടിയെ ഇടിച്ചുകെട്ടാനുള്ള ശ്രമമാണ് നടത്തുന്നതെന്നും വീണാ ജോർജ്ജ് ആരോപിച്ചു.
സ്വർണക്കടത്ത് പ്രതികൾക്ക് ലീഗുമായും യു.ഡി.എഫുമായും ബന്ധമുണ്ട്. മുല്ലപ്പള്ളി കെ.കെ ശൈലജയെ പരിഹസിച്ചത് കേരളം മറക്കില്ല. കഴിഞ്ഞ സർക്കാരിെ കാലത്ത് ആരോഗ്യമന്ത്രിയായ ശിവകുമാർ മെഡിക്കൽ കോഴ വാങ്ങുന്നതിന് വേണ്ടിയുള്ള തിരക്കിലായിരുന്നു. പരവൂർ, ഹരിപ്പാട് ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ കോടി കണക്കിന് രൂപയുടെ പദ്ധതികളാണ് സർക്കാർ നടത്തിയത്. ലൈഫ് പദ്ധതി വഴി ആയിരകണക്കിന് വീടുകളാണ് ഇരു മണ്ഡലങ്ങളിലും വച്ച് കൊടുത്തതെന്നും വീണ ജോർജ്ജ് ചൂണ്ടിക്കാട്ടി.
കേരളത്തിലെ പാവപ്പെട്ടവരുടെ കഞ്ഞിയിൽ പ്രതിപക്ഷം പാറ്റയിടരുത്. ഗെയ്‌ൽ പൈപ്പ് ലൈൻ പദ്ധതിയും കെ ഫോണും യാഥാർത്ഥ്യമാവുകയാണ്. യു.ഡി.എഫ് കാലത്തായിരുന്നു സംസ്ഥാനത്ത് കൺസൾട്ടൻസി രാജ്. മാനത്തൊരു മഴക്കാറ് കണ്ടാൽ കേരളത്തിൽ പ്രളയം ഉണ്ടാകുമെന്നും ജനങ്ങൾ സർക്കാരിനെതിരെ തിരിയുമെന്നുമാണ് പ്രതിപക്ഷം കരുതുന്നത്. നവകേരളത്തിന്റെ കപ്പിത്താനാണ് പിണറായി വിജയൻ. വർഗീയതയ്ക്കെതിരെ നിലനിൽക്കുന്ന നേതാവാണ് അദ്ദേഹം. നവകേരളത്തിന്റെ തീരത്തേക്കാണ് ഈ കപ്പൽ അടുക്കുന്നത്. അവിടെ വിജയത്തിന്റെ ചെങ്കൊടി പാറുമെന്നും വീണ ജോർജ്ജ് പറഞ്ഞു.