അശ്വതി : മക്കളുടെ ഉന്നതവിജയത്തിൽ ആഹ്ലാദവും ആത്മാഭിമാനവും ഉണ്ടാകും. സാഹസപ്രവൃത്തികളിൽ നിന്നും ഈ വർഷം പിന്മാറാണം. പ്രതികൂലസാഹചര്യങ്ങളെ അശ്രാന്തപരിശ്രമത്താൽ തരണം ചെയ്യും. സംയുക്തസംരംഭങ്ങളിൽ നിന്നും പിന്മാറി സ്വന്തമായി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ തൊഴിൽമേഖലകൾ തുടങ്ങും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനവസരമുണ്ടാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും. വിരോധികളായിരുന്ന ചിലർ അടുപ്പത്തിലാകും. വിട്ടുവീഴ്ചാമനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും.
ഭരണി : അഭിപ്രായം അറിഞ്ഞു പെരുമാറുന്നതും പ്രവർത്തിയ്ക്കുന്നതുമായ സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും സുരക്ഷിതത്വവും തോന്നും. ഉപരിപഠനത്തിന് പണം കൊടുത്ത് ചേരേണ്ടതായി വരും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ ഏറ്റെടുത്ത ജോലികൾ നിശ്ചിത കാലയളവിനുള്ളിൽ പൂർത്തീകരിക്കുന്നതുവഴി ബൃഹത്പദ്ധതികൾ രൂപകല്പന ചെയ്യും. ചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാനുള്ള സാഹചര്യമുണ്ടാകും. ഉദ്യോഗത്തിൽ ഉയർച്ച ഉണ്ടാവില്ല. അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിയ്ക്കുകയില്ല.
കാർത്തിക: പൂർവികസ്വത്ത് വിൽപ്പന ചെയ്ത് പട്ടണത്തിൽ ഗൃഹം വാങ്ങും. ശാസ്ത്രസാങ്കേതിക വിദ്യയിൽ പുതിയ കണ്ടെത്തലുകൾക്ക് സാക്ഷിയാകും. ഭരണസംവിധാനത്തിലെ അപാകതകളും അബദ്ധങ്ങളും പരിഹരിക്കും. സത്യസന്ധവും നീതിയുക്തവുമായ സമീപനം സർവാദരങ്ങൾക്കും വഴിയൊരുക്കും. അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടുക്കുന്നതിൽ ആത്മാഭിമാനം തോന്നും. ആദ്ധ്യാത്മിക, ആത്മീയ ചിന്തകൾ മനോധൈര്യത്തിനും ആത്മവിശ്വാസത്തിനും വഴിയൊരുക്കും. ബന്ധുക്കൾക്കിടയിലുള്ള തർക്കം പരിഹരിയ്ക്കുവാൻ മദ്ധ്യസ്ഥത വേണ്ടിവരും. ദമ്പതികൾക്ക് ഒരുമിച്ചു താമസിയ്ക്കുവാൻ തക്കവണ്ണം ഉദ്യോഗമാറ്റമുണ്ടാകും.
രോഹിണി : മാതാപിതാക്കളുടെ അനുഗ്രഹത്താലും അശ്രാന്തപരിശ്രമത്താലും ചെയ്യുന്ന കാര്യങ്ങളും പറയുന്ന വാക്കുകളും സ്വന്തം നിലയിലും മറ്റുള്ളവർക്കും ഉപകാരപ്രദമാകും.അന്യദേശത്ത് വസിക്കുന്നവർക്ക് ഈ വർഷം ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളും കുടുംബത്തിലെ ആചാരാനുഷ്ഠാനങ്ങളിലും പങ്കെടുക്കുവാനിടവരും.വിശ്വാസ യോഗ്യമായ വിഷയങ്ങളിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ അവസരമുണ്ടാകും. വഴിപാടുകൾ ചെയ്തുതീർക്കും. യാഥാർത്ഥ്യം മനസിലാക്കിയ സഹോദരങ്ങൾ തമ്മിൽ സ്വരചേർച്ചയിലാകും.
മകയിരം : ഉപരിപഠനം ഉപേക്ഷിച്ച് ഉദ്യോഗത്തിൽ പ്രവേശിക്കും. വിദ്യാർത്ഥികൾക്ക് ഉദാസീനമനോഭാവം, ശ്രദ്ധക്കുറവ്, അലസത, അനുസരണയില്ലായ്മ തുടങ്ങിയവ വർദ്ധിക്കും. അനുസരണയില്ലാത്ത മക്കളുടെ സമീപനത്തിൽ ആശങ്ക കൂടും. യാത്രാവേളയിൽ രേഖകളും ആഭരണങ്ങളും നഷ്ടപ്പെടാതെ സൂക്ഷിക്കണം. ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം സ്വന്തമാക്കും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമമായി അംഗീകാരം ലഭിക്കും. പ്രലോഭനങ്ങളിൽ അകപ്പെടരുത്. വിഷയാവതരണത്തിൽ അപാകതകൾ ഉണ്ടാവാതെ സൂക്ഷിക്കണം.
തിരുവാതിര: അപ്രധാനങ്ങളായ കാര്യങ്ങളിൽ അനാവശ്യമായി ആലോചിക്കുന്ന പ്രവണത ഒഴിവാക്കണം. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ദ്ധോപദേശം തേടും. മഹദ് വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാൻ നിഷ്ഠകൾ പാലിക്കേണ്ടതായിവരും. നടപടിക്രമങ്ങളിലുള്ള ആത്മാർത്ഥതയും നിഷ്കർഷയും നിശ്ചയദാർഢ്യവും ലക്ഷ്യബോധവും മാതൃകാപരമായതിനാൽ ആത്മാഭിമാനം തോന്നും. സുഹൃത്തിന്റെ സമയോചിതമായ ഇടപെടലുകളാൽ അപകീർത്തി ഒഴിവാകും. വ്യവസ്ഥകൾ പാലിയ്ക്കുവാൻ അശ്രാന്തപരിശ്രമം വേണ്ടിവരും.
പുണർതം : അശ്രാന്തപരിശ്രമത്താലും ഈശ്വരാരാധനകളാലും വിദ്യാർത്ഥികൾക്ക് അനുകൂലവിജയവും ഉപരിപഠനത്തിന് യോഗവുമുണ്ട്. മറ്റുള്ളവരുടെ ഉയർച്ചയിൽ അഭിനന്ദിക്കുന്നതുവഴി ആത്മാഭിമാനമുണ്ടാകും.ചിന്തകൾക്കതീതമായി കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുമെങ്കിലും അഹംഭാവം ഒഴിവാക്കണം. സത്യാവസ്ഥകൾ അറിഞ്ഞുപ്രവർത്തിയ്ക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. വിദ്യാർത്ഥികൾക്ക് അലസത കൂടും. അറിവും, കഴിവും, പ്രാപ്തിയും ഉണ്ടെങ്കിലും അവസരങ്ങൾ കുറയുന്നതിനാൽ മനോവിഷമം തോന്നും. ഈശ്വരപ്രാർത്ഥനകളാൽ സന്താനഭാഗ്യമുണ്ടാകും.
പൂയം : മംഗളവേളയിൽ വച്ച് വിശിഷ്ടവ്യക്തികളെ പരിചയപ്പെടുവാനവസരമുണ്ടാകുന്നത് പുതിയ ആശയങ്ങൾക്കും പ്രവർത്തനതലങ്ങൾക്കും ചിന്തകൾക്കും വഴിയൊരുക്കും. വിദേശയാത്രയ്ക്ക് സാങ്കേതിക തടസങ്ങൾ അനുഭവപ്പെടും. ഈശ്വരപ്രാർത്ഥനകളാലും വിദഗ്ദ്ധചികിത്സകളാലും വിശ്രമത്താലും സന്താനഭാഗ്യമുണ്ടാകും. ഭദ്രതയും സുരക്ഷിതത്വമില്ലാത്തതുമായ സാമ്പത്തിക ഇടപാടുകളിൽ നിന്നും യുക്തിപൂർവം പിന്മാറും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദബന്ധത്തിലേർപ്പെടുന്നതുവഴി പുതിയ കർമ്മപദ്ധതികൾക്ക് രൂപകല്പന ചെയ്യുവാൻ സാധിക്കും.
ആയില്യം : പഠിച്ചവിഷയത്തോടനുബന്ധമായ ഉപരിപഠനത്തിന് ചേരും. പരീക്ഷ ഇന്റർവ്യൂ കലാകായിക മത്സരങ്ങൾ തുടങ്ങിയവയിൽ വിജയിക്കും. ശുഭസൂചകങ്ങളായ പ്രവൃത്തികളിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നതുവഴി ആത്മസംതൃപ്തിയുണ്ടാകും. ആഗ്രഹസാഫല്യത്താൽ പ്രത്യേക ഈശ്വരപ്രാർത്ഥനകളും വഴിപാടുകളും നടത്തും. ഉപകാരം ചെയ്തുകൊടുത്ത ചിലരിൽനിന്നും വിപരീതപ്രതികരണങ്ങൾ വന്നുചേരും. സന്താനഭാഗ്യത്തിന് യോഗമുണ്ട്. വ്യത്യസ്തമായ ശൈലി അവലംബിക്കുന്നതിനാൽ അവിസ്മരണീയമായ നേട്ടം കൈവരും. സ്വന്തം ഉത്തരവാദിത്ത്വങ്ങൾ അന്യരെ ഏൽപ്പിക്കരുത്.
മകം : സങ്കുചിതമനോഭാവം ഉപേക്ഷിച്ച് സർവർക്കും തൃപ്തിയായ നിലപാടും പ്രവർത്തനശൈലിയും അവലംബിക്കുന്നതു വഴി ആത്മവിശ്വാസവും ആത്മാഭിമാനവും ഉണ്ടാകും. പരീക്ഷകളിൽ പ്രതീക്ഷിച്ചതിലുപരി വിജയശതമാനം ഉണ്ടാകും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. വൈവിദ്ധ്യങ്ങളായ വിഷയങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം വന്നുചേരും. ആശയവിനിമയങ്ങളിൽ അബദ്ധങ്ങൾ ഒഴിവാക്കുവാൻ സുവ്യക്തവും സുദൃഢവുമായ തീരുമാനങ്ങൾ കൈക്കൊള്ളുവാൻ ഉൾപ്രേരണയുണ്ടാകും. പറയുന്ന വാക്കുകളിൽ അബദ്ധങ്ങൾ ഉണ്ടാവാതെ സൂക്ഷിക്കണം. തൊഴിൽമേഖലകളിൽ സമ്മർദ്ദം കൂടും. നിലവിലുള്ള ഉദ്യോഗം ഉപേക്ഷിച്ച് മറ്റൊന്നിന് ശ്രമിക്കുന്നത് അഭികാമ്യമല്ല.
പൂരം : പ്രവർത്തന മേഖലകളിൽ ഭേദപ്പെട്ട രീതിയിൽ പുരോഗതി ഉണ്ടാകുമെങ്കിലും സാമ്പത്തികനേട്ടം കുറയും. ഉദ്യോഗത്തോടനുബന്ധമായി കാർഷികമേഖലകളിലും സജീവസാന്നിദ്ധ്യം ഉണ്ടാകും. യാഥാർത്ഥ്യങ്ങളെ മനസിലാക്കാത്തതിനാൽ ബന്ധുക്കളും സ്വന്തക്കാരും വിരോധികളായിത്തീരും. സമചിത്തത യോടുകൂടിയ പ്രവർത്തനശൈലി ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. ആത്മവിശ്വാസം, കാര്യനിർവഹണശക്തി, ഉത്സാഹം, ഉന്മേഷം തുടങ്ങിയവ പ്രവർത്തനക്ഷമതയ്ക്കും ആഗ്രഹസാഫല്യത്തിനും വഴിയൊരുക്കും. സന്തോഷവും സന്തുഷ്ടിയുമുള്ള ജീവിതം നയിക്കുവാൻ അവസരമുണ്ടാകും.
ഉത്രം : വ്യക്തിപ്രഭാവത്താലും സുതാര്യതയുള്ള സമീപനത്താലും ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. വർഷങ്ങൾക്കുശേഷം ജന്മനാട്ടിലേയ്ക്കുള്ള പുനരാധിവാസത്തിന് അസുഖങ്ങളും കുടുംബത്തിലെ അന്തരീക്ഷവും കാരണമാകും. പലപ്പോഴും സങ്കീർണമായ പ്രശ്നങ്ങൾക്ക് ഉചിതമായ തീരുമാനം സ്വീകരിക്കുവാൻ സുഹൃദ് സഹായം തേടും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടുന്നതും സ്വന്തം ചുമതലകൾ അന്യരെ ഏല്പിക്കുന്നതും അബദ്ധമാകും. ജീവിതപങ്കാളിയുടെ ആശയങ്ങൾ വിപരീതസാഹചര്യങ്ങളെ അതിജീവിക്കുവാൻ സഹായകമാകും. സ്വപ്നത്തിൽ കാണുവാനിടയായ കാര്യങ്ങൾ വർഷാന്ത്യത്തിൽ യാഥാർത്ഥ്യമാകും. അവഗണിക്കപ്പെട്ട വിഷയങ്ങൾ പരിഗണിക്കപ്പെടുന്നതിനാൽ ആശ്വാസമുണ്ടാകും.
അത്തം : വിദ്യാർത്ഥികൾക്ക് ഉത്സാഹവും ഉന്മേഷവും ഉണ്ടാകും. ഉദ്യോഗത്തോടനുബന്ധമായി ഉപരിപഠനത്തിന് ചേരുവാൻ സാധിക്കും. ധർമ്മപ്രവൃത്തികൾക്കും പുണ്യപ്രവൃത്തികൾക്കും സാമൂഹ്യസേവനങ്ങൾക്കും സർവാത്മനാ സഹകരിക്കും. പുതിയ കാർഷിക സമ്പ്രദായം ആവിഷ്കരിക്കുന്നത് ഫലപ്രദമാകും. സർവർക്കും മംഗളം ഭവിക്കട്ടെ എന്ന പ്രാർത്ഥനകൾക്ക് ജനപ്രീതി കൈവരും. കക്ഷിരാഷ്ട്രീയപ്രവർത്തനങ്ങളിൽ സജീവസാന്നിദ്ധ്യത്താൽ മത്സരങ്ങളിൽ വിജയിക്കും. ഉത്തരവാദിത്ത്വങ്ങളിൽ നിന്നും വ്യതിചലിയ്ക്കുന്ന ജോലിക്കാരെ പിരിച്ചുവിട്ട് ഉത്സാഹികളെ നിയമിക്കുന്നതുവഴി കർമ്മമണ്ഡലങ്ങളിൽ നിന്ന് സാമ്പത്തിക പുരോഗതി ഉണ്ടാകും. വർഷങ്ങൾക്കു മുമ്പു വാങ്ങിയ ഭൂമി വില്പന സാദ്ധ്യമാകും. പുനഃപരീക്ഷയിൽ വിജയം ഉണ്ടാകും.
ചിത്തിര : വിദ്യാർത്ഥികൾക്ക് പഠനങ്ങളിലും പരീക്ഷണങ്ങളിലും തടസങ്ങൾ അനുഭവപ്പെടും. ഉത്പന്നങ്ങളുടെ ഗുണനിലവാരം കൂട്ടാൻ വ്യവസായം നവീകരിക്കും. അർത്ഥവ്യാപ്തിയോടുകൂടിയ ആശയങ്ങൾ അനുഭവത്തിൽ വന്നുചേരും. ശമ്പളവർദ്ധനവ് മുൻകാലപ്രാബല്യത്തോടുകൂടി ലഭിക്കും. നിർദ്ധനരായവർക്ക് സാമ്പത്തികസഹായം ചെയ്യുവാനിടവരും. അസുലഭനിമിഷങ്ങളെ അനിർവചനീയമാക്കുവാൻ അവസരമുണ്ടാകും. കലാകായികമേഖലകളിൽ പരിശീലനം നേടി മത്സരങ്ങളിൽ വിജയിക്കും. പൂർവികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ തയ്യാറാകുന്നത് നിലനില്പിന് വഴിയൊരുക്കും. നിലവിലുള്ള രാഷ്ട്രത്തിൽ നിന്നും മറ്റു രാഷ്ട്രത്തിലേക്ക് പുനരധിവാസത്തിനു തയ്യാറാകും. സഹൃദയസദസിൽ ആദരവുണ്ടാകും. ഭരണസംവിധാനം വിപുലമാക്കുവാൻ കഴിവുള്ളവരെ നിയമിക്കും.
ചോതി : ഉദ്യോഗത്തിൽ നേട്ടമില്ലാത്തതിനാൽ ഉപരിപഠനത്തിന് ചേരും. വിദ്യാർത്ഥികൾക്ക് അലസതയും ഉദാസീനമനോഭാവവും കൂടും. പകർച്ചവ്യാധി പിടിപെടും. ജന്മസിദ്ധമായ കഴിവുകൾ പ്രകടിപ്പിക്കുവാൻ അവസരം വന്നുചേരും. മഹദ്വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുവാനിടവരും. ഏറ്റെടുത്ത ജോലികൾ ഏറെക്കുറെ നിശ്ചിതസമയപരിധിയ്ക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിക്കും. അസൂയാലുക്കളുടെ കുപ്രചരണത്താൽ മനോവിഷമം തോന്നും. പരീക്ഷണനിരീക്ഷണങ്ങളിൽ വിജയവും ബഹുമതിയും ലഭിക്കും. പലപ്പോഴും ചർച്ചകൾ മാറ്റിവയ്ക്കാനിടയുണ്ട്. നിരവധികാര്യങ്ങൾ നിശ്ചിതസമയത്തിനുള്ളിൽ ചെയ്തുതീർക്കുന്നത് ആശ്ചര്യത്തിന് വഴിയൊരുക്കും.
വിശാഖം : വിദ്യാർത്ഥികൾക്ക് അലസത കൂടും. ഉപരിപഠനത്തിന് ജന്മനാട്ടിൽ പ്രവേശനം ലഭിക്കും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ മേലധികാരിയുടെ പ്രീതിയും സ്ഥാനമാനഭാഗ്യവും സത്കീർത്തിയും വന്നുചേരും. ചിലപ്പോൾ കടം വാങ്ങുവാനും സാദ്ധ്യതയുണ്ട്. സഹോദര,സുഹൃദ് സഹായഗുണമുണ്ടാകും. സ്വന്തം ഉത്തരവാദിത്തങ്ങൾ അന്യരെ ഏൽപ്പിക്കരുത്. വൈദ്യനിർദേശത്താൽ ആരോഗ്യകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധകേന്ദ്രീകരിക്കും. ഔദ്യോഗികമായി സ്ഥാനമാറ്റം അനിവാര്യമാകും. യാഥാർത്ഥ്യബോധത്തോടുകൂടിയ ജീവിതപങ്കാളിയുടെ സമീപനം മനഃസമാധാനത്തിന് വഴിയൊരുക്കും. അധികച്ചെലവ് നിയന്ത്രിക്കണം. പ്രതികൂലപ്രവൃത്തിയുള്ള ജോലിക്കാരെ പിരിച്ചുവിടും. അവിചാരിതമായ തടസങ്ങളെ അതിജീവിക്കുവാൻ പ്രയത്നിക്കും.
അനിഴം : സാമ്പത്തിക അനിശ്ചിതാവസ്ഥകൾ ഒഴിഞ്ഞുമാറി പണം മുടക്കിയുളള കർമ്മമണ്ഡലങ്ങളിൽ സജീവമാകും. ശമ്പളവർദ്ധനവ് മുൻകാല പ്രാബല്യത്തോടുകൂടി ലഭിക്കും. സംയുക്തസംരംഭത്തിൽ നിന്നും പിന്മാറി സ്വന്തമായ തൊഴിൽമേഖലകൾ തുടങ്ങും. ജാഗ്രതയോടുകൂടിയ സമീപനം വിവിധങ്ങളായ ആശയങ്ങൾക്കും ചിന്തകൾക്കും വിജയങ്ങൾക്കും വഴിയൊരുക്കും. പ്രലോഭനങ്ങൾ പലതും വന്നു ചേരുമെങ്കിലും നിയമവിരുദ്ധ നടപടികളിൽ നിന്ന് യുക്തിപൂർവം പിന്മാറും. അഭിപ്രായ സമന്വയ ചർച്ചകൾ ലക്ഷ്യപ്രാപ്തി നേടും. സങ്കൽപ്പത്തിനനുസരിച്ച് ഉയരുവാൻ കഠിനാദ്ധ്വാനം വേണ്ടിവരും. സഹായാഭ്യർത്ഥന നിരസിച്ചതിനാൽ സ്വജനവിരോധം വർദ്ധിക്കും. സന്താനങ്ങളുടെ പലവിധ ആവശ്യങ്ങൾക്കായി അവധിയെടുത്ത് ദൂരയാത്രകൾ വേണ്ടി വരും.
തൃക്കേട്ട : എല്ലാം അന്വേഷിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന കർമ്മമണ്ഡലങ്ങളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. ലക്ഷ്യബോധമുള്ള പുത്രന്റെ സമീപനത്തിൽ ആശ്വാസവും ആത്മാഭിമാനവും തോന്നും. വഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. പ്രവർത്തനശൈലിയിൽ കാലോചിതമായ മാറ്റങ്ങൾ വരുത്തുവാൻ നിർബന്ധിതനാകും. തീരുമാനങ്ങളിൽ ഔചിത്യമുണ്ടാകുമെങ്കിലും സാഹചര്യങ്ങൾ വിപരീതമായതിനാൽ ഫലമില്ലാത്ത അവസ്ഥയുണ്ടാകും. പുതിയതും പ്രവൃത്തിപരിചയമില്ലാത്തതുമായ മേഖലകളിൽ പ്രവേശിക്കുന്നത് ഉചിതമല്ല. നിയുക്തപദവിയ്ക്ക് സ്ഥാനചലനം വന്നുചേരും.
മൂലം : കാര്യനിർവഹണശക്തിയും പ്രവൃത്തിപരിചയവും വർദ്ധിക്കുന്നതിനാൽ കൂടുതൽ ചുമതലകൾ ഏറ്റെടുക്കുവാൻ നിർബന്ധിതനാകും. ലഭിയ്ക്കുന്ന രേഖകൾ വ്യാജമാണോ എന്നു സസൂക്ഷ്മം നിരീക്ഷിക്കാതെ ഒന്നിലും ഇടപെടരുത്. വിഭാവനം ചെയ്ത വിഷയങ്ങൾ പ്രാവർത്തികമാക്കുവാൻ വിദഗ്ദ്ധോപദേശം തേടും. യാത്രാക്ലേശവും ഭരണചുമതലയും വർദ്ധിക്കുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. അപ്രധാനങ്ങളായ കാര്യങ്ങൾ ആലോചിച്ചു ആധി കൂട്ടുന്ന പ്രവണത ഒഴിവാക്കണം. തന്മയത്ത്വത്തോടുകൂടിയ പ്രതികരണം ലക്ഷ്യപ്രാപ്തി കൈവരിക്കുവാൻ ഉപകരിക്കും. പ്രതിഭാസംഗമത്തിൽ പങ്കെടുക്കാനവസരമുണ്ടാകും. ക്ലേശകരമായ വിഷയങ്ങളാണെങ്കിലും വേണ്ട വിധത്തിൽ നിറവേറ്റുവാൻ സാധിക്കും.
പൂരാടം : അനുരഞ്ജനം സാദ്ധ്യമാകുവാനും ആത്മവിശ്വാസം വർദ്ധിക്കുവാനും യോഗമുണ്ട്. സുഹൃദ് നിർദ്ദേശത്താൽ ദീർഘകാലനിക്ഷേപമെന്ന നിലയിൽ ഭൂമി വാങ്ങുവാനിടവരും. അപകീർത്തി ഒഴിവാക്കുവാൻ പൊതുപ്രവർത്തനങ്ങളിൽ നിന്നും അകന്നുനിൽക്കും. അപ്രധാനങ്ങളായ കാര്യങ്ങളിൽ ഇടപെട്ടാൽ അപകീർത്തിയുണ്ടാകും. ആത്മവിശ്വാസക്കുറവിനാൽ ഊഹക്കച്ചവടത്തിൽ നിന്നും പിന്മാറും. കലാകാരന്മാർക്കും സാഹിത്യകാരന്മാർക്കും പുതിയ സൃഷ്ടിപരമായ കാര്യങ്ങൾക്ക് ആശയമുദിക്കും. തൊഴിൽമേഖലകളോടു ബന്ധപ്പെട്ട് പലപ്പോഴും ദൂരയാത്രകൾ വേണ്ടി വരും. ആത്മാർത്ഥമായ പ്രവർത്തനങ്ങളാൽ അധികൃതരുടെ പ്രീതി നേടുവാനും പ്രത്യേക വിഭാഗം കൈകാര്യം ചെയ്യുവാനുള്ള പരമാധികാരപദം ലഭിക്കുവാനും വഴിയൊരുക്കും.
ഉത്രാടം : ആദ്ധ്യാത്മിക, ആത്മീയവിചാരങ്ങൾ മനഃസമാധാനത്തിനു വഴിയൊരുക്കും. സ്വതസിദ്ധമായ ശൈലി പലർക്കും മാതൃകാപരമായി എന്നറിഞ്ഞതാൽ ആശ്വാസമാകും. പൂർവികസ്വത്ത് നിലനിർത്തി പട്ടണത്തിൽ ഗൃഹം വാങ്ങും. ഉല്പാദനശേഷി വർദ്ധിപ്പിക്കുവാൻ വ്യവസായം നവീകരിക്കുവാൻ വിദഗ്ദ്ധോപദേശം തേടും. സമ്മാനപദ്ധതികൾ, നറുക്കെടുപ്പ്, വ്യവഹാരം തുടങ്ങിയവയിൽ വിജയിക്കും. നല്ലത് ചെയ്താലും നല്ലത് പറഞ്ഞാലും മറ്റുള്ളവർക്ക് വിപരീതമായി മാത്രമേ തോന്നുകയുള്ളൂ. ആത്മാർത്ഥസുഹൃത്തിന്റെ നിർദ്ദേശത്താൽ വില്പനോദ്ദേശം മനസിൽ കരുതി ഭൂമിവാങ്ങും. കലാ, കായികമത്സരങ്ങളിൽ നിഷ്കർഷക്കുറവിനാൽ ശോഭിക്കുവാൻ കഴിയുകയില്ല. പ്രത്യുപകാരം ചെയ്യുവാൻ അവസരമുണ്ടാകും.
തിരുവോണം : നിലവിലുളള പാഠ്യപദ്ധതി ഉപേക്ഷിച്ച് തൊഴിലധിഷ്ഠിതമായതിന് ചേരും. പറയുന്ന ആശയങ്ങളും ചെയ്യുന്ന കാര്യങ്ങളും സ്വന്തം നിലയിൽ അനുഭവമുണ്ടാവുകയില്ലെങ്കിലും അന്യർക്ക് ഉപകാരപ്രദമാകും. യുക്തിപൂർവ്വമുള്ള സമീപനത്താൽ തൊഴിൽ മണ്ഡലങ്ങളിലുള്ള ക്ഷയാവസഥകൾ പരിഹരിക്കുവാൻ സാധിക്കും. മനസിന് വിഷമമുണ്ടാക്കുന്ന പലവിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നുചേരുമെങ്കിലും ഈശ്വരപ്രാർത്ഥനകളാൽ അതിജീവിക്കും. നിയുക്തപദവിക്ക് സ്ഥാനചലനം വന്നുചേരും. ഭരണസംവിധാനത്തിലുള്ള അപര്യാപ്തതകളെ അതിജീവിയ്ക്കുവാൻ അഹോരാത്രം പ്രവർത്തിക്കും. വസ്തുതകൾക്കു നിരക്കാത്ത പ്രവർത്തികളിൽ നിന്നും പിന്മാറുന്നത് ഭാവിയിലേയ്ക്ക് ഗുണകരമാകും.
അവിട്ടം : അഭിപ്രായസ്വാതന്ത്ര്യത്താൽ പൂർണമായും ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ തയ്യാറാകുന്നത് അഭൂതപൂർവ്വമായ വളർച്ചയ്ക്ക് വഴിയൊരുക്കും. ബന്ധുവിന്റെ ആവശ്യങ്ങൾ പരിഗണിയ്ക്കേണ്ടതായിവരും. സങ്കീർണമായ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരം കണ്ടെത്തും. പ്രാചീനസംസ്കാരവും ആധുനികസംവിധാനവും സമന്വയിപ്പിച്ച് കർമ്മമേഖലകൾക്ക് രൂപകല്പനചെയ്യും. വ്യക്തിവിദ്വേഷം ഒഴിവാക്കി സ്ഥാപിത താല്പര്യം മാനിച്ചുപ്രവർത്തിയ്ക്കുന്നത് ബൃഹത് സംരംഭങ്ങൾ തുടങ്ങുന്നതിന് പ്രചോദനമാകും. അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം നൽകും. മഹദ്വ്യക്തികളുടെ ആശയങ്ങൾ ജീവിതത്തിൽ പകർത്തുന്നത് ആശ്വാസത്തിനും ആത്മാഭിമാനത്തിനും സൽകീർത്തിക്കും വഴിയൊരുക്കും.
ചതയം : വസ്തു തർക്കം പരിഹരിച്ച് അർഹമായ പൂർവികസ്വത്ത് ലഭിക്കും. ഉദ്ദേശിച്ച വിഷയത്തിന് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ചെയ്യുന്നതും പറയുന്നതും ചിന്തിക്കുന്നതുമായ കാര്യങ്ങൾ അനുഭവത്തിൽ വന്നുചേരുന്നതുവഴി ആശ്ചര്യമനുഭവപ്പെടും. താരതമ്യേന കുറഞ്ഞ വിലയ്ക്ക് ഭൂമിവാങ്ങുവാനവസരമുണ്ടാകും. അറിവ് മറ്റുള്ളവർക്ക് പകർന്നുകൊടു ക്കുന്നതിൽ ആത്മാഭിമാനം തോന്നും. ആചാരാനുഷ്ഠാനങ്ങളിൽ താല്പര്യമുള്ള മക്കളുടെ സമീപനത്തിൽ ആത്മാഭിമാനം തോന്നും. പുതിയ ഭരണസംവിധാനം പ്രവർത്തനക്ഷമതയ്ക്ക് വഴിയൊരുക്കും. യാഥാർത്ഥ്യങ്ങളോടു പൊരുത്തപ്പെട്ടു ജീവിക്കുവാൻ തയ്യാറാകും. ശുഭസൂചകങ്ങളായ സൽകർമ്മങ്ങൾക്ക് ആത്മാർത്ഥമായി സഹകരിക്കും. ജന്മനാട്ടിലെ ആരാധനാലയത്തിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം.
പൂരുരുട്ടാതി : പുതിയ ആവിഷ്കരണശൈലി സർവർക്കും സ്വീകാര്യവും മാതൃകാപരവും ആകുന്നതിനാൽ ആത്മാഭിമാനം തോന്നും. തൃപ്തിയായ ഭൂമിയിൽ ഗൃഹനിർമ്മാണം പൂർത്തീകരിച്ച് ഗൃഹപ്രവേശനകർമ്മം നിർവഹിക്കും. വിദ്യാർത്ഥികൾക്ക് പരീക്ഷകളിൽ ഉത്സാഹവും വിജയവും ഉണ്ടാകും. ഉദ്യോഗത്തോടൊപ്പം ഉപരിപഠനത്തിന് ചേരുവാനുളള അവസരം വിനിയോഗിയ്ക്കും. ഒരു പരിധിയിലധികം പണം മുടക്കിയുള്ള പ്രവർത്തനമേഖലകളിൽ ഏർപ്പെടുന്നത് ഒരു വർഷത്തേയ്ക്ക് മാറ്റിവയ്ക്കുകയും നല്ലത്. സുതാര്യതക്കുറവിനാൽ കൂട്ടുകച്ചവടത്തിൽനിന്നും പിന്മാറി ലാഭശതമാന വ്യവസ്ഥകളോടുകൂടിയ പ്രവർത്തനങ്ങൾക്ക് തുടക്കമിടും.
ഉത്രട്ടാതി : പഠിച്ചവിഷയത്തോടനുബന്ധമായ പ്രവർത്തനമണ്ഡലങ്ങളിൽ വ്യാപൃതനാകും. അപരിചിതരുമായുള്ള ആത്മബന്ധത്തിൽ പണനഷ്ടത്തിനു സാദ്ധ്യതയുണ്ട്. സുതാര്യതയുള്ള സമീപനത്താൽ എതിർപ്പുകളെ അതിജീവിക്കും. സന്താനങ്ങൾക്ക് സാമ്പത്തിക നിയന്ത്രണം ഏർപ്പെടുത്തും. അധികാരപരിധി കൂടുന്നതിനാൽ കീഴ്ജീവനക്കാരെ നിയമിക്കും. ആഗ്രഹിച്ചപോലെ സന്താനഭാഗ്യമുണ്ടാകും. കഴിഞ്ഞവർഷം മുടങ്ങിയ ആരാധനാലയ ദർശനം മംഗളമാക്കുവാൻ സാധിക്കും. പിതാവിന് കുടുംബജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യഐക്യതയും ഉണ്ടാകും. വിവിധങ്ങളും വ്യത്യസ്തങ്ങളുമായ പ്രവൃത്തികൾ നിശ്ചിത സമയപരിധിയ്ക്കുള്ളിൽ ചെയ്തുതീർക്കുവാൻ സാധിച്ചതിൽ ആത്മാഭിമാനം തോന്നും.
രേവതി : ആത്മപ്രഭാവത്താൽ ദുഷ്പ്രചരണങ്ങൾ നിഷ്പ്രഭമാകും. ആദ്ധ്യാത്മിക ആത്മീയ പ്രഭാഷണങ്ങൾ മാനസികവിഭ്രാന്തിയെ കുറയ്ക്കും. സാമ്പത്തികവിഷയത്തിൽ വരുമാനവും ചെലവും തുല്യമായിരിക്കും. ഉത്തരവാദിത്തം കൂടുന്ന വിഭാഗത്തിലേയ്ക്ക് ഉദ്യോഗമാറ്റമുണ്ടാകും. ഏറെക്കുറെ പൂർത്തിയാക്കിയ ഗൃഹം ധനകാര്യസ്ഥാപനത്തിന്റെ സഹായത്തോടുകൂടി വാങ്ങുവാനി ടവരും. സമർപ്പിക്കുന്ന പദ്ധതികൾക്ക് അന്തിമമായി അംഗീകാരം ലഭിയ്ക്കും. വിദേശത്ത് സ്ഥിരതാമസമാക്കുവാനുള്ള അനുമതി ലഭിയ്ക്കും. സ്വയം നിശ്ചയിച്ച വിവാഹത്തിൽ നിന്നും പിൻമാറേണ്ടതായ സാഹചര്യമുണ്ടാകും. വ്യക്തിതാത്പര്യം പരമാവധി പ്രാവർത്തികമാക്കുവാൻ അവസരമുണ്ടാകും.