തിരുവനന്തപുരം: 23 കോടി രൂപ പരസ്യം കൊടുത്ത് നൂറ് കോടി വിതരണം ചെയ്‌ത സർക്കാരാണ് യു.ഡി.എഫിന്റേതെന്ന് എം.സ്വരാജ് എം.എൽ.എ. നിത്യോപയോഗ സാധനങ്ങളുടെ വില ഈ സർക്കാരിന്റെ കാലത്ത് കൂടിയിട്ടില്ല. വിജയകരമായി കൊവിഡിനോട് പൊരുതുകയാണ് ഈ സർക്കാർ ചെയ്യുന്നത്. ഏത് കെടുതിയും വരട്ടെ ഞങ്ങളെ കാക്കാൻ പിണറായിയുണ്ടെന്ന് കേരളത്തിലെ ജനങ്ങൾ പറയുന്നു. പ്രളയമുണ്ടായി ശവശരീരങ്ങളുടെ ഇടയിൽകൂടി അധികാരത്തിൽ വരാമെന്നാണ് പ്രതിപക്ഷം കരുതിയത്. വെൽഫയർ പാർട്ടിയുമായി പ്രതിപക്ഷം സഖ്യം ഉണ്ടാക്കാൻ ശ്രമം നടത്തിയെന്നും സ്വരാജ് ആരോപിച്ചു.
കെ.പി.സി.സി ഓഫീസിൽ നിന്നും പഠിച്ച രാഷ്ട്രീയ സംസ്‌ക്കാരം അല്ല ഞങ്ങളുടേത്. യു.ഡി.എഫ് കാലത്ത് കള്ളക്കടത്തുകാരനായ ഫയാസുമായി ബന്ധമുണ്ടായിരുന്നത് ആർക്കാണെന്ന് എല്ലാവർക്കുമറിയാം. ധീരതയുടെ പേരാണ് ഇടതുപക്ഷ രാഷ്ട്രീയം. തലചായ്‌ക്കാൻ ഇടമില്ലാത്തവർക്ക് വീട് ഉണ്ടാക്കി കൊടുക്കുകയാണ് ഈ സർക്കാർ ചെയ്‌തത്. കെ.പി.സി.സിയെ പോലെ ആയിരം വീട് വച്ച് കൊടുക്കാമെന്ന് പറഞ്ഞ് ആരേയും പറ്റിച്ചിട്ടില്ല. വികസനത്തിന്റെ വഴിമുടക്കികളായി പ്രതിപക്ഷം മാറരുതെന്നും സ്വരാജ് പറഞ്ഞു.
പാവപ്പെട്ടവർക്ക് വീട് കൊടുക്കരുതെന്നാണ് പ്രതിപക്ഷനിലപാട്. നന്മയുടെ ശത്രുക്കളാണ് പ്രതിപക്ഷം. മഹാവ്യാധികളിൽ കേരളം ആടികളയുമ്പോൾ തീജ്വാലയെ ഊതികെടുത്താൻ ശ്രമിച്ചവരാണ് പ്രതിപക്ഷം. കേരളത്തിലെ ജനങ്ങളെ ഈ സർക്കാർ കാത്തുസൂക്ഷിക്കും. ഏറാൻമൂളികളായ മാദ്ധ്യമങ്ങളുടെ പിന്തുണ ഞങ്ങൾക്ക് വേണ്ട. ഭൂതകാലം യു.ഡി.എഫ് മറക്കരുതെന്നും സ്വരാജ് ആരോപിച്ചു.