congress

ന്യൂഡൽഹി: പ്രതിസന്ധി നേരിടുന്ന കോൺഗ്രസ് പാർ‌ട്ടിയുടെ അദ്ധ്യക്ഷനെ കണ്ടെത്താനായി ചേർന്ന പ്രവർത്തക സമിതി യോഗത്തിൽ രാഹുൽഗാന്ധി ഉയർ‌ത്തിയ വിമ‌ർശനത്തിന് മറുപടിയുമായി മുതിർന്ന നേതാക്കൾ. താൽകാലിക അദ്ധ്യക്ഷയായ സോണിയാ ഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ച സമയത്ത് തന്നെ നേതൃത്വത്തെ വിമർശിച്ച് കത്തയച്ചവർ ബിജെപിയുമായി കൂട്ടുകൂടുന്നു എന്ന് രാഹുൽ ഗാന്ധി മുൻപ് ആരോപിച്ചിരുന്നു എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ ഇതിനെതിരെ രാഹുൽഗാന്ധിയുടെ പേരെടുത്ത് പറഞ്ഞ് കപിൽ സിബൽ ട്വി‌റ്ററിൽ വിമർശിച്ചു.

Was informed by Rahul Gandhi personally that he never said what was attributed to him .

I therefore withdraw my tweet .

— Kapil Sibal (@KapilSibal) August 24, 2020

മ‌റ്റൊരു മുതിർന്ന നേതാവായ ഗുലാം നബി ആസാദ് ഇത്തരത്തിൽ ആരോപണം തെളിഞ്ഞാൽ എംപി സ്ഥാനം ഒഴിയാൻ തയ്യാറാണെന്ന് അറിയിച്ചു. കോൺഗ്രസ് വക്താവ് രൺദീപ് സിംഗ് സുർച്ഛേവാല രാഹുൽഗാന്ധി അത്തരത്തിൽ പറഞ്ഞിട്ടേയില്ലെന്ന് കപിൽ സിബലിന് മറുപടിയായി ട്വി‌റ്ററിൽ കുറിച്ചു. താൻ മുതിർന്ന നേതാക്കളെ ബിജെപി ഏജന്റുമാരെന്ന് വിശേഷിപ്പിച്ചിട്ടില്ല എന്ന് രാഹുൽ അറിയിച്ചതായാണ് സൂചന. പിന്നീട് രാഹുൽഗാന്ധിയുമായി നേരിൽ സംസാരിച്ച് വ്യക്തത വന്നതിനാൽ താൻ ട്വീ‌റ്റ് പിൻവലിച്ചുവെന്നറിയിച്ച് കപിൽ സിബൽ ട്വീ‌റ്റ് ചെയ്‌തു.

അതേസമയം പുതിയ അദ്ധ്യക്ഷനെ കണ്ടെത്തും വരെ സോണിയാ ഗാന്ധി കോൺഗ്രസ് അദ്ധ്യക്ഷയായി തുടരണമെന്ന് എ.കെ.ആന്റണി, മൻമോഹൻ സിംഗ്, സിദ്ധരാമയ്യ എന്നിവർ ആവശ്യപ്പെട്ടു. അതേസമയം മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേൽ രാഹുൽഗാന്ധി പാർട്ടി അദ്ധ്യക്ഷസ്ഥാനം ഏ‌റ്റെടുക്കണമെന്ന് ആവശ്യപ്പെട്ടു.