maveli

തിരുവനന്തപുരം: മാവേലിയുടെ എഴുന്നള്ളത്ത് ഇല്ലാത്ത ഓണം മലയാളികളുടെ ഓർമ്മയിലേ ഉണ്ടാകില്ല. തിരുവോണ നാളിൽ മാവേലി പ്രജകളെ കാണാനെത്തുമെന്നതാണ് ഓണ സങ്കൽപ്പം. നമ്മുടെ നാട്ടിൻപുറങ്ങളിലും നഗരത്തിലും ഓണക്കാലത്തെ പതിവ് കാഴ്ചയാണ് മാവേലി വേഷം കെട്ടുന്നവർ. വസ്ത്ര, വ്യാപാര സ്ഥാപനങ്ങൾ അടക്കമുള്ള കടകളിൽ സന്ദർശകരെ സ്വീകരിക്കാനും മാവേലിമാരുണ്ടാകും. പക്ഷേ, ഇക്കുറി കൊവിഡ് ചതിച്ചു. മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമൊക്കെ ഓണം ആഘോഷിക്കേണ്ടിവരുന്നതിനാൽ മാവേലി വേഷം കെട്ടുന്നവർക്കും ഇക്കുറി വലിയ ഡിമാന്റില്ല. കൊവിഡ് കാരണം പല വ്യാപാര സ്ഥാപനങ്ങളും മാവേലിമാരെ ഒഴിവാക്കി. സ്കൂളുകളും കോളേജുകളും തുറക്കാത്തിനാൽ ഓണാഘോഷത്തിന് മാവേലിമാർക്ക് അവിടെയും എത്താനാവില്ല. ചുരക്കത്തിൽ കൊവിഡ് വയറ്റത്തടിച്ചത് മാവേലി വേഷം കെട്ടുന്നവരെക്കൂടിയാണ്.

1000 രൂപ പ്രതിഫലം

പണ്ടൊക്കെ ഓണക്കാലത്ത് രാവിലെ മുതൽ രാത്രി വൈകുവോളം സ്ഥാപനങ്ങൾക്ക് മുന്നിൽ മാവേലിയുടെ വേഷം കെട്ടിയവരെ കാണാമായിരുന്നു. ഒരുദിവസം 1000 രൂപയായിരുന്നു ഇവരുടെ പ്രതിഫലം. ചെറിയ കടകളാണെങ്കിൽ പ്രതിഫലം അൽപ്പം കുറയും. മാവേലിയുടേതു പോലുള്ള വസ്ത്രങ്ങളും കിരീടവും ധരിച്ച് ഓലക്കുടയും പിടിച്ച് മണിക്കൂറുകളോളം നിൽക്കുകയെന്നത് ചെറിയ കാര്യമൊന്നുമല്ല. പകൽ സമയത്ത് വെള്ളം മാത്രമേ കുടിക്കാനാകൂ. രാവിലെ തുടങ്ങുന്ന ഒറ്റനിൽപ്പ് പാതിരാവരെ നീളും. ഇതിനിടയിൽ സന്ദർശകർക്ക് സലാം പറയണം,​ ഓണാശംസ നേരണം,​ കുരുന്നുകൾക്ക് സമ്മാനം കൊടുക്കണം എന്നിങ്ങനെ പണി വേറെ. വൈകിട്ടാകുമ്പോൾ കാല് നീരുവന്ന് വീർത്തിരിക്കും. ഇതെല്ലാം സഹിച്ചാണ് ഓണക്കാലത്ത് പലരും മാവേലിയാകാൻ ഇറങ്ങിത്തിരിക്കുന്നത്. പക്ഷേ, ഇക്കുറി മാവേലി വേഷക്കാർക്ക് ഡിമാന്റ് കുറവാണ്. കൊവിഡ് കാരണം എല്ലാവരും വീട്ടിൽതന്നെയിരുന്ന് ഓണം ആഘോഷിക്കാനാണ് സർക്കാർ പറയുന്നത്. മാത്രമല്ല, വ്യാപാര സ്ഥാപനങ്ങളിലടക്കം തിരക്ക് കുറവായതും എല്ലാ ഓണക്കാലത്തും സ്ഥിരമായി മാവേലി വേഷം കെട്ടുന്നവർക്ക് തിരിച്ചടിയായി.

വേഷത്തിനും ചെലവ്

കൊവിഡ് കാലമായതിനാൽ മാവേലി വേഷം കെട്ടാൻ പോലും ആളിനെ കിട്ടാത്ത അവസ്ഥയുണ്ടെന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് അടുത്തിടെ,​ മാവേലിയാകാൻ ആളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി പത്രത്തിൽ വന്ന പരസ്യം. നല്ല മാവേലിയായി ഒരുങ്ങിയിറങ്ങണമെങ്കിൽ 6,000 രൂപ വരെ ചെലവാക്കണം. വസ്ത്രത്തിന് തയ്യൽക്കൂലി മാത്രം 3,000 രൂപയാണ്. ഒരുദിവസം മേയ്ക്കപ്പിന് മാത്രം 1000 രൂപയാവും. 4000 രൂപ നൽകിയാൽ വസ്ത്രങ്ങളും ആഭരണങ്ങളും സഹിതം മാവേലിയെ ഒരുക്കിക്കിട്ടും. പക്ഷേ, കൊവിഡ് ഭീതിയിൽ പലരും ഇതിന് തയാറാകുന്നില്ല.