ന്യൂഡല്‍ഹി: ഡിജിറ്റല്‍ പെയ്‌മെന്റ് കമ്പനികള്‍ക്ക് നല്ല കാലം. 2025-ഓടെ ഈ രംഗത്ത് മൂന്നു മടങ്ങ് വര്‍ദ്ധനയുണ്ടായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഞ്ചു വര്‍ഷത്തിനുള്ളില്‍ 7,092 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഈ രംഗത്ത് പ്രതീക്ഷിക്കുന്നത്.
2019-20 ല്‍ രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് വിപണി ഏതാണ്ട് 2,162 ലക്ഷം കോടി രൂപയുടേതാണ്. 16 കോടി ഉപഭോക്താക്കള്‍ ആണ് നിലവില്‍ മൊബൈല്‍ പെയ്‌മെന്റ് സംവിധാനം ഉപയോഗിക്കുന്നത്. 2025-ഓടെ ഇത് 80 കോടിയില്‍ എത്തിയേക്കും.നിലവില്‍ മൊത്തം മൊബൈല്‍ ഉപയോക്താക്കളില്‍ ഒരു ശതമാനം മാത്രമാണ് ഫോണ്‍ ഉപയോഗിച്ച് ഡിജിറ്റല്‍ പണം ഇടപാടുകള്‍ നടത്തുന്നത്.
കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ റെഡ്‌സിയര്‍ കണ്‍സള്‍ട്ടിങ്ങിന്റെ റിപ്പോര്‍ട്ടിലാണ് രാജ്യത്തെ ഡിജിറ്റല്‍ പെയ്‌മെന്റ് വിപണിയുടെ സാദ്ധ്യതകള്‍ സൂചിപ്പിയ്ക്കുന്നത്. കൊവിഡ് പ്രതിസന്ധികാലത്ത് ഡിജിറ്റല്‍ പെയ്‌മെന്റുകള്‍ കുതിച്ചിരുന്നു. ഡിജിറ്റല്‍ പെയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്സ് തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് തുടങ്ങിയതും രാജ്യത്ത് ഡിജിറ്റല്‍ പെയ്‌മെന്റുകളില്‍ കുതിപ്പുണ്ടാക്കി.
റീട്ടെയ്ല്‍ ഷോപ്പുകളിലെ പി.ഒ.എസ് മെഷീന്‍ ഉപയോഗവും വര്‍ധിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് പലവ്യഞ്ജന കടകളില്‍ 70 ശതമാനത്തില്‍ അധികവും ഡിജിറ്റല്‍ പെയ്‌മെന്റുകളാണ് നടന്നത്. ഡിജിറ്റല്‍ പെയ്‌മെന്റുകളില്‍ പേടിഎം പോലുള്ള മണീ വാലറ്റുകള്‍ക്ക് മുന്‍തൂക്കം ലഭിച്ചേക്കും എന്നാണ് സൂചന. എത്ര ചെറിയ തുകയുടെ പണം ഇടപാടുകള്‍ പോലും
മണീ വാലറ്റുകള്‍ ഉപയോഗിച്ച് നടത്താം എന്നത് ഒരു സവിശേഷതയാണ്.