
തിരുവനന്തപുരം: വിജയൻ എന്ന പേര് വിജയത്തിനല്ല പരാജയത്തിനാണെന്ന് മുഖ്യമന്ത്രി ഓരോ ദിവസവും തെളിയിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീർ. ഓരോ വിഷയത്തിലും ശിവശങ്കറിനെ രണ്ട് ചിറകിലും മുഖ്യമന്ത്രി ഒളിപ്പിച്ച് വച്ചു. ഏതായാലും നാലര വർഷം ശിവശങ്കറാണ് ഭരിച്ചത്. പിന്നെ ആറ് മാസക്കാലത്തേക്ക് എന്തിനാണ് പിണറായി ഭരണം ഏറ്റെടുത്തത്. ഭരണപക്ഷത്തിന് ബി.പി ഫോബിയ ആണ്. ഭരണം പോകുമെന്ന ഫോബിയ ആണത്. പഞ്ചായത്തുകളിൽ വീടുകൾ കിട്ടാത്തതിന്റെ പേരിൽ ആളുകൾ നെട്ടോട്ടം ഓടുകയാണെന്നും മുനീർ ആരോപിച്ചു.
റൂൾസ് ഓഫ് ബിസിനസിൽ ഖുറാൻ വിതരണം എന്ന് താൻ കണ്ടിട്ടില്ല. ഖുറാൻ വിതരണം ചെയ്യാൻ മന്ത്രിമാരെ ഗവർണർ ചുമതലപ്പെടുത്തിയിട്ടില്ല. കൊവിഡ് മറവിൽ നടന്നുകൊണ്ടിരിക്കുന്നത് കൊള്ളയാണ്. പി.പി.ഇ കിറ്റുകൾ ടെൻഡർ പോലുമില്ലാതെയാണ് വാങ്ങുന്നത്. അതേസമയം തന്നെ ആരോഗ്യപ്രവർത്തകരുടെ ശമ്പളം വെട്ടികുറച്ചു. ധനകാര്യമന്ത്രി നോക്കുകുത്തിയായി മാറിയിരിക്കുകയാണ്. ധനമന്ത്രിക്ക് ഉണ്ടായ ദുര്യോഗത്തിൽ പ്രതിപക്ഷം ദു:ഖം രേഖപ്പെടുത്തുന്നുവെന്നും മുനീർ പറഞ്ഞു.
അടുത്ത തിരഞ്ഞെടുപ്പിൽ ശിവശങ്കർ ഭരിച്ച മന്ത്രിസഭയിലെ അംഗങ്ങളായി മത്സരിച്ച് നിങ്ങൾ തിരിച്ച്വരൂ. സൈബർ ഗുണ്ടകളെ കൊണ്ട് നിങ്ങൾ പ്രതിപക്ഷത്തെ ആക്ഷേപിച്ചോള്ളൂ. പക്ഷെ സമൂഹത്തിന് മുന്നിൽ പ്രതിപക്ഷത്തിന് വിലയുണ്ടെന്നും മുനീർ വ്യക്തമാക്കി.