വിസ്‌കോൻസിൻ: അമേരിക്കയിൽ വീണ്ടും പൊലീസിന്റെ വംശീയ നായാട്ട്. വിസ്‌കോൻസിനിലെ കെനോഷ സിറ്റിയിൽ നിരായുധനായ കറുത്ത വംശജനെ, മക്കളുടെ മുന്നിൽ വച്ച് അമേരിക്കൻ പൊലീസ് ഏഴുതവണ വെടിവച്ചെന്ന് റിപ്പോർട്ട്.
2020 മെയ് 25 ന് കറുത്ത വർഗക്കാരനായ ജോർജ്ജ് ഫ്ലോയിഡിനെ കൊലപ്പെടുത്തിയ അമേരിക്കൻ പൊലീസിന്റെ വർണവെറിക്കെതിരായ പ്രതിഷേധം കെട്ടടങ്ങും മുമ്പാണിത്. ഫ്ളോയിഡിന്റെ മരണത്തെ തുടർന്ന് അമേരിക്കയിലും യൂറോപ്പിലും പടർന്ന് പിടിച്ച 'ബ്ലാക്ക് ലൈവ്‌സ് മാറ്റർ' പ്രക്ഷോഭം ശക്തിപ്രാപിച്ചതിന് ശേഷവും യു.എസ് പൊലീസിന്റെ കറുത്ത വർഗക്കാർക്കെതിരായ അതിക്രമങ്ങൾ അവസാനിച്ചിട്ടില്ലെന്നതിന് തെളിവാണിതെന്ന് കാട്ടി വിസ്‌കോൻസിനിൽ പ്രക്ഷോഭം ശക്തമായി. തുടർന്ന് പ്രദേശത്ത് കർഫ്യൂ പ്രഖ്യാപിച്ചു.
ഞായറാഴ്ച പ്രദേശിക സമയം വൈകിട്ട് അഞ്ചോടെയാണ് സംഭവം. ജേക്കബ് ബ്ലേക്ക് (29) എന്നയാളുടെ നേർക്കാണ് പൊലീസ് പലതവണ നിറയൊഴിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി വിസ്‌കോൻസിൻ ഗവർണർ ടോണി എവേർസ് വ്യക്തമാക്കി.
നിരയുധനായ ജേക്കബ് കാറിന്റെ ഡോർ തുറക്കുന്നതിനിടെ, രണ്ട് പൊലീസുകാർ തുരുതുരാ നിറയൊഴിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ നിമിഷനേരം കൊണ്ട് വൈറലായി. ഇതേ തുടർന്ന് ജനങ്ങൾ തെരുവിലിറങ്ങി. പൊലീസിന് നേരെ കല്ലും ഇഷ്ടികകളും എറിഞ്ഞു. എന്നാൽ സംഭവത്തെക്കുറിച്ച് കെനോഷ പൊലീസ് ഇതുവരെ
പ്രതികരിച്ചിട്ടില്ല.
പ്രദേശത്തെ രണ്ട് സ്ത്രീകൾ തമ്മിലുണ്ടായ തർക്കത്തിൽ ജേക്കബ് ഇടപെട്ടിരുന്നുവെന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്. തർക്കത്തിനിടെ ആരോ പൊലീസിനെ വിളിച്ച് വരുത്തി. സ്ഥലത്തെത്തിയ പൊലീസ് ഉദ്യോഗസ്ഥർ ജേക്കബിനോട് കീഴടങ്ങാൻ ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ആവശ്യം നിരസിച്ച ജേക്കബ് റോഡരികിൽ നിറുത്തിയിട്ടിരുന്ന തന്റെ എസ്.യു.വിയിലേക്ക് പോവുകയും വണ്ടിയുടെ വാതിൽ തുറന്ന് അകത്തേക്ക് കടക്കാൻ ശ്രമിക്കുകയുമായിരുന്നു. ഈ സമയം ജേക്കബിന്റെ പിന്നാലെ വന്ന പൊലീസുകാരൻ ഏഴ് തവണ അദ്ദേഹത്തിന് നേരെ വെടിവച്ചതായി ദൃക്‌സാക്ഷികൾ പ്രാദേശിക മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തി. നിരായുധനായിരുന്ന ജേക്കബിനെ പൊലീസ് വെടിവയ്ക്കുമ്പോൾ അദ്ദേഹത്തിന്റെ മക്കൾ കാറിനുള്ളിലുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.
വെടിവയ്പിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് പൊലീസ് ഔദ്യോഗികമായി വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ഗുരുതരാവസ്ഥയിലായ ജേക്കബിനെ മിൽവാക്കി ആശുപത്രിയിലേക്ക് മാറ്റിയതായി കെനോഷ പൊലീസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വ്യാപക പ്രതിഷേധം
ജേക്കബിനെ വെടിവയ്ക്കുന്ന വീഡിയോ വൈറലായതിനെ തുടർന്ന് പ്രതിഷേധക്കാർ പൊലീസിനെതിരെ അക്രമം അഴിച്ചുവിട്ടു. പ്രതിഷേധക്കാരെ തടയാനായി റോഡിനു കുറുകെയിട്ടിരുന്ന ഒരു ട്രക്ക് പ്രതിഷേധക്കാർ കത്തിച്ചു. 'നീതിയില്ല, സമാധാനമില്ല' എന്ന മുദ്രാവാക്യം മുഴക്കി. കെനോഷയിലെ കോടതിമുറിക്ക് പുറത്ത് നിറുത്തിയിട്ടിരുന്ന മറ്റൊരു ട്രക്കിനും പ്രതിഷേധക്കാർ തീയിട്ടു.
കുട്ടികൾ സാക്ഷി
സിവിൽ റൈറ്റ്‌സ് അറ്റോർണി ബെഞ്ചമിൻ ക്രമ്പ് സംഭവത്തിന്റെ വീഡിയോ ട്വിറ്ററിൽ പങ്കിട്ടു. ജേക്കബിന്റെ മൂന്ന് കുട്ടികൾക്ക് മുന്നിലാണ് വെടിവയ്പുണ്ടായതെന്ന് അദ്ദേഹം കുറിച്ചു. ''ഒരു പൊലീസുകാരൻ പിതാവിനെ വെടിവച്ചുകൊല്ലുന്നത് അവർ കണ്ടു.'' ക്രമ്പ് ട്വീറ്റ് ചെയ്തു.
'നമ്മുടെ രാജ്യത്തെ കറുത്ത ജീവിതങ്ങളോട് നീതി, സമത്വം, ഉത്തരവാദിത്വം എന്നിവ ആവശ്യപ്പെടുന്ന എല്ലാവർക്കുമൊപ്പം ഞങ്ങൾ നിലകൊള്ളുന്നു.'
-ടോണി എവേഴ്സ്,
വിസ്‌കോൻസിൻ ഗവർണർ