bolso

ആക്രോശം മാദ്ധ്യമപ്രവർത്തകന് നേരെ

ബ്രസീലിയ: ഭാര്യയെ കുറ്റം പറഞ്ഞാൽ സ്നേഹമുള്ള ഒരു ഭർത്താവിനും സഹിക്കില്ല. അതിപ്പോൾ, ബ്രസീൽ പ്രസിഡന്റ് ബൊൾസൊനാരോ ആയാലും. അഴിമതി ആരോപണങ്ങൾ ഉയർന്ന പദ്ധതിയുമായി ഭാര്യയുടെ ബന്ധത്തെപ്പറ്റി ചോദിച്ച മാദ്ധ്യമപ്രവർത്തകന്റെ മുഖം ഇടിച്ചുതകർക്കുമെന്നായിരുന്നു ബൊൾസൊനാരോയുടെ ഭീഷണി. ബ്രസീലിയയിലെ മെട്രോപൊളീറ്റൻ കത്തീഡ്രലിൽ ബൊൾസൊനാരോ സന്ദർശിക്കവെയാണ് സംഭവം.

ബ്രസീലിലെ പ്രമുഖ മാസികയായ ക്രൂസോയിൽ വന്ന റിപ്പോർട്ടിൽ പരാമർശിച്ച അഴിമതിയാരോപണങ്ങളെക്കുറിച്ചായിരുന്നു 'ഒ ഗ്ലോബോ"യുടെ റിപ്പോർട്ടറുടെ ചോദ്യം.

ചോദ്യം കേട്ടയുടനെ ക്ഷുഭിതനായ ബൊൾസൊനാരോ നിങ്ങളുടെ വായ് ഇടിച്ചുതകർക്കാനാണ് തോന്നുന്നതെന്ന് പറഞ്ഞു. സംഭവത്തിൽ മറ്റ് മാദ്ധ്യമപ്രവർത്തകരും പ്രതിഷേധിച്ചെങ്കിലും അവർക്കാർക്കും മറുപടി നൽകാൻ പോലും നിൽക്കാതെ ബൊൾസൊനാരോ സ്ഥലം വിട്ടു.

ഭാര്യ മിഷേൽ സംഭവത്തിൽ പ്രതികരിച്ചില്ല.

'തന്റെ ഔദ്യോഗിക ചുമതല കൃത്യതയോടെ നിർവഹിക്കുകയായിരുന്ന ഒരു മാദ്ധ്യമപ്രവർത്തകനോട് ആക്രമണ മനോഭാവമാണ് ബൊൾസൊനാരോ പ്രകടിപ്പിച്ചത്. ജനങ്ങളോട് ഉത്തരവാദിത്വമുള്ളവരായിരിക്കണം പൊതുജനസേവകർ. എന്നാൽ,ബൊൾസൊനാരോ ഒരു പൊതുജനസേവകന്റെ കടമ നിർവഹിക്കുന്നില്ല." - ഒ ഗ്ലോബോ പ്രസ്താവനയിൽ കുറിച്ചു.