bayern-munich-uefa-champi
bayern munich uefa champions league

ലിസ്ബൺ : യൂറോപ്യൻ ക്ളബ് ഫുട്ബാളിലെ രാജാക്കന്മാരുടെ കിരീടം ഒരിക്കൽക്കൂടി ബയേൺ മ്യൂണിക്കിന്റെ ശിരസിലേക്ക്. കഴിഞ്ഞ രാത്രി നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കിംഗ്സ്‌ലി കോമന്റെ ഹെഡറിലൂടെ പിറന്ന ഗോളിനാണ് ബ്രസീലിയൻ സൂപ്പർസ്റ്റാർ നെയ്മറെയും കൂട്ടുകാരെയും കണ്ണീരിലാഴ്ത്തി ബയേണിന്റെ പുലിക്കുട്ടികൾ ഈ സീസണിലെ തങ്ങളുടെ മൂന്നാം കിരീടത്തിൽ മുത്തമിട്ടത്. ഇത് ആറാം തവണയാണ് ബയേൺ ചാമ്പ്യൻസ് ലീഗ് ചാമ്പ്യന്മാരാകുന്നത്, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷവും.

വൻകരയുടെ വമ്പന്മാരുടെ പരിവേഷവുമായി ക്ളബിന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാമെന്ന് സ്വപ്നം കണ്ടത്തിയ നെയ്മറിന്റെയും സംഘത്തിന്റേയും നെഞ്ചത്തേക്ക് ഒരു ബയണറ്റ് പോലെ ബയേണിന്റെ ഏകഗോൾ തങ്ങളുടെ മുൻ താരം കൂടിയായ കോമന്റെ തലയിൽ നിന്ന് പറന്നിറങ്ങിയത് 59-ാം മിനിട്ടിലാണ്. ബോക്സിന് വെളിയിൽ നിന്ന് ഇടതുവിംഗിലൂടെ പന്തുമായി ഒാടിക്കയറിയ ജോഷ്വ കിമ്മിഷ് നൂലുപിടിച്ചപോലെ ഉയർത്തിവിട്ട ക്രോസിന് വലതുവിംഗിൽ മാർക്ക് ചെയ്യപ്പെടാതെ മുന്നോട്ടോടിക്കയറിയ കൊമാൻ തലവയ്ക്കുകയായിരുന്നു. മത്സരത്തിന്റെ വിധികുറിച്ചത് കൊമാന്റെ ഗോളായിരുന്നെങ്കിലും ബയേണിന്റെ കിരീടധാരണം ഉറപ്പായത് ഗോളിയും നായകനുമായ മാനുവൽ ന്യൂയറുടെ അസാമാന്യമായ സേവുകളിലൂടെയായിരുന്നു.

ആദ്യ പകുതിയിൽ ഗോളുകളൊന്നും പിറന്നില്ലെങ്കിലും കലാശക്കളിയുടെ ആവേശത്തിന് കുറവാെന്നുമില്ലായിരുന്നു. റോബർട്ട് ലെവൻഡോവ്സ്കിയെ മുന്നിൽ നിറുത്തി ബയേൺ കളിച്ചപ്പോൾ നെയ്മർക്കും എംബാപ്പെയ്ക്കും തുടരെ പന്തുകളെത്തിച്ച് ഏൻജൽ ഡി മരിയ പാരീസിന്റെ പ്രത്യാക്രമണത്തിന് എരിവ് പകർന്നു. നെയ്മറുടെയും എംബാപ്പെയുടെയും ശ്രമങ്ങൾ ന്യൂയറുടെ റിഫക്സുകൾക്കുമുന്നിൽ പൊലിഞ്ഞുവീണപ്പോൾ ആദ്യപകുതി ഗോളുകളൊന്നുമില്ലാതെ അവസാനിച്ചു. രണ്ടാം പകുതി വേഗമാർജിച്ചുവന്നപ്പോഴേക്കും വീണ ഗോൾ പാരീസിനെ തളർത്തിക്കളഞ്ഞു. നിശ്ചിത സമയത്ത് സമനിലയെങ്കിലും നേടാമെന്ന് കരുതിയ പാരീസിന്റെ മൂന്ന് കിടിലൻ ഷോട്ടുകൾ ന്യൂയർ അനിതരസാധാരണ മികവുകൊണ്ട് നിഷ്ഫലമാക്കുകയും ചെയ്തു.

6

ഇത് ആറാം തവണയാണ് ബയേൺ യൂറോപ്പ്യൻ ഫസ്റ്റ് ഡിവിഷൻ ലീഗ് കിരീടം നേടുന്നത്. 1973-74 സീസണിലായിരുന്നു ആദ്യം. തുടർന്നുള്ള രണ്ട് സീസണുകളിലും(1974-75,1975-76) കിരീടം നിലനിറുത്തിയ ബയേൺ ഹാട്രിക്ക് നേടുന്ന ആദ്യ ചാമ്പ്യന്മാരുമായി.2000-01,2012-13 സീസണുകളിലായിരുന്നു ഇതിനുമുമ്പുള്ള മറ്റ് കിരീടങ്ങൾ.

ഏറ്റവും കൂടുതൽ തവണ ചാമ്പ്യൻസ് ലീഗ് നേടുന്ന മൂന്നാമത്തെ ക്ളബാണ് ബയേൺ.റയൽ മാഡ്രിഡാണ് (13) ഒന്നാം സ്ഥാനത്ത്. ഇന്റർ മിലാൻ (7) രണ്ടാമത്.

3

ഈ സീസണിൽ ബയേൺ സ്വന്തമാക്കുന്ന മൂന്നാമത്തെ കിരീടമാണിത്. ജർമ്മൻ ബുണ്ടസ് ലിഗ,ജർമ്മൻ കപ്പ് കിരീടങ്ങൾ ലോക്ക്ഡൗണിന്റെ ഇടവേളയ്ക്ക് ശേഷമാണ് ബയേൺ നേടിയിരുന്നത്. 2012-13 ന് ശേഷം ഒരുസീസണിൽ മൂന്ന് കിരീടങ്ങൾ ക്ളബിലെത്തുന്നതും ഇതാദ്യം.

ഏറ്റവും കൂടുതൽ ബുണ്ടസ് ലീഗ കിരീടങ്ങളും (30), ജർമ്മൻ കപ്പുകളും (20),ചാമ്പ്യൻസ് ലീഗ് കിരീടങ്ങളും നേടുന്ന ജർമ്മൻ ക്ളബ് എന്ന റെക്കാഡും ബയേണിനാണ്.

11

പ്രഥമിക റൗണ്ടുമുതലുള്ള എല്ലാ മത്സരങ്ങളും വിജയിച്ച് ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ആദ്യ ക്ളബ് എന്ന റെക്കാഡും ഇനി ബയേണിന് സ്വന്തം.

43

ഗോളുകളാണ് ഈ സീസണിലാകെ ബയേൺ നേടിയത്. ഒരു സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ ബാഴ്സലോണയുടെ റെക്കാഡിന് രണ്ടു ഗോളുകൾ മാത്രം പിന്നിൽ .

500

ഗോളുകൾ ചാമ്പ്യൻസ് ലീഗ് ചരിത്രത്തിൽ ബയേൺ തികച്ചു.