putt-fish

നിനച്ചിരിക്കാതെ വന്ന കൊവിഡ് മൂലം ബുദ്ധിമുട്ടിലായവർ പലരുമുണ്ട്. അത്തരത്തിൽ പെട്ടുപോയ ആളാണ് തലസ്ഥാന ജില്ലയിലെ പ്രമുഖ ഫുഡ് ബ്‌ളോഗറായ വിഷ്ണു. ഗുജറാത്തിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന വിഷ്ണു ഇടയ്‌ക്ക് അവധിക്ക് നാട്ടിലെത്തിയാൽ പിന്നെ ഹോട്ടലുകളാണ് ലോകം. ഹോട്ടലുകളിലെ തനിക്ക് ഇഷ്‌ടമായ രുചികരമായ വിവിധ വിഭവങ്ങളെ കുറിച്ച് 'ശാപ്പാട്ടുരാമൻ' എന്ന പേജിൽ പോസ്‌റ്റ് ചെയ്യും.

ഇത്തവണ കൊവിഡ് മൂലമുള‌ള നിയന്ത്രണങ്ങളിൽ പെട്ടുപോയി വിഷ്‌ണു. നാട്ടിലെത്തിയ ശേഷം സർക്കാർ പറഞ്ഞതുപോലെ ക്വാറന്റൈൻ പൂർത്തിയാക്കി 'ശാപ്പാട്ടുരാമൻ' പുതിയ രുചികൾ തേടി ഇറങ്ങിയത് നെടുമങ്ങാട്-വട്ടപ്പാറ റോഡിലെ വേങ്കോട് ഉള‌ള ശിവാനി ഹോട്ടലിലേക്കാണ്. ലേശം പുട്ടും സ്വൽപ്പം മീൻ കറിയും കഴിക്കാൻ. ഈ വിഭവത്തിന്റെ വിശേഷങ്ങൾ വിഷ്‌ണു ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

'ശാപ്പാട്ടുരാമന്റെ' ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം.

ലേശം പുട്ടും സ്വൽപ്പം മീൻ കറിയും ....

ലോകർക്ക് മുന്നിൽ നിനച്ചിരിക്കാതെ വന്ന എതിരാളിയാണ് കോവിഡ് മഹാമാരി. അതിനു മുന്നിൽ അന്ധാളിച്ചു നിന്ന മാനവരാശിക്കിടയിൽ കുറെയേറെ അന്നം വിളമ്പുന്നവരും. അതുനിടയിൽ അന്യനാട്ടിൽ നാട്ടിലെ രുചികളുടെ ഓർമ്മയിൽ മാത്രമായി അയവിറക്കുന്ന എന്നെപ്പോലെ ചിലരും.

ആരൊക്കെ വന്നാലും പോയാലും അനുഭവത്തിന്റെ വെള്ളിവെളിച്ചത്തിൽ കുഞ്ഞു - കുഞ്ഞു നാട്ടുമ്പുറത്തെ കടകളിലാണ് രുചിയുടെ തമ്പുരാക്കന്മാർ വിരാജിക്കുന്നത്. അങ്ങനെ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട രുചിയിടങ്ങളിൽ ഒന്നാണ് #വേങ്കോട്_ശിവാനി ഹോട്ടൽ..

നെടുമങ്ങാട് നിന്നും വേങ്കോട് - വട്ടപ്പാറ പോകുന്ന വഴിക്ക് വേങ്കോട് എൽ.പി.സ്കൂളിന് അടുത്തായാണ് ഹോട്ടൽ ശിവാനി.കുറച്ചും കൂടി തെളിച്ചു പറഞ്ഞാൽ വേങ്കോട് പബ്ലിക്ക് മാർക്കറ്റിന് അടുത്തായി ചെറിയൊരു കെട്ടിടമുണ്ട്, അതാണ് ഹോട്ടൽ ശിവാനി...

ചിക്കനും ബീഫും തുടങ്ങി ഒട്ടേറെ രുചിയൻ വിഭവങ്ങൾ ഇവിടുണ്ടെങ്കിലും ഗിരിജ മാമിയുടെ കൈപ്പുണ്യത്തിലെ കുടംപുളിയിട്ട മീൻ കറി. അതാണ് ഇവിടുത്തെ ചിമിട്ടൻ ഐറ്റം. 💕💕

തലേ ദിവസം വിളിച്ചു പറഞ്ഞത് കൊണ്ട് മാറ്റി വച്ച ഒരു ദിവസം പഴക്കമുള്ള മീൻ കറി ആവി യന്ത്രത്തിൽ നിന്നും ചാടിയിറങ്ങി പുകമറ മാറാത്ത ഗോതമ്പ് പുട്ട് പിന്നെ ഭംഗിക്ക് ഒരു നാല് പപ്പടം... ആഹാ.. എല്ലാം കൂടി ചുരുട്ടികെട്ടി വീട്ടിലെത്തി.

വിശപ്പിന്റെ അഗ്നിസ്ഫുലിംഗങ്ങൾ കൊതിയായി മാറി പാർസൽ വസ്ത്രാക്ഷേപം ചെയ്ത ശേഷം രണ്ടു കണ്ണി പുട്ടെടുത്തു പ്ലേറ്റിലാക്കിയ ശേഷം മീൻ കറി ധാര ധാരയായി കോരിയൊഴിച്ചു നനവ് പടർത്തുക,പിന്നീട് ഒന്ന് തൊട്ടാൽ പൂഞ്ഞിങ്ങ് പോരുന്ന മീനിന്റെ ഒരു കഷ്ണവും ഒരു 'കറുമുറാ' പ്രതീതിക്ക് പപ്പടം പൊട്ടിച്ചും കഴിക്കുക..

ദംഷ്ട്രകൾക്കിടയിൽ ഞെരിഞ്ഞമർന്ന പുട്ടിലെ തേങ്ങാ തിരികിയതും മീൻ ചാറും പപ്പടവും ചേർന്നൊരു രുചിയുടെ ചെമ്പട കൊട്ടിക്കയറ്റമുണ്ട്.. വെറും കിടുക്കാച്ചി..

ബീഫ്,മീൻകറി,പായസം എന്നിത്യാദികൾ ഒരുദിവസം വച്ചിരുന്നിട്ട് കഴിച്ചാൽ രുചി ശതഗുണീഭവിക്കുമെന്നു കാരണവന്മാർ പറഞ്ഞത് നന്ദിയോടെ സ്മരിക്കുന്നു..🙏🏻🙏🏻

പുട്ട് വലിയ തരക്കേടില്ല.. തേങ്ങാ തിരുകിയത് വീട്ടിലൊക്കെ ഉണ്ടാക്കുമ്പോലെ സുലഭമായി ലഭ്യമാണ്..
പക്ഷേ മീൻ കറി അസാധ്യ രുചി പ്രത്യേകിച്ചും ആ അരപ്പും അതിലെ മദനോന്മത്തനാക്കുന്ന ഗന്ധവും..
ഒരിക്കലെങ്കിലും ശിവാനിയിലെ തലേന്നത്തെ മീൻ കറിയും പുട്ടും കഴിച്ചിരിക്കണം എന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.

ചിക്കനും മട്ടനും മറ്റുമൊക്കെ പ്രിയമെങ്കിലും നല്ല കിണ്ണം കാച്ചിയ വറുത്തരച്ച് കുടംപുളിയിട്ട മീൻ കറിയുടെ മുഷിടും ആവി പറക്കുന്ന ഗോതമ്പ് പുട്ടും മരടിലെ ഫ്‌ളാറ്റിനെക്കാൾ നന്നായി പൊടിയുന്ന പപ്പടവും ഇജ്ജാതി കോമ്പിനേഷൻ... വിജ്രംഭിച്ച കിടുക്കാച്ചി !! പ്രാതൽ ഗംഭീരം...

വിലവിവരം..

പുട്ട് :- ₹.10/-
മീൻ കറി :- ₹.50/-
പപ്പടം :- ₹.2/-

(തലേദിവസത്തെ മീൻകറി വേണമെന്ന് പ്രത്യേകിച്ചു വിളിച്ചു പറഞ്ഞത് കൊണ്ട് തന്നതാണ്... മാമനോടൊന്നും തോന്നരുത്...)

1990 ലാണ് ശിവാനിയിലെ കൈപ്പുണ്യത്തിന്റെ നിറകുടമായ ഗിരിജ മാമി പാചകത്തിലേക്ക് ചുവടു മാറുന്നത്. അതിനു മുൻപ് ജീവിക്കാനായി തേങ്ങാ കച്ചവടവും, തുണി കച്ചവടവും പലതും ചെയ്‌തെങ്കിലും ജീവിത പകിടകൾ എറിയുന്ന ആ വലിയ ചൂതാട്ടക്കാരൻ മാമിയെ കൊണ്ടെത്തിച്ചത് കുശിനിപ്പുരയിലായിരുന്നു.അതിന് പിന്നിലും ഒരു കഥയുണ്ട്..

പണ്ട് ജോലിക്ക് നിന്നിരുന്ന തുണിക്കടയിൽ ഉച്ചയൂണിന് മരിച്ചീനിയും മീൻ കറിയും പതിവാക്കിയിരുന്ന ഗിരിജ മാമിയുടെ കയ്യിൽ നിന്നും സഹപ്രവർത്തകർ ഒരു നിമിത്തം പോലെ ആഹാരം കഴിക്കാൻ ഇടയായതോടെ അവർക്ക് കൂടി ഉച്ച വിഭവങ്ങൾ കൊണ്ട് വരേണ്ട ചുമതല ഗിരിജ മാമിക്കായി..
അങ്ങനെയാണ് തന്റെ പാത ഉണ്ണാനും ഊട്ടാനുമുള്ളതാണെന്നു ഗിരിജ മാമി തിരിച്ചറിഞ്ഞത്...

മുൻപ് പേരൂർക്കടയിലെ ഒരു ഹോട്ടലിലും വട്ടപ്പാറ എസ്.യു.റ്റി ആശുപത്രിയിലെ ക്യാന്റീനിലെയും പ്രധാന പാചകക്കാരിയായി വർഷങ്ങൾ നിന്നെങ്കിലും സ്വന്തമായൊരു സംരംഭം എന്നൊരു പൂതി മനസ്സിൽ ഇടം പിടിച്ചതോടെ കൊച്ചു മകൾ ശിവാനിയുടെ പേരിലൊരു ഹോട്ടലിന്റെ ജനനവുമായി.

എന്തിനും ഏതിനും ഗിരിജ മാമിക്ക് തണലായി മകൾ രാജി ചേച്ചിയും, മരുമകൾ പാർവതിയും കൂട്ടിനുണ്ട്.
അമ്മയുടെ കൈപ്പുണ്യം അതിന്റെ ഇരട്ടിക്ക് കിട്ടിയ മകളാണ്....

മുൻ നിരക്കാർ പോലും 'അയ്യോ പൊത്തോ' എന്ന് വിളിച്ചു കൊണ്ട് പായ മടക്കിയ ലോക്ക്ഡൗണ് കാലത്ത് പോലും കച്ചവടമില്ലെന്ന കാരണത്താൽ ഇവർ അടച്ചിടേണ്ടി വന്നിട്ടില്ലെങ്കിൽ അത് അവരുടെ വിശ്വാസ്യതയും ഗുണവും കൈപ്പുണ്യവും ആധാരമാക്കി തന്നെയാണ്..
സമയം കിട്ടുമ്പോൾ സർക്കാർ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ശിവാനിയിൽ ഒന്ന് പോയി നോക്കുക..
കേമം.. കെങ്കേമം... അത് എന്റെയുറപ്പ്...

നബി :- 08606598676 എന്ന നമ്പറിൽ നേരത്തെ വിളിച്ചു പറഞ്ഞാൽ നല്ല സ്വയമ്പൻ മീൻ കറി മാറ്റിവച്ചിരിക്കും.

ലൊക്കേഷൻ..

Hotel Shivani
Bus Stop, Vattappara Valikode Rd, Venkode, Kerala 695028