sushant-singh-rajput

മുംബയ് : നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിൽ തെളിവു ശേഖരണത്തിനായി ഡമ്മി പരീക്ഷണം നടത്തി. സുശാന്തിന്റെ മുംബയ് ബാദ്രയിലെ ഫ്ലാറ്റിൽ നടന്ന സംഭവങ്ങൾ അന്വേഷണ സംഘം പുനഃരാവിഷ്കരിക്കുകയും ചെയ്തു. സുശാന്ത് സ്വയം ഫാനിൽ തൂങ്ങി മരിച്ചത് തന്നെയാണോ അതോ അബോധാവസ്ഥയിലായതിന് ശേഷമോ അല്ലെങ്കിൽ മരിച്ചതിന് ശേഷമോ മറ്റാരാരെങ്കിലും സുശാന്തിനെ ഫാനിൽ കെട്ടിത്തൂക്കിയതാണോ എന്നത് സംബന്ധിച്ചും സംഘം പരീക്ഷണം നടത്തി. സുശാന്തിന്റെ ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും അന്വേഷണ സംഘത്തിന്റെ നിരീക്ഷണങ്ങളുടെ സാദ്ധ്യത സ്ഥിരീകരിക്കുമെന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നു.

 അന്വേഷണ സംഘത്തിന്റെ വെളിപ്പെടുത്തലുകൾ

1. മുറിയിലെ കട്ടിലിൽ നിന്നും ഒരാൾക്ക് ഫാനിൽ തൂങ്ങി ആത്മഹത്യ ചെയ്യാൻ സാധിക്കുമെന്ന് ഡമ്മി പരീക്ഷണത്തിൽ നിന്നും വ്യക്തമായതായി സി.ബി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

2. സുശാന്ത് ആത്മഹത്യ ചെയ്തതാണെന്നോ അതോ, അബോധാവസ്ഥയിലോ മരണം സംഭവിച്ച ശേഷമോ മറ്റാരെങ്കിലും ഫാനിൽ കെട്ടിത്തൂക്കിയതാണോ എന്നോ ആന്തരികാവയവങ്ങളുടെ പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടും ഡോ. സുധീർ ഗുപ്തയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം പരിശോധിച്ച ശേഷം മാത്രമേ വ്യക്തമാകൂ.

3. മുംബയ് പൊലീസിന്റെ ഫോറൻസിക് റിപ്പോർട്ടിൽ സുശാന്തിന്റെ മരണസമയത്തെ പറ്റിയോ മറ്റാരെങ്കിലും കെട്ടിതൂക്കിയതാകാമോ എന്ന കാര്യത്തെ പറ്റിയും വ്യക്തതയില്ല. ഇക്കാര്യങ്ങളിലെ വ്യക്തത കുറവാണ് സി.ബി.ഐയിൽ ഈ സംശയങ്ങൾ ജനിപ്പിക്കാനുള്ള പ്രധാന കാരണം.

4. സുശാന്തിന്റെ കിടക്കയിലെ മെത്തയും ഫാനും തമ്മിലുള്ള അകലം 5 അടി 11 ഇഞ്ചാണ്. സുശാന്തിന്റെ ഉയരം 5 അടി 10 ഇഞ്ചാണെന്നാണ് ഗൂഗിളും മറ്റ് വെബ്സൈറ്റുകളിലും രേഖപ്പെടുത്തിയിരിക്കുന്നത്. അതേ സമയം, തന്റെ ഉയരം 6 അടിയാണെന്നാണ് സുശാന്ത് പറഞ്ഞിട്ടുള്ളത്.

5. കിടക്കയും മെത്തയും കൂടിയുള്ള ആകെ ഉയരം 1 അടി 9 ഇഞ്ചാണ്. ഇതിൽ മെത്തയ്ക്ക് മാത്രം 8 ഇഞ്ച് ഉയരമുണ്ട്.

6. മെത്തയിൽ നിന്നും മുറിയുടെ സീലിംഗ് വരെ 9 അടി 3 ഇഞ്ച്. മൊത്തം 8 അടി 1 ഇഞ്ച് ഉയരത്തിൽ ചരിഞ്ഞ നിലയിലാണ് സുശാന്തിന്റെ മൃതദേഹം കണ്ടെത്തിയത്.

7 സുശാന്തിന്റെ മുറിയിൽ നിന്നും ബാത്രോബ് വസ്ത്രത്തിന്റെ ബെൽറ്റ് പൊട്ടിയനിലയിൽ കണ്ടെത്തിയിരുന്നു.

8. സുശാന്തിന്റെ പോസ്റ്റ്മോർട്ടം നടന്ന ആശുപത്രിയിലെ ഡോക്ടർമാർ പറഞ്ഞത് പോസ്റ്റ്മോർട്ടത്തിന് 10 - 12 മണിക്കൂർ മുമ്പാണ് സുശാന്തിന്റെ മരണം സംഭവിച്ചതെന്നാണ്. രാത്രി 11.30നാണ് സുശാന്തിന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.

9. അന്വേഷണം സംഘം കണ്ടെത്തിയ കുർത്തയ്ക്ക് 200 കിലോഗ്രാം വരെ ഭാരം താങ്ങാനാകുമെന്നുള്ള ഫോറൻസിക് റിപ്പോർട്ട് മുംബയ് പൊലീസിന് ലഭിച്ചിരുന്നു. ഇതേ തുണിയിലെ നൂലുകൾ തന്നെ സുശാന്തിന്റെ കഴുത്തിൽ നിന്നും കണ്ടെത്തിയിരുന്നു.

സി.ബി.ഐ സംഘം റിയാ ചക്രവർത്തിയെ ഇന്ന് ചോദ്യം ചെയ്തേക്കും. സിദ്ധാർത്ഥ് പിഥാനി, സുശാന്തിന്റെ പാചകക്കാരനായിരുന്ന നീരജ് എന്നിവരെയും വീണ്ടും ചോദ്യം ചെയ്യും. ജൂൺ 14നാണ് മുംബയിലെ വസതിയിൽ സുശാന്തിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസ് ആദ്യം അന്വേഷിച്ച മുംബയ് പൊലീസ് സുശാന്തിന്റെ മരണം ആത്മഹത്യ തന്നെയാണെന്നാണ് വ്യക്തമാക്കിയത്. എന്നാൽ ജൂലായ് 25ന് സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് സുശാന്തിന്റെ കാമുകിയും നടിയുമായ റിയാ ചക്രവർത്തിയ്ക്കെതിരെ പാട്നയിലെ രാജീവ് നഗർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. റിയയും കുടുംബവും ചേർന്ന് സുശാന്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്നും 15 കോടി രൂപ തട്ടിയെടുത്തതായി പരാതിയിൽ പറയുന്നു. റിയയ്ക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റവും ചുമത്തിയിരുന്നു. തുടർന്ന് അന്വേഷണത്തിനായി ബീഹാർ പൊലീസ് മുംബയിലെത്തിയിരുന്നു. കേസ് ബീഹാർ പൊലീസിൽ നിന്നും മുംബയ് പൊലീസിന് കൈമാറണമെന്നാവശ്യപ്പെട്ട് റിയ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. എന്നാൽ ഓഗസ്റ്റ് 5ന് ബീഹാർ സർക്കാരിന്റെ അഭ്യർത്ഥന മാനിച്ച് കേസ് സി.ബി.ഐയ്ക്ക് വിടാനുള്ള അപേക്ഷ അംഗീകരിച്ചതായി കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. ഓഗസ്റ്റ് 19ന് കേസ് പൂർണമായും സി.ബി.ഐയ്ക്ക് കൈമാറിയതായി സുപ്രീംകോടതി ഉത്തരവിട്ടു. നിലവിൽ സി.ബി.ഐയുടെ പ്രത്യേക അന്വേഷണ സംഘമാണ് മുംബയിൽ സുശാന്തിന്റെ മരണത്തെ പറ്റി അന്വേഷിക്കുന്നത്.