chennithala

തിരുവനന്തപുരം: അവിശ്വാസ പ്രമേയം പരാജയപ്പെടുമെങ്കിലും കേരളത്തിലെ മൂന്നരക്കോടി ജനങ്ങൾ ഈ സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തിയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഇതൊരു കൊള്ള സംഘത്തിന്റെ ഭരണമാണ്. യഥാർത്ഥ മന്ത്രിമാ‌ർ ശിവശങ്കറും സ്വപ്‌നയും മറ്റ് ചില ഉദ്യോഗസ്ഥന്മാരും മാത്രമാണ്. ഇടതുമുന്നണി യോഗം പോലും സംസ്ഥാനത്ത് ചേരുന്നില്ല. ഇത് രാജഭരണമാണ്. പിണറായി വിജയന്റെ റേറ്രിംഗ് വരും ദിവസങ്ങളിൽ ജനം കുറയ്ക്കുമെന്നും ചെന്നിത്തല ആരോപിച്ചു.

രേഖകളുടെ പിന്തുണയോടെയാണ് താൻ ഓരോ അഴിമതി ആരോപണങ്ങളും ഉന്നയിച്ചത്. ഉന്നയിച്ച ഒരു ആരോപണങ്ങളും ഉണ്ടയില്ലാ വെടിയല്ല. കൊവിഡിന്റെ മറവിൽ നടക്കുന്നതെല്ലാം അഴിമതികളാണ്. ശിവശങ്കറിനെ കാനം ആട്ടിപുറത്താക്കിയിട്ടും സി.പി.ഐ പറഞ്ഞത് മുഖ്യമന്ത്രി കേട്ടിട്ടില്ല. മദ്യ മുതലാളിയ്ക്ക് വേണ്ടി കോടികളാണ് ഒഴുക്കുന്നത്. ബിവറേജസ് കോർപ്പറേഷൻ എന്ന പൊന്മുട്ടയിടുന്ന താറാവിനെ സർക്കാർ കൊന്നു. ഭരണത്തിൽ അധോലോകം പ്രവർത്തിക്കുന്നുണ്ട്. കൺൾട്ടൻസി രാജാണ് ഇവിടെ അരങ്ങേറുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അവിശ്വാസം വരും നാളുകളിലെ തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കും. കേരളത്തിലെ ദേശീയപാതകളിൽ വഴിയോര വിശ്രമ കേന്ദ്രങ്ങൾ നിർമ്മിക്കുന്നതിന്റെ ഭാഗമായി സർ‌ക്കാർ ഭൂമി സ്വകാര്യ കുത്തകകൾക്ക് പതിച്ച് കൊടുത്തിരിക്കുകയാണ്. ഇതിന്റെ പിന്നിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാണ്. സ്പീക്കർ ആവശ്യപ്പെട്ടാൽ ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും നിയമസഭയുടെ മേശപ്പുറത്ത് വയ്‌ക്കാം. പരസ്‌പര വിശ്വാസം നഷ്‌പ്പെട്ട മന്ത്രിമാരാണ് ഈ സഭയിലുള്ളത്.

ശിവശങ്കരൻ കുറ്രക്കാരനായത് ഞങ്ങളുടെ കുറ്റമല്ല. അവതാരങ്ങളുടെ ആറാട്ടാണ് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. അപ്പോയ്‌മെന്റില്ലാതെ എം.എൽ.എമാർക്ക് പോലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് പോവാനാകില്ല. ശിവശങ്കറിന് ആറാടാൻ അവസരം കൊടുത്തതിന്റെ ധാരാളം കഥകൾ സെക്രട്ടേറിയേറ്റിന്റെ ഇടനാഴിയിൽ കേൾക്കുന്നുണ്ട്. ക്ലിഫ് ഹൗസിൽ ഇടിവെട്ടിയെന്ന് പറഞ്ഞ് മുഖ്യമന്ത്രി അവിടെ നടന്ന കാര്യങ്ങൾ ഒളിപ്പിക്കാനാണ് ശ്രമിച്ചത്. മുഖ്യമന്ത്രിക്ക് കണ്ണും കാതും ഹൃദയവും മനസും ഉണ്ടാകണമായിരുന്നു. ശിവശങ്കരന് എല്ലാ സ്വാധീനവും മുഖ്യമന്ത്രിയുടെ ഓഫീസിൽ ഉണ്ടായിരുന്നു.

ഈ ഭരണത്തെപ്പറ്റി കോടിയേരിക്ക് ചുക്കും ചുണാമ്പും അറിയില്ല. മുഖ്യമന്ത്രിയുടെ വകുപ്പിലാണ് അഴിമതികളെല്ലാം നടക്കുന്നത്. വെട്ടിപ്പ് നടത്തിയ ഡി.ജി.പി മാന്യനായി നടക്കുകയാണ്. ഉമ്മൻചാണ്ടി പാവപ്പെട്ടവർക്ക് വീട് വച്ച് കൊടുത്തപ്പോൾ ഞങ്ങളാരും കൊട്ടിഘോഷിച്ച് നടന്നില്ല. മുഖ്യമന്ത്രിയും സംഘവും വിദേശത്ത് പോയപ്പോൾ എന്തിനാണ് ശിവശങ്കറും സ്വപ്‌നയും വിദേശത്തേക്ക് പോയതെന്ന് വ്യക്തമാക്കണം. പൊന്നുരുക്കുന്നിടത്ത് പൂച്ചയ്‌ക്ക് എന്താണ് കാര്യമെന്ന് പറയണം.

എ.സി മൊയ്‌തീന്റെ കൈകൾ പരിശുദ്ധമല്ലെന്ന് നാട്ടുകാർ പറയുന്നുണ്ട്. ലൈഫ് മിഷൻ ധാരണപത്രം ആവശ്യപ്പെട്ടിട്ട് മുഖ്യമന്ത്രി ഇതുവരെ തന്നില്ല. മാദ്ധ്യമ പ്രവർത്തകർ വഴിയാണ് തനിക്ക് ധാരണപത്രം കിട്ടിയത്. ലാ‌വ്‌ലീൻ എന്ന് പറയുമ്പോൾ മുഖ്യമന്ത്രി ചൂടാവേണ്ട ആവശ്യമില്ല. ശാന്തമായി എല്ലാം കേൾക്കണം. പതിനെട്ട് തവണ എന്തിനാണ് സുപ്രീംകോടതി കേസ് മാറ്റിയതെന്ന് അറിയില്ല. കൊവിഡ് പ്രതിരോധത്തെ പി.ആർ എക്‌സൈസാക്കി സർക്കാർ മാറ്റി. പി.ആർ വർക്ക് കണ്ട കേരളത്തിലെ ജനങ്ങൾ എല്ലാം ഭദ്രമാണെന്ന് കരുതി.

കിഫ്ബിയിലെ സി.ഇ.ഒയ്‌ക്ക് കേരളത്തിലെ ചീഫ് സെക്രട്ടറിയെക്കാൾ ശമ്പളമുണ്ട്. പിണറായി വിജയനും ഇടതുമുന്നണിയും ഉള്ളതു കൊണ്ടാണ് ഓരോ ദിവസവും രോഗികളുടെ എണ്ണം കൂടുന്നത്. ചെയ്യേണ്ടത് ഒന്നും സർക്കാർ ചെയ്‌തില്ല. ആറ് മാസമായി കാനം രാജേന്ദ്രൻ മിണ്ടിയിട്ടില്ല. കേരളത്തിെ ചരിത്രത്തിലെ ഏറ്റവും വലിയ അഴിമതി സർക്കാരാണിത്. ഇനിയും ഞങ്ങളുടെ കയ്യിൽ ഫയലുകളുണ്ട്. അഴിമതികളുടെ മുഴുവൻ പ്രഭവ കേന്ദ്രവും മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.